Site iconSite icon Janayugom Online

സെമികണ്ടക്ടര്‍ നിര്‍മ്മാണത്തില്‍ തിരിച്ചടി; ഫോക്സ്‍കോണ്‍ പിന്മാറി

രാജ്യത്ത് സെമികണ്ടക്ടര്‍ നിര്‍മ്മിക്കാനുള്ള സംയുക്ത സംരംഭത്തില്‍ നിന്ന് തായ്‌വാന്‍ കമ്പനിയായ ഫോക്സ്‍കോണ്‍ പിന്മാറി. ഉരുക്ക് സ്റ്റീല്‍ നിര്‍മ്മാതാക്കളായ വേദാന്ത കമ്പനിയുമായി ചേര്‍ന്ന് ഒന്നരലക്ഷം കോടി രൂപയുടെ (1950 കോടി ഡോളര്‍) പദ്ധതിയാണ് ഫോക്സ്‍കോണ്‍ പ്രഖ്യാപിച്ചിരുന്നത്. സംയുക്ത സംരംഭവുമായി കമ്പനിക്ക് ഇനി ഒരു ബന്ധവും ഉണ്ടായിരിക്കില്ലെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. ഇരുകമ്പനികളും വേര്‍പിരിയുന്നതായി കമ്പനി വൃത്തങ്ങളും അറിയിച്ചു. രാജ്യത്ത് ഇലക്ട്രോണിക്സ് വികസനം സാധ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് കഴിഞ്ഞവര്‍ഷം അനില്‍ അഗര്‍വാളിന്റെ വേദാന്തയും ഫോക്സ്‍കോണും സംയുക്തമായി ഗുജറാത്തില്‍ സെമി കണ്ടക്ടറും ഡി‌‌സ്‌പ്ലേ നിര്‍മ്മാണ യൂണിറ്റും സ്ഥാപിക്കാന്‍ തീരുമാനിച്ചത്. സെമി കണ്ടക്ടര്‍ നിര്‍മ്മാണ സാങ്കേതിക വിദ്യയില്‍ ഇരു കമ്പനികള്‍ക്കും മുന്‍പരിചയമുണ്ടായിരുന്നില്ല.

ലോകത്തിലെ ഏറ്റവും വലിയ ഫോണ്‍ അസംബ്ലിങ് കമ്പനിയാണ് ഫോക്സ്കോണ്‍. ലോകത്ത് പുറത്തിറങ്ങുന്ന ഐഫോണുകളില്‍ ഭൂരിഭാഗവും ഫോക്സ്കോണിന്റെ പ്ലാന്റുകളില്‍ നിര്‍മ്മിച്ചവയാണ്. ചിപ്പ് നിര്‍മ്മാണവും മറ്റ് അനുബന്ധ വിദ്യകളും പുറം കരാര്‍ വഴി കണ്ടെത്തി സെമികണ്ടക്ടര്‍ നിര്‍മ്മാണം സാധ്യമാക്കാനായിരുന്നു സംയുക്ത പദ്ധതി വഴി വിഭാവനം ചെയ്തിരുന്നത്. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി അനുസരിച്ച് ഇരുകമ്പനികളും ഗുജറാത്തില്‍ പ്ലാന്റ് സ്ഥാപിച്ച് സെമികണ്ടക്ടര്‍ നിര്‍മ്മാണം ആരംഭിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര സര്‍ക്കാരും അവകാശപ്പെട്ടിരുന്നത്.

ചിപ്പ് നിര്‍മ്മാതാക്കളായ എസ‌്ടിഎം ഐക്രോ ഇലക്ട്രോണിക്സ് ചിപ്പ് വിതരണം ചെയ്യുന്നതില്‍ വരുത്തിയ കാലതാമസം പദ്ധതിയുടെ മെല്ലെപ്പോക്കിന് കാരണമായി. അതിനിടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പിഎല്‍ഐ ആനുകൂല്യം ലഭ്യമാകാന്‍ കാലതാമസമെടുത്തതും പദ്ധതിക്ക് തിരിച്ചടിയായി. പദ്ധതി രേഖ പുതുക്കി സമര്‍പ്പിക്കണമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം സെമികണ്ടക്ടര്‍ പദ്ധതിയുമായി മുന്നോട് പോകുമെന്നാണ് വേദാന്ത കമ്പനി അധികൃതര്‍ നല്‍കുന്ന വിവരം. പുതിയ സാങ്കേതിക പങ്കാളിയെ കണ്ടെത്തി പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

Eng­lish Sum­ma­ry: semi­con­duc­tor man­u­fac­tur­ing; Fox­conn withdrew
You may also like this video

Exit mobile version