Site iconSite icon Janayugom Online

തിരുവനന്തപുരത്ത് കസ്റ്റംസിന്റെ കണ്ണു വെട്ടിച്ച് ഹാഷിഷ് ഓയില്‍ കടത്തിയ നാലുപേര്‍ മാലിദ്വീപില്‍ അറസ്റ്റില്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍കാര്‍ഗോ വഴി മാലിദ്വീപിലേക്ക് മയക്കുമരുന്നായ ഹാഷിഷ് ഓയില്‍ കടത്തിയ സംഭവത്തില്‍ നാലുപേര്‍ മാലിദ്വീപില്‍ അറസ്റ്റിലായി. കാര്‍ഗോ വാങ്ങാനെത്തിയ ഏജന്റുമാരുള്‍പ്പെട്ട നാല് മാലിദ്വീപ് പൗരന്‍മാരാണ് അറസ്റ്റിലായത്. മാലിദ്വീപ് വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ തടഞ്ഞുവെച്ച നാലുപേരെയും മാലിദ്വീപ് പൊലീസിനു കൈമാറി. കഴിഞ്ഞ തിങ്കളാഴ്ചയാണ് തിരുവനന്തപുരത്തുനിന്ന് മാലിദ്വീപിലേക്ക് പുറപ്പെട്ട മാലിദ്വീപ് എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ കാര്‍ഗോയായി ജൈവവളത്തിനൊപ്പം മയക്കുമരുന്നായ ഹാഷിഷ് ഓയിലും ഒളിപ്പിച്ചുകടത്തിയത്.

കയറ്റുമതി ലൈസന്‍സുള്ള തിരുവനന്തപുരം തൈക്കാടിനടുത്തുള്ള മേട്ടുക്കട സ്വദേശിയാണ് മയക്കുമരുന്ന് കടത്തിയത്. മൂന്നരകിലോഗ്രാം ഹാഷിഷ് ഓയിലാണ് ജൈവവളത്തിനൊപ്പം പ്രത്യേക പായ്ക്കറ്റായി ഒളിപ്പിച്ച് കടത്തിയത്. ഇയാള്‍ ഒളിവിലാണ്. കസ്റ്റംസിന് നാണക്കേടായ സംഭവത്തില്‍ സമഗ്രമായ അന്വേഷണമാണ് നടക്കുന്നത്. മയക്കുമരുന്ന് കടത്തിന് പിന്നില്‍ മേട്ടുക്കട സ്വദേശിയാണെന്ന് കസ്റ്റംസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

പാഴ്സല്‍ വിമാനത്താവളത്തില്‍ എത്തിച്ച ഓട്ടോഡ്രൈവറേയും കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ട്. മാലിദ്വീപ് വിമാനത്താവളത്തില്‍ പരിശോധനയില്‍ പിടികൂടിയ വിവരം അവര്‍ കസ്റ്റംസിനെ അറിയിച്ചു. ഇടനിലക്കാരന്‍ ഉള്‍പ്പെടെ നാല് പേരാണ് മാലിദ്വീപില്‍ അറസ്റ്റിലായത്. മേട്ടുക്കട സ്വദേശി ഇതിന് മുന്‍പും കയറ്റുമതി ലൈസന്‍സിന്റെ പേരില്‍ മയക്കുമരുന്ന് പാഴ്സലായി അയച്ചിട്ടുണ്ടോയെന്നാണ് കസ്റ്റംസ് അധികൃതര്‍ അന്വേഷിക്കുന്നത്.

Eng­lish sum­ma­ry; Four peo­ple have been arrest­ed in the Mal­dives for smug­gling hashish oil

You may also like this video;

Exit mobile version