ഭൂരഹിതരും ഭവനരഹിതരുമായ 174 കുടുംബങ്ങളുടെ പുനരധിവാസത്തിനായി ലൈഫ് മിഷൻ നിര്‍മ്മിച്ച നാല് ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ കണ്ണൂര്‍ ജില്ലയിലെ കടമ്പൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. കടമ്പൂരിലെ 44 ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രി താക്കോൽ കൈമാറും. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, അഹമ്മദ് ദേവര്‍കോവിൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.
പുനലൂര്‍ (കൊല്ലം) ഫ്ലാറ്റിൽ ഗുണഭോക്താക്കള്‍ക്ക് മന്ത്രിമാരായ കെ എൻ ബാലഗോപാല്‍, ജെ ചിഞ്ചുറാണി എന്നിവര്‍ ചേര്‍ന്ന് താക്കോല്‍ കൈമാറും. കോട്ടയം വിജയപുരത്ത് മന്ത്രി വി എൻ വാസവനും ഇടുക്കി കരിമണ്ണൂരിൽ മന്ത്രി റോഷി അഗസ്റ്റിനും താക്കോൽ കൈമാറ്റം നിര്‍വഹിക്കും. ലൈഫ് മിഷന്‍ മുഖേന സംസ്ഥാനത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആദ്യത്തെ നാല് ഫ്ലാറ്റുകളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള നൂറുദിന പരിപാടിയുടെ ഭാഗമാണ് ചടങ്ങുകള്‍.
കരിമണ്ണൂരില്‍ 42ഉം, കടമ്പൂര്‍, പുനലൂര്‍, വിജയപുരം ഭവന സമുച്ചയങ്ങളില്‍ 44 യൂണിറ്റുകള്‍ വീതവുമാണുള്ളത്. കെട്ടിടങ്ങള്‍ പ്രീഫാബ് സാങ്കേതിക വിദ്യയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സബ്സിഡിയോടെ കെട്ടിടത്തില്‍ സൗരോര്‍ജ പ്ലാന്റുകള്‍ അനെര്‍ട്ട് സ്ഥാപിച്ചു. ഇത് വഴി കെട്ടിടത്തിന്റെ പൊതുഇടനാഴികളിലും പൊതുവിടങ്ങളിലും സൗരോര്‍ജ വൈദ്യുതി ഉപയോഗിച്ച് വെളിച്ച സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പെന്നാര്‍ ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയാണ് കടമ്പൂരിലെ നിര്‍മ്മാണം നിര്‍വഹിച്ചത്. ബാക്കി മൂന്ന് ഭവനസമുച്ചയങ്ങളുടെയും നിര്‍മ്മാണം അഹമ്മദാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മിറ്റ്സുമി ഹൗസിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നിര്‍വഹിച്ചു.
English Summary;Four life housing complexes will be dedicated to the nation today
You may also like this video