Site iconSite icon Janayugom Online

നാലുവർഷ ബിരുദം: ഇന്ന് വിജ്ഞാനോത്സവം

മാറിവരുന്ന ലോക സാഹചര്യങ്ങളെയും ഉന്നതവിദ്യാഭ്യാസരംഗത്തേക്ക് കടന്നുവരുന്ന പുതുതലമുറ വിദ്യാർത്ഥികളുടെ ആഗ്രഹാഭിലാഷങ്ങളെയും കൊച്ചു കേരളത്തിന്റെ വികസനകാംക്ഷകളെയും ഇണക്കിച്ചേർക്കുന്ന വിപ്ലവകരമായ ഘടനാമാറ്റത്തിലേക്ക് പ്രവേശിക്കുകയാണ് ഇന്നുമുതൽ കലാലയങ്ങൾ. വിദഗ്ധ പഠനങ്ങളുടെയും സുദീർഘമായ കൂടിയാലോചനകളുടെയും ജനകീയ ചർച്ചകളുടെയും ചിട്ടയായ ആസൂത്രണ‑മുന്നൊരുക്കങ്ങളുടെയും തുടർച്ചയായി കേരളീയ കലാലയങ്ങൾ നാലുവർഷ ബിരുദപരിപാടിയിലേക്ക് കടക്കുന്ന ചരിത്രദിനം. വിജ്ഞാനോത്സവമായി ഈ സുദിനത്തെ ഇന്ന് ആഘോഷിക്കുകയാണ്.

നാലുവർഷ ബിരുദ പ്രോഗ്രാമിൽ പ്രവേശനംനേടി കാമ്പസുകളിലെത്തുന്ന നവാഗത വിദ്യാർത്ഥികളെ മുതിർന്ന വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും കലാലയ ഗുണകാംക്ഷികളുടെയും നേതൃത്വത്തിൽ വരവേൽക്കും. ചരിത്രംകുറിക്കുന്ന പദ്ധതിയിലെ ആദ്യപഥികരായ അവർക്ക് എന്നും ഓർമ്മയിൽ നിറച്ചാർത്തോടെ നിൽക്കുന്ന സ്വാഗതാനുഭവമേകാൻ കലാലയങ്ങളും നാടാകെയും ഒരുങ്ങിക്കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല വിജ്ഞാനോത്സവത്തിന് തിരുവനന്തപുരം ഗവ. വനിതാകോളജിൽ തിരിതെളിയിച്ച് പ്രോദ്ഘാടകനാവും. ഉന്നതവിദ്യാഭ്യാസമന്ത്രിയെന്ന നിലയിൽ അധ്യക്ഷതവഹിച്ച് നവാഗതരെ ഹൃദയാശ്ലേഷമേകി വരവേൽക്കും.


ഇതുകൂടി വായിക്കൂ: അടിമുടി ഉടച്ചുവാർക്കണം


നവകേരള സൃഷ്ടിയുടെ ഭാഗമായി കേരള സർക്കാർ ഏറ്റെടുത്ത സുപ്രധാന ഉത്തരവാദിത്തമാണ് കേരളീയസമൂഹത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റൽ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കേരളം എല്ലാ കുട്ടികളുടെയും അവകാശമാക്കി. അതിന്റെ ഗുണഫലങ്ങൾക്ക് ലോകമാകെ അഭിനന്ദനങ്ങൾ ചൊരിഞ്ഞു. തുടർന്നിതാ, അതിന് സ്വാഭാവികത്തുടർച്ചയായി ഉന്നതവിദ്യാഭ്യാസമേഖല ഏറ്റവും കാതലായ മാറ്റങ്ങളിലേക്ക് കാൽവയ്ക്കുന്നു.

കലാലയങ്ങളിൽ ഉല്പാദിപ്പിക്കുന്ന അറിവുകൾ കേരളീയ സമൂഹം അഭിമുഖീകരിക്കുന്ന നിരവധിയായ പ്രശ്നങ്ങളുടെ പരിഹാരത്തിനുംകൂടി ഉപയോഗപ്പെടുത്തണമെന്നത് എത്രയോ കാലമായുള്ള അഭിലാഷമാണ്. ജനപക്ഷ വൈജ്ഞാനികസമൂഹം (പീപ്പിൾ ഓറിയന്റഡ് നോളജ് സൊസൈറ്റി) കെട്ടിപ്പടുക്കണമെന്ന തീരുമാനവും അതിനായുള്ള ഇക്കഴിഞ്ഞ കാലയളവിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങളും ആ സ്വപ്നം നടപ്പിലാക്കാൻ നാം ചിട്ടപ്പെടുത്തിയതാണ്. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് ഒന്നാം പരിഗണന കൊടുത്ത് തുടർന്ന് നാം നടത്തിയ വിവിധങ്ങളായ പ്രവർത്തനങ്ങൾ ദേശീയവും സാർവദേശീയവുമായ അംഗീകാരങ്ങൾക്ക് നമ്മുടെ സർക്കാർ കോളജുകൾ അടക്കമുള്ള കലാലയങ്ങളെയും സർവകലാശാലകളെയും അർഹമാക്കി. ദേശീയതലത്തിലുള്ള ഗുണനിലവാര പരിശോധനകളുടെ ഫലങ്ങൾ ഉദാഹരണങ്ങളാണ്.


ഇതുകൂടി വായിക്കൂ: വിശ്വാസ്യത നഷ്ടപ്പെടുന്ന ദേശീയ പരീക്ഷകൾ


ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രാപ്യതയുടെയും ലഭ്യതയുടെയും കാര്യത്തിൽ വലിയ മുന്നേറ്റം കേരളത്തിന് ഇക്കാലംകൊണ്ട് സൃഷ്ടിക്കാനായി. ഈയൊരു നാലുവർഷക്കാലത്തിനിടയ്ക്കു മാത്രം ആറായിരം കോടി രൂപ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിന്യസിച്ചുകൊണ്ടാണ് (അവലംബം: കേന്ദ്രസർക്കാരിന്റെ അവസാനത്തെ സാമ്പത്തിക അവലോകന റിപ്പോർട്ട്) ബഹുതലസ്പർശിയായ മാറ്റങ്ങളിലേക്കും മികവിനുള്ള നേട്ടങ്ങളിലേക്കും കേരളീയ ഉന്നതവിദ്യാ മേഖലയെ എൽഡിഎഫ് സർക്കാർ കൈപ്പിടിച്ചുയർത്തിയത്. ഏറ്റവും പുതിയ സ്റ്റേറ്റ് ഓഫ് ദ ആര്‍ട്സ് സൗകര്യങ്ങളുള്ള ലബോറട്ടറികൾ, ആധുനികമായ ലൈബ്രറികൾ, സ്മാർട്ട് ക്ലാസ് റൂമുകൾ, പുത്തൻ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകൾ, വിവിധ സർവകലാശാലകളിലെ സെൻട്രലൈസ്ഡ് ലാബ് കോംപ്ലക്സുകൾ തുടങ്ങിയവ നാമിതുവഴി പടുത്തുയർത്തിയത് ഏവർക്കും കൺമുന്നിലുണ്ട്.

അന്താരാഷ്ട്ര സ്വീകാര്യതയിലേക്ക് നമ്മുടെ കലാലയങ്ങളെയാകെ ഉയർത്തലാണ് ഇനി നമുക്കുമുന്നിലെ പടവെന്ന് തുടർന്ന് നാം കണ്ടു. സാർവദേശീയ മാനദണ്ഡങ്ങളോട് കിടപിടിക്കുന്ന ഗുണനിലവാര വർധനവും മികവുമാണ് ഇനി അതിനായി നമ്മുടെ കലാലയങ്ങളിലുണ്ടാവേണ്ടതെന്ന, പഠനാടിസ്ഥാനമുള്ള ബോധ്യത്തോടെ നാം പ്രവേശിക്കുന്ന നിർണായക കാൽവയ്പാണ് ഇന്നാരംഭിക്കുന്ന നാലുവർഷ ബിരുദപ്രോഗ്രാം.

ദ്വിമുഖമായ സമീപനത്തോടെയാണ് പുതിയ രീതിയിലേക്ക് നാം പ്രവേശിക്കുന്നത്. തൊഴിലന്വേഷകരായ യുവതീയുവാക്കൾക്ക് ദേശീയവും അന്തർദേശീയവുമായ തൊഴിൽ സാധ്യതകളിലേക്ക് ആത്മവിശ്വാസത്തോടെ കടന്നുചെല്ലാൻ സാഹചര്യമൊരുങ്ങണം. ഒപ്പം, ഗവേഷണാത്മക പ്രവർത്തനങ്ങളിലേക്ക് പോകാൻ തൽപരരായവർക്ക് അതിനുള്ള സാധ്യതയും ബിരുദപഠനകാലത്തുതന്നെ ഉണ്ടാകണം. ഈ രണ്ടു ലക്ഷ്യങ്ങളെയും സംയോജിപ്പിക്കുകയാണ് നാലുവർഷ ബിരുദ പരിപാടിയിൽ.

 


ഇതുകൂടി വായിക്കൂ: ആവർത്തിക്കുന്ന ക്രമക്കേടുകൾ


വിപുലമായ മുന്നൊരുക്കങ്ങൾ ഇതിനായി നാം പൂർത്തിയാക്കി. സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ചരിത്രത്തിലാദ്യമായി ഒരു കരിക്കുലം ഫ്രെയിം വർക്കിന് രൂപം നൽകി. സർക്കാർ തയ്യാറാക്കി നൽകിയ മാതൃകാചട്ടക്കൂടിനെ ഓരോ സർവകലാശാലയും അതാതിന്റെ ജൈവസ്വഭാവത്തിനും സവിശേഷതകൾക്കും ഇണങ്ങുംവിധം കസ്റ്റമൈസ് ചെയ്തു. അധ്യാപകരുടെയും സർവകലാശാലകളുടെയും വിദ്യാർത്ഥികളുടെയും ശില്പശാലകൾ ചേർന്ന്, അവിടെയുയർന്ന അഭിപ്രായങ്ങളും ഉൾപ്പെടുത്തി, ഏറ്റവും ജനാധിപത്യപരമായ പ്രക്രിയയിലൂടെ അങ്ങനെ ഓരോ സർവകലാശാലയും പുതിയ കരിക്കുലം രൂപീകരിക്കുകയും ആ കരിക്കുലത്തിന്റെ ചുവടുപിടിച്ച് ഓരോ വിഷയത്തിന്റെയും സിലബസുകൾ തയ്യാറാക്കുകയും ചെയ്തു.

ഉന്നതവിദ്യാഭ്യാസ മന്ത്രി നേരിട്ട് പങ്കെടുത്ത യോഗങ്ങൾ, ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിലുള്ള കരിക്കുലം, റെഗുലേഷൻ, സിലബസ് — മൂല്യനിർണയ പരിഷ്കരണം എന്നിവയിലടക്കമുള്ള പരിശീലനപരിപാടികൾ എന്നിങ്ങനെ, സർവകലാശാലാതലത്തിലും ജില്ലാടിസ്ഥാനത്തിൽവരെയും നടന്ന ചിട്ടയായ ഒരു പ്രക്രിയയായിരുന്നു നാം പിന്നിട്ടത്. ഇതിനിടെതന്നെ ജോലി ഭാരം, തസ്തിക തുടങ്ങിയ കാര്യങ്ങളിലെ അധ്യാപക ആശങ്കകളും പരിഹരിക്കാൻ തീവ്രയത്നം നടത്തി ഉത്തരവുകളും പുറത്തിറക്കി. ഇവയുടെയെല്ലാം പരിസമാപ്തിയായാണ് ജൂലൈ ഒന്ന് വന്നുചേർന്നിരിക്കുന്നത്.

ലോകമെമ്പാടും സർവകലാശാലകൾ തുടരുന്ന ബിരുദപഠന നിലവാരത്തിലേക്കാണ് നാം പ്രവേശിക്കുന്നത്. സർവകലാശാലകളിൽനിന്നു നേടുന്ന ബിരുദം ലോകമെങ്ങും അംഗീകരിക്കപ്പെടുന്ന നില ഇതോടെ കൈവരും. ഇവിടെനിന്നും ബിരുദം നേടി വിദേശത്തേക്ക് ഉപരിപഠനത്തിനു പോകുന്നവർ വീണ്ടും ക്രഡിറ്റ് ആർജിക്കേണ്ടി വരുന്ന നിലയ്ക്കും ഇതോടെ മാറ്റം വരും.

സംസ്ഥാനത്തെ മുഴുവൻ കോളജുകളിലും മൂന്നുവർഷം കഴിയുമ്പോൾ ബിരുദം നേടി എക്സിറ്റ് ചെയ്യാനും, താല്പര്യമുള്ളവർക്ക് നാലാം വർഷം തുടർന്ന് ക്യാപ്സ്റ്റോൺ പ്രോജക്റ്റ് ഉള്ള ഓണേഴ്സ് ബിരുദം നേടാനും, റിസർച്ച് താല്പര്യം ഉള്ളവർക്ക് ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം നേടാനും കഴിയുന്ന തരത്തിലുള്ളതാണ് പുതിയ ബിരുദപ്രോഗ്രാം ഘടന. വിദേശ രാജ്യങ്ങളിലേതുപോലെ, പൂർണമായും ക്രെഡിറ്റ് അടിസ്ഥാനമാക്കി ഓരോ വിദ്യാർത്ഥിക്കും സ്വന്തം അഭിരുചികളും ലക്ഷ്യങ്ങളും അനുസരിച്ച് അക്കാദമിക് അഡ്വൈസറുടെ സഹായത്തോടെ സ്വന്തം കഴിവുകൾ വികസിപ്പിക്കാനും പ്രൊഫഷണൽ ലക്ഷ്യങ്ങൾക്ക് സഹായകരമാവും വിധം വിവിധ വിഷയങ്ങളുടെ കോമ്പിനേഷൻ തിരഞ്ഞെടുത്ത് സ്വന്തം ബിരുദഘടന രൂപകല്പന ചെയ്യാനും കഴിയുന്ന തരത്തിലാണ് നാലുവർഷ ബിരുദപ്രോഗ്രാമുകളുടെ കരിക്കുലം തയ്യാറാക്കിയിരിക്കുന്നത്. അതുവഴി നേടുന്ന ക്രെഡിറ്റുകൾ ലോകത്തെ പ്രധാനപ്പെട്ട ക്രെഡിറ്റ് ട്രാൻസ്ഫർ സംവിധാനങ്ങളായ യൂറോപ്യൻ ക്രെഡിറ്റ് ട്രാൻസ്ഫർ സിസ്റ്റം (ഇസിടിഎസ്) ആയിട്ടും അമേരിക്കൻ ക്രെഡിറ്റ് ട്രാൻസ്ഫർ സംവിധാനമായിട്ടും ക്രെഡിറ്റ് കൈമാറ്റം സാധ്യമാകുന്ന വിധത്തിലായിരിക്കും. നമ്മുടെ ബിരുദങ്ങൾക്ക് അന്താരാഷ്ട്ര കോമ്പാറ്റബിലിറ്റി നേടാൻ സഹായകരമാവും വിധമുള്ള സമഗ്രതയോടെയാണ് ഈ സംവിധാനം.

 


ഇതുകൂടി വായിക്കൂ: വേരുകൾ നീളുന്നത് ബിജെപിയിലേക്ക്


വിദ്യാർത്ഥികളാണ് ഉന്നതവിദ്യാഭ്യാസ പരിഷ്കരണശ്രമങ്ങളുടെ ആത്മാവെന്നതാണ് തുടക്കംതൊട്ട് ഈ സർക്കാരിന്റെ കാഴ്ചപ്പാട്. അവരുടെ അഭിലാഷങ്ങളാണ് നിറവേറ്റപ്പെടേണ്ടതെന്നതിൽ നിന്ന് ഒരു ഘട്ടത്തിലും സർക്കാർ മാറിച്ചിന്തിക്കാൻ ഇടവന്നിട്ടില്ല. അതിന്റെ യുക്തിഭദ്രമായ എത്തിച്ചേരലായാണ് ഇന്നാരംഭിക്കുന്ന നാലുവർഷ ബിരുദ പരിപാടിയുടെ നിർവഹണം. അതിനായി നാം പിന്നിട്ട ശ്രമകരമായ വഴികളിൽ വിവിധ വിദ്യാർത്ഥിസംഘടനകളും വിദ്യാർത്ഥികേന്ദ്രിത സമീപനങ്ങളോടുള്ള ആത്മാർത്ഥതയാർന്ന ഐക്യദാർഢ്യമുള്ള അധ്യാപക-അനധ്യാപക സംഘടനകളും ഈ നിമിഷം വരെയും പിന്തുണയർപ്പിച്ച് കൂടെ നിന്നിട്ടുണ്ടെന്നത് ഏറ്റവും ചാരിതാർത്ഥ്യത്തോടെ കാണുന്നു. മഹത്തായ ഒരു മാറ്റത്തെ കാലത്തിന്റെ ആഹ്വാനം ചെവിക്കൊണ്ട് പിന്തുണയ്ക്കാൻ തയ്യാറായ മേൽപ്പറഞ്ഞ അക്കാദമിക സമൂഹവും, ഈ മാറ്റത്തിന്റെ ചരിത്രപ്രാധാന്യമുൾക്കൊണ്ട് വിവാദരഹിതമായി അതിനെ നെഞ്ചേറ്റിയ പൊതുസമൂഹവും കേരളത്തിന്റെ ഉജ്വലമായ ഭാവിയെ ഉയർത്തിപ്പിടിക്കുന്ന സൂചകങ്ങളാണ്.

ഇതേ ഐക്യത്തോടെ ഇനിയും നമുക്ക് ഒരുമിച്ചുനിൽക്കാം. പുതിയ പാഠ്യപദ്ധതിയിലേക്ക് പ്രവേശിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ആത്മവിശ്വാസത്തോടെ മുന്നേറാനുള്ള എല്ലാ പിന്തുണയും നമുക്കൊരുമിച്ച് ഉറപ്പുനൽകാം.

Exit mobile version