ദ സ്ക്രോള്‍ തെരഞ്ഞെടുത്ത ഈ വര്‍ഷത്തെ മികച്ച 15 സിനിമകളില്‍ നാലെണ്ണം മലയാള സിനിമകള്‍. ഇതില്‍ മൂന്നിലും മുഖ്യവേഷം ചെയ്തത് കുഞ്ചാക്കോ ബോബനാണ്. കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയോട് അനുബന്ധിച്ച് ഇറങ്ങിയ മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ്, രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട്, കമല്‍ കെഎം സംവിധാനം ചെയ്ത പട, രതീന പിടിയുടെ മമ്മൂട്ടിയും പാര്‍വതിയും അഭിനയിച്ച പുഴു എന്നിവയാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ട മലയാള സിനിമകള്‍. അതേസമയം തമിഴ് സിനിമകളാണ് ലിസ്റ്റില്‍ ഏറ്റവുമധികം ഉള്‍പ്പെട്ടിട്ടുള്ളത്.
ഹിന്ദി ഇതര ഭാഷാ സിനിമകള്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റി പാൻ ഇന്ത്യൻ സിനിമ ആഘോഷിച്ച വര്‍ഷമായിരുന്നു 2022. നിരവധി വര്‍ഷങ്ങളായി ഭാഷകളും പ്രദേശങ്ങളും കടന്നു പോയിരുന്ന സബ്ടൈറ്റില്‍ സിനിമകളെ മൊഴിമാറ്റ സിനിമകള്‍ പിന്തള്ളി. സബ്ടൈറ്റില്‍ സിനിമകള്‍ സ്വന്തം ഭാഷയില്‍ തന്നെ അന്യഭാഷാ സിനിമകള്‍ ആസ്വദിക്കാൻ പ്രേക്ഷകരെ സഹായിക്കുന്നു. എന്നാല്‍ ഈ വര്‍ഷം വിവിധ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്കെത്തിയ മൊഴിമാറ്റ സിനിമകള്‍ വിവിധ ഭാഷകളിലിറങ്ങുന്ന സിനിമകളുടെ കരുത്ത് വെളിവാക്കുന്നവയായിരുന്നു. തങ്ങള്‍ തെരഞ്ഞെടുത്ത സിനിമകളില്‍ ചിലത് പതിവ് ശൈലികള്‍ വിട്ട് പുതിയ സമീപനം മുന്നോട്ട് വയ്ക്കുന്നവയാണെന്ന് സ്ക്രോളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹരിഹരൻ രാജുവും ഗൗതം രാമചന്ദ്രനും ചേര്‍ന്ന് തിരക്കഥയെഴുതി ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത് സായ് പല്ലവി ടൈറ്റില്‍ കഥാപാത്രമായ ഗാര്‍ഗിയാണ് അക്ഷരമാലാ ക്രമത്തില്‍ തയ്യാറാക്കിയ ലിസ്റ്റിലുള്ള ആദ്യ തമിഴ് സിനിമ. എം മണികണ്ഠന്റെ കടൈശി വിവശൈ ആണ് മറ്റൊരു തമിഴ് ചിത്രം. പ്രദീപ് രംഗനാഥന്റെ ലൗ ടുഡേ, പാ രഞ്ജിത്തിന്റെ നച്ചത്തിരം നഗര്‍ഗിരഥു, മണിരത്നത്തിന്റെ പൊന്നിയൻ സെല്‍വൻ 1, മിത്രൻ ആര്‍ ജവഹറിന്റെ തിരുച്ചിറമ്പലം, ലോകേഷ് കനകരാജിന്റെ വിക്രം എന്നിവയാണ് മറ്റ് തമിഴ് ചിത്രങ്ങള്‍.
വസന്‍ ബാല സംവിധാനം ചെയ്ത മൊണിക്ക, ഒ മൈ ഡാര്‍ളിംഗ്, സഞ്ജയ് ലീല ഭൻസാരിയുടെ ആലിയ ഭട്ട് ചിത്രം ഗംഗുഭായ് കത്തിയവാഡി, ആലിയ ഭട്ട് തന്നെ അഭിനയിച്ച ജസ്മീത് കെ റീന സംവിധാനം ചെയ്ത ഡാര്‍ളിംഗ്സ് എന്നിവയാണ് ലിസ്റ്റില്‍ ഇടം നേടിയ ഹിന്ദി ചിത്രങ്ങള്‍. പ്രസൂണ്‍ ചാറ്റര്‍ജി സംവിധാനം ചെയ്ത ബംഗാളി ചിത്രം ദോസ്തോജിയും ലിസ്റ്റില്‍ ഇടം നേടി.
അതേസമയം ബോളിവുഡിലെ പ്രമുഖരായ അമിതാഭ് ബച്ചൻ, സഞ്ജയ് ദത്ത്, പ്രഭാസ്, അക്ഷയ് കുമാര്‍, വിദ്യാബാലൻ, ദീപിക പദുകോണ്‍, അഭിഷേക് ബച്ചൻ, ജോണ്‍ അബ്രഹാം, ഷാഹിദ് കപൂര്‍, അനില്‍ കപൂര്‍, രണ്‍വീര്‍ സിംഗ്, കങ്കണ റണൗത്ത്, ആയുഷ്മാൻ ഖുറാന തുടങ്ങിയവരുടെ സിനിമകളൊന്നും ലിസ്റ്റില്‍ ഇടം നേടിയില്ല. അതുപോലെ കാശ്മീര്‍ ഫയല്‍സ് ഉള്‍പ്പെടെ ബോളിവുഡിലെ സാമ്പത്തിക വിജയം നേടിയ പ്രൊപ്പഗാൻഡ സിനിമകളും ലിസ്റ്റില്‍ ഇടം നേടിയില്ല എന്നതും ശ്രദ്ധേയമാണ്.
English Summery: Four Malayalam Movies Included in 15 Best Indian Movies Selected By Scrol.in
You May Also Like This Video