Site iconSite icon Janayugom Online

സര്‍ക്കാര്‍ തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട നാല് മാവോയിസ്റ്റുകള്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

maoistsmaoists

മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ തലയ്ക്ക് 36 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കെ അട്ടിമറി പ്രവർത്തനങ്ങൾ നടത്തുക എന്ന ലക്ഷ്യത്തോടെ അയൽ സംസ്ഥാനമായ തെലങ്കാനയിൽ നിന്ന് ചില നക്‌സലൈറ്റുകൾ പ്രൺഹിത നദി കടന്ന് ഗഡ്ചിരോളിയിലേക്ക് കടന്നതായി വിവരം ലഭിച്ചതായി പോലീസ് സൂപ്രണ്ട് നീലോത്പാൽ പറഞ്ഞു.

ഗഡ്‌ചിരോളി പോലീസിൻ്റെ പ്രത്യേക കോംബാറ്റ് യൂണിറ്റായ സി60 ൻ്റെ ഒന്നിലധികം ടീമുകളും സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിൻ്റെ ക്വിക്ക് ആക്ഷൻ ടീമും പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ റേപ്പൻപള്ളിക്കടുത്തുള്ള കൊളമർക മലനിരകളിൽ സി60 യൂണിറ്റ് സംഘങ്ങളിലൊന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് നക്‌സലൈറ്റുകളുമായി ഏറ്റുമുട്ടലുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രദേശത്തുനിന്ന് നാല് മൃതദേഹങ്ങൾ കണ്ടെടുത്തു. തിരച്ചിലില്‍ ഒരു എകെ 47 തോക്ക്, ഒരു കാർബൈൻ, രണ്ട് നാടൻ പിസ്റ്റളുകൾ, നക്സൽ സാഹിത്യങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവയും കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.വിവിധ നക്‌സൽ കമ്മിറ്റികളുടെ സെക്രട്ടറിമാരായ വർഗീഷ്, മഗ്തു, പ്ലാറ്റൂൺ അംഗങ്ങളായ കുർസാങ് രാജു, കുടിമെട്ട വെങ്കിടേഷ് എന്നിവരാണ് കൊല്ലപ്പെട്ടതെന്നും പോലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Four Maoists, were killed in an encounter with the police

You may also like this video

Exit mobile version