Site iconSite icon Janayugom Online

നാല് വയസ്സുകാരനെ അമ്മ കൊലപ്പെടുത്തി; ഫ്ലോറിഡയിൽ ഞെട്ടിക്കുന്ന സംഭവം

ഫ്ലോറിഡയിൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ സ്വന്തം മകനെ കൊലപ്പെടുത്തിയ കേസിൽ ഡയാന കള്ളം (43) എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. നാല് വയസ്സുകാരനായ ഫിൻലി ജോസഫ് കള്ളം ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച സ്കൂൾ കഴിഞ്ഞെത്തിയ 16 വയസ്സുകാരിയായ മകളാണ് രക്തത്തിൽ കുളിച്ച നിലയിലുള്ള അമ്മയെയും മരിച്ചു കിടക്കുന്ന സഹോദരനെയും വീട്ടിൽ കണ്ടെത്തിയത്. കുട്ടി കുത്തേറ്റ് മരിച്ചതാണെന്നായിരുന്നു ആദ്യ നിഗമനമെങ്കിലും, കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി.

അമ്മ ഡയാനയുടെ ശരീരത്തിൽ കുത്തേറ്റ മുറിവുകളുണ്ടായിരുന്നു. എന്നാൽ ഇത് അവർ സ്വയം ഏൽപ്പിച്ചതാണെന്ന് പോലീസ് കണ്ടെത്തി. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഇവരെ ജയിലിലേക്ക് മാറ്റി. കൊലപാതകം നടന്ന വീട്ടിൽ നിന്നും ഒരു കത്തിയോടൊപ്പം ഡയാന എഴുതിയതെന്ന് കരുതുന്ന കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. നിലവിൽ ഡയാനയുടെ പേരിൽ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സംഭവസമയത്ത് കുട്ടിയുടെ പിതാവ് വീട്ടിലുണ്ടായിരുന്നില്ല. ഇത്തരമൊരു അക്രമത്തിലേക്ക് നയിച്ച കാരണം പോലീസ് അന്വേഷിച്ചു വരികയാണ്.

Exit mobile version