Site iconSite icon Janayugom Online

സന്നാഹത്തിന് ഇന്ത്യ: ലെസ്റ്റര്‍ഷെയറിനെതിരെ ചതുര്‍ദിന മത്സരം

ഇംഗ്ലണ്ടില്‍ ആദ്യ സന്നാഹമത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ലെസ്റ്റര്‍ഷെയറിനെതിരെ ചതുര്‍ദിന മത്സരത്തിനാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. അടുത്ത മാസം ഒന്നിന് ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിന് മുന്നോടിയായാണ് പരിശീലനമത്സരം. ഇന്ത്യന്‍ താരങ്ങള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്നലെ പരിശീലനം നടത്തി. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന ടെസ്റ്റാണ് ഇന്ത്യ ഈ വര്‍ഷം കളിക്കുന്നത്. ടീമിലെ കോവിഡ് ബാധയെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ടെസ്റ്റ് പരമ്പര പൂര്‍ത്തിയാക്കാതെ ഇന്ത്യ മടങ്ങുകയായിരുന്നു. പരമ്പരയില്‍ ഇന്ത്യ നിലവില്‍ 2–1ന് മുന്നിലാണ്. ഏജ്ബാസ്റ്റണില്‍ ജയമോ സമനിലയോ നേടിയാല്‍ ഇന്ത്യക്ക് പരമ്പര നേടാനാവും. അഞ്ചാം ടെസ്റ്റ് കളിക്കുമ്പോള്‍ പരമ്പരയിലെ മുന്‍ നായകരല്ല ടീമുകളെ നയിക്കുന്നതെന്നതും ശ്രദ്ധേയം. വിരാട് കോലിക്ക് പകരം രോഹിത് ശര്‍മയും ജോ റൂട്ടിന് പകരം ബെന്‍ സ്റ്റോക്ക്സും നായകസ്ഥാനങ്ങളിലെത്തി. ഇംഗ്ലണ്ട് അടുത്തകാലത്ത് തകര്‍പ്പന്‍ ഫോമിലാണ്. ന്യൂസിലന്‍ഡിനെതിരെ നടന്ന പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും ഇംഗ്ലണ്ട് ആധികാരിക ജയം നേടിയിരുന്നു. വിരാട് കോലിക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു. ഇടവേള ആഘോഷിക്കാന്‍ ഭാര്യ അനുഷ്‌കയ്ക്കും മകള്‍ വാമികയ്ക്കും ഒപ്പം മാലിദ്വീപിലേക്ക് പോയ കോലി ഇംഗ്ലണ്ടിലെത്തി ടീമിനൊപ്പം ചേര്‍ന്നിരുന്നു. എന്നാല്‍ അവധി ആഘോഷങ്ങള്‍ക്ക് ശേഷം കോലി കോവിഡ് പോസിറ്റീവായിരുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. പിന്നീട് അദ്ദേഹം നെഗറ്റീവാവുകയായിരുന്നു. നിലവില്‍ ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീമിനൊപ്പം കോലി പരിശീലനം നടത്തുന്നുണ്ട്. നേരത്തെ ആര്‍ അശ്വിന് കോവിഡ് പോസിറ്റീവായത് കാരണം ഇംഗ്ലണ്ടിലെത്താന്‍ സാധിച്ചിരുന്നില്ല.

eng­lish sum­ma­ry; Four day match against Leicestershire
You may also like this video;

Exit mobile version