റോമൻ അബ്രമോവിച്ചിന്റെ ആസ്തി മരവിപ്പിക്കലുള്‍പ്പെടെ റഷ്യക്കെതിരായ നാലാംഘട്ട ഉപരോധത്തിന് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കി. അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് റഷ്യയും ഉപരോധം ഏര്‍പ്പെടുത്തി. സ്റ്റീൽ ഉല്പന്നങ്ങളുടെ ഇറക്കുമതിക്കും റഷ്യൻ ഊർജ മേഖലയില്‍ പുതിയ നിക്ഷേപത്തിനും ഉപരോധം ഏര്‍പ്പെടുത്തും. 300 യൂറോയിൽ കൂടുതലുള്ള ആഡംബര വസ്തുക്കളുടെ കയറ്റുമതിയും നിരോധിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ ക്രെഡിറ്റ് റേറ്റിങ്ങ് ഏജൻസികൾ റഷ്യൻ കമ്പനികളുടെ റേറ്റിങിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ തീരുമാനം സാമ്പത്തിക വിപണിയില്‍ റഷ്യന്‍ കമ്പനികള്‍ക്കുള്ള പ്രവേശനം നഷ്ടപ്പെടുത്തും. ഉപരോധങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. റഷ്യന്‍ വോഡ്കയുടെ ഇറക്കുമതിക്ക് ബ്രിട്ടൻ 35 ശതമാനം അധിക തീരുവ ചുമത്തിയിട്ടുണ്ട്. സ്റ്റീൽ, മരം, ധാന്യങ്ങൾ, പാനീയങ്ങൾ, മത്സ്യങ്ങൾ എന്നിവയും അധിക ഇറക്കുമതി തീരുവ ചുമത്തിയവയുടെ പട്ടികയിലുണ്ട്. വ്യക്തിഗത ഉപരോധങ്ങളുടെ പട്ടികയും യൂറോപ്യന്‍ യൂണിയന്‍ വിപുലപ്പെടുത്തി. ബിസിനസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും റഷ്യയില്‍ നിന്നുള്ള വിവിധ കമ്പനികള്‍ക്കും ഉപരോധമേര്‍പ്പെടുത്തിയാണ് പട്ടിക വിപുലപ്പെടുത്തിയിരിക്കുന്നത്. വിത്തപ്രഭുക്കള്‍, പുടിന്‍ അനുകൂലികള്‍, ആശയ പ്രചാരകര്‍, വ്യോമയാന, സൈനിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍, കപ്പല്‍ നിര്‍മ്മാതാക്കള്‍ തുടങ്ങിയ സകലമേഖലകളിലും റഷ്യയ്ക്കെതിരായ ഉപരോധം ശക്തമാക്കിയിരിക്കുകയാണ്. നിലവിലെ പട്ടികയനുസരിച്ച് അറുന്നൂറിലധികം പേരാണ് യൂറോപ്യന്‍ യൂണിയന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ബൈഡനെ കൂടാതെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍, തുടങ്ങി ബൈഡന്‍ ഭരണകൂടത്തിലെ പത്ത് ഉദ്യോഗസ്ഥര്‍ക്കും മറ്റ് രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെയാണ് റഷ്യ ഉപരോധമേര്‍പ്പെടുത്തിയത്. പ്രസിഡന്റ് വ്ളാദിമര്‍ പുടിന്‍ ഉള്‍പ്പെടെയുള്ള റഷ്യന്‍ നേതാക്കളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന്റെ പ്രതികാരനടപടിയുടെ ഭാഗമാണ് ഉപരോധമെന്ന് മോസ്കോ പറഞ്ഞു.
English summary; Fourth round of sanctions against Russia
You may also like this video;