Site iconSite icon Janayugom Online

നാലാം ക്ലാസുകാരി സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു; തെളിവുകൾ കണ്ടെത്താനായില്ലെന്ന് പൊലീസ്

ജയ്പൂരിൽ സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി നാലാം ക്ലാസ് വിദ്യാർഥി മരിച്ചതിൽ ദുരൂഹത തുടരുന്നു. സിസിടിവി ദൃശ്യങ്ങൾ പ്രകാരം കുട്ടി കൈവരിയിലേക്ക് കയറുന്നതും മുകളിൽനിന്ന് ചാടുന്നതും കാണാം. 47 അടി ഉയരത്തിൽ നിന്നുള്ള വീഴ്ചയാണ് മരണത്തിനിടയാക്കിയത്. എന്നാൽ വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോൾ കുട്ടി വീണുകിടന്ന സ്ഥലത്ത് രക്തകറകൾ കഴുകി വൃത്തിയാക്കിയ നിലയിലായിരുന്നു. മറ്റ് തെളിവുകളും കണ്ടെത്താനായില്ല.

ശനിയാഴ്ചയാണ് ജയ്പൂരിലെ നീർജ മോദി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥി അമൈറ (ഒമ്പത്) സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി മരിച്ചത്. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മകളുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് മാതാപിതാക്കൾ ആരോപിച്ചു. അധ്യാപകരെയും മറ്റ് ജീവനക്കാരെയും ചോദ്യം ചെയ്യണമെന്നും സ്കൂളിൽ എങ്ങനെയാണ് ഇത്തരമൊരു സംഭവമുണ്ടാകുന്നതെന്നും മാതാപിതാക്കൾ ചോദിച്ചു. വിഷയത്തിൽ സ്കൂൾ അധികൃതർ പ്രതികരിച്ചിട്ടില്ല. വ്യക്തമായ മറുപടി നൽകാനോ ഫോൺ കോൾ എടുക്കാൻ പോലുമോ സ്കൂൾ അധികൃതർ തയ്യാറാകുന്നില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ മാധ്യമങ്ങളോട് പറഞ്ഞു. മാൻസരോവർ പൊലീസ് അന്വേഷണം തുടരുകയാണ്.

Exit mobile version