Site icon Janayugom Online

ജഡ്ജിമാരില്ല: തീര്‍പ്പാകാതെ നാലുകോടിയിലധികം കേസുകള്‍

ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്താത്തതിനാല്‍ രാജ്യത്തെ വിവിധ കോടതികളിലായി 4.2 കോടി കേസുകള്‍ തീര്‍പ്പു കല്‍പ്പിക്കാതെ കിടക്കുന്നു. പിആര്‍എസ് ലെജിസ്ലേറ്റീവ് ആണ് ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടത്.

2010 മുതല്‍ 2020 വരെയുള്ള വര്‍ഷങ്ങളില്‍ കോടതികളില്‍ പ്രതിവര്‍ഷം കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണത്തില്‍ 2.8 ശതമാനം വര്‍ധനവുണ്ടായി. ഈ വര്‍ഷം സെപ്റ്റംബര്‍ 15 വരെയുള്ള കണക്കു പ്രകാരം 4.5 കോടി കേസുകളാണ് രാജ്യത്തെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 87.6 ശതമാനം കീഴ്‌ക്കോടതികളിലും 12.3 ശതമാനം ഹൈക്കോടതികളിലുമാണ്.

പുതിയ കേസുകളൊന്നും ഫയല്‍ ചെയ്തില്ലെങ്കില്‍ നിലവില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ സുപ്രീം കോടതിക്ക് 1.3 വര്‍ഷവും കീഴ്‌ക്കോടതികള്‍ക്കും ഹൈക്കോടതികള്‍ക്കും മൂന്ന് വര്‍ഷവും വേണ്ടിവരുമെന്ന് പിആര്‍എസ് ലെജിസ്ലേറ്റീവ് പറയുന്നു.
2019–2020 വര്‍ഷത്തില്‍ ഹൈക്കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്ന കേസുകളില്‍ 20 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഹൈക്കോടതികളില്‍ 13 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഹൈക്കോടതികളിലും കീഴ്‌ക്കോടതികളിലുമാണ് കൂടുതല്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത്. കൂടുതല്‍ ജനങ്ങളെ ഉള്‍ക്കൊള്ളുന്ന കൊല്‍ക്കത്ത, പട്ന ഹൈക്കോടതികളേക്കാള്‍ കൂടുതല്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത് രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന ഹൈക്കോടതികളിലാണ്. 

2010–2020 വര്‍ഷങ്ങളില്‍ അലഹബാദ്, കൊല്‍ക്കത്ത, ഒഡിഷ, ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ ഹൈക്കോടതികളില്‍ മാത്രമാണ് കെട്ടിക്കിടക്കുന്ന കേസുകളില്‍ കുറവ് രേഖപ്പെടുത്തിയത്. ഇതേ കാലയളവില്‍ ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളിലെ കീഴ്‌കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 

ഹൈക്കോടതികളില്‍ 41 ശതമാനം കേസുകളും അഞ്ചോ അതില്‍ കൂടുതല്‍ വര്‍ഷങ്ങളോ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നു. കീഴ്‌ക്കോടതികളില്‍ ഓരോ നാലുകേസുകളിലും ഒന്നുവീതം അഞ്ച് വര്‍ഷത്തേക്ക് തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹൈക്കോടതി ജ‍ഡ്ജിമാരുടെ ആകെ 1,098 തസ്തികകളില്‍ 465ഉം (42 ശതമാനം) ഒഴിഞ്ഞു കിടക്കുകയാണ്. തെലങ്കാന, പട്ന, രാജസ്ഥാന്‍, ഒഡിഷ, ഡല്‍ഹി ഹൈക്കോടതികളില്‍ 50 ശതമാനം തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്. 

Eng­lish Sum­ma­ry : four crore cas­es pend­ing in court deu to non avial­a­bil­i­ty of judges

You may also like this video :

Exit mobile version