Site iconSite icon Janayugom Online

ആന്ധ്രയില്‍ നാല് ചാനലുകള്‍ക്ക് വിലക്ക്

ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു അധികാരമേറ്റതിന് പിന്നാലെ നാല് പ്രമുഖ ചാനലുകളുടെ സംപ്രേഷണം തടഞ്ഞ് ആന്ധ്രാപ്രദേശിലെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍. തെലുങ്ക് ചാനലുകളായ സാക്ഷി ടിവി, ടിവി 9, എന്‍ ടിവി, 10 ടിവി എന്നീ ചാനലുകളുടെ സംപ്രേഷണമാണ് വെള്ളിയാഴ്ച രാത്രി മുതല്‍ നിര്‍ത്തി വെച്ചത്. ആന്ധ്രയിലെ ഏകദേശം 60 ശതമാനത്തോളം പേരും കാഴ്ചക്കാരായുള്ള വാർത്ത ചാനലുകളാണ് ടിവി9, എൻടിവി, സാക്ഷി ടിവി എന്നിവ. കൂടാതെ, ആന്ധ്രാ മുൻ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ കുടുംബവുമായി ബന്ധമുള്ള ഇന്ദിര ടെലിവിഷൻ ലിമിറ്റഡ് ആരംഭിച്ച ചാനലാണ് സാക്ഷി ടിവി.

ചന്ദ്രബാബു നായിഡു അധികാരത്തിലേറിയ ശേഷം ഇത് രണ്ടാം തവണയാണ് ചാനലിന്റെ സംപ്രേഷണം നിർത്തിവെക്കപ്പെട്ടത്. കേന്ദ്രസർക്കാരിനെതിരായ ഉള്ളടക്കം സംപ്രേഷണം ചെയ്തുവെന്നതായിരുന്നു ആദ്യത്തെ തവണ നിർത്തിവെക്കാനുള്ള കാരണം.
പുതിയ സർക്കാർ അധികാരത്തിലേറിയ ഈ ചാനലുകള്‍ തടയാൻ ആന്ധ്രാപ്രദേശ് കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന് മേൽ സമ്മർദമുണ്ടായിരുന്നതായി വൈഎസ്ആര്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍, കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് യാതൊരു വിധ നിര്‍ദേശവും നല്‍കിയിട്ടില്ലെന്നാണ് ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. വിഷയത്തില്‍ വൈഎസ്ആർ നേതാവും രാജ്യസഭാംഗവുമായ എസ് നിരഞ്ജൻ റെഡ്ഡി ട്രായിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Eng­lish Summary:Four chan­nels banned in Andhra
You may also like this video

Exit mobile version