Site icon Janayugom Online

ഓര്‍മ്മയില്‍ ‘മിന്നി’ അബിഷിത; നാലു വയസുകാരി ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സിൽ

“പ്യാരി പ്യാരി അമ്മാ മേരി മീട്ടെ മീട്ടെ ഗീത് സുനാത്തി താസ താസ ദൂദ് പിലാത്തി തരഹ് തരഹ് കാ ഖാനാ ദേത്തി”
ചേട്ടന്റെ ഹിന്ദി പാഠപുസ്തകത്തിലെ ഈ കവിത അബിഷിത മനഃപ്പാഠമാക്കിയത് ഒന്നരവയസിലാണ്. കവിതയോട് തോന്നിയ താല്പര്യം അമ്മ സവിതയുടെ ശ്രദ്ധയിൽപ്പെട്ടു. അബിഷിതയുടെ കഴിവുകൾ മനസിലാക്കിയ അമ്മ പറഞ്ഞ് കൊടുക്കുന്നതെല്ലാം അവൾ പിന്നീട് പഠിക്കാൻ തുടങ്ങി. ഇന്ന് അബിഷിതയ്ക്ക് നാല് വയസുണ്ട്. ഈ പ്രായത്തിൽ അവൾ തന്റെ ഓർമ്മശക്തി കൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം പിടിച്ചു. 

ഇന്ത്യയിലെ 28 സംസ്ഥാനങ്ങൾ അവയുടെ തലസ്ഥാനങ്ങൾ, കേരളത്തിലെ 14 ജില്ലകൾ, 12 മുഖ്യമന്ത്രിമാർ, ഏഴ് ഭൂഖണ്ഡങ്ങൾ, മഴവില്ലിന്റെ ഏഴ് വർണങ്ങൾ, ആഴ്ചയിലെ ഏഴ് ദിവസങ്ങൾ, 12 മാസങ്ങളുടെ പേരുകൾ, എട്ട് ഗ്രഹങ്ങളുടെ പേരുകൾ, ഇന്ത്യയുടെ 15 പ്രസിഡന്റ്മാർ 14 പ്രധാനമന്ത്രിമാർ, ഒരു ഹിന്ദി നഴ്സറി ഗാനം, ഒമ്പത് ഇംഗ്ലീഷ് നഴ്സറി ഗാനങ്ങൾ, 34 പൊതു വിജ്ഞാന ചോദ്യങ്ങളുടെ ഉത്തരങ്ങൾ, 10 രാജ്യങ്ങളുടെ കറൻസികൾ, ഇംഗ്ലീഷ് അക്ഷരമാലയിലെ 26 അക്ഷരങ്ങളും അവ ഉൾപ്പെടുന്ന വാക്കുകളും ഇവയൊക്കെ ഈ കുഞ്ഞു പ്രായത്തിൽ ഓർത്തെടുത്ത് അവതരിപ്പിച്ചാണ് ഈ കുഞ്ഞുമിടുക്കി ഈ റെക്കോഡ് നേടിയത്.
ചിറക്കര കുഴുപ്പിൽ ശാന്തി ഭവനിൽ അമൽ രാജിന്റെയും സവിതയുടെയും മകളാണ് അബിഷിത. 

മകളുടെ ഓർമ്മശക്തി തിരിച്ചറിഞ്ഞത് അമ്മയാണ്. അന്ന് മുതൽ സവിത അബിഷിതയുടെ കഴിവുകളെ പരിപോഷിപ്പിക്കാൻ തുടങ്ങി. യൂട്യൂബർ കൂടിയായ സവിത തന്റെ യൂട്യൂബ് ചാനലായ ‘പേള്‍സ് ഓഫ് ഗോഡി‘ൽ മകളുടെ വീഡിയോകൾ പങ്ക് വച്ചിരുന്നു. അതിനെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അങ്ങനെയാണ് സവിത മകളുടെ കഴിവുകൾ ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സിൽ അയച്ചത്. റെക്കോഡ് നേടിയതിന്റെ സന്തോഷത്തിലാണ് കുടുംബം. 

Eng­lish Summary:Four-year-old girl in India Book of Records

You may also like this video

Exit mobile version