Site iconSite icon Janayugom Online

ഇറ്റലിയെ വീഴ്ത്തി ഫ്രാൻസ്

യുവേഫ നേഷൻസ് ലീഗില്‍ ഇറ്റലിയെ വീഴ്ത്തി ഫ്രാൻസ് പട്ടികയില്‍ ഒന്നാമത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അസൂറിപ്പടയെ തുരത്തിയത്. അഡ്രിയാൻ റാബിയോട്ട് ഇരട്ടഗോള്‍ നേടിയപ്പോള്‍ മറ്റൊരു ഗോള്‍ ഇറ്റാലിയൻ ഗോള്‍ കീപ്പർ വികാരിയോയുടെ ഓണ്‍ഗോളായിരുന്നു. അൻഡ്രിയ കാംബിയാസോയാണ് ഇറ്റലിയുടെ ആശ്വാസ ഗോള്‍ നേടിയത്.

മിലാനിലെ സാൻസിറോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടാം മിനിറ്റില്‍ തന്നെ ഫ്രാൻസ് ലീഡെടുത്തു. ലൂക്കാസ് ഡിഗ്‌നെയുടെ കോർണർ കിക്കില്‍ അഡ്രിയൻ റാബിയോട്ട് ഹെഡ് ചെയ്ത് വലയിലാക്കി(1–0).33ാം മിനിറ്റില്‍ ക്രിസ്റ്റാഫർ എൻകുങ്കുവിനെ ഡേവിഡ് ഫ്രാറ്റെസി ഇറ്റലി ബോക്‌സിന് പുറത്ത് വീഴ്ത്തിയതിന് ഫ്രാൻസിന് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചു. ലൂക്കാസ് ഡിഗ്‌നെ തൊടുത്തുവിട്ട ഫ്രീകിക്ക് ഗോള്‍പോസ്റ്റ് ബാറിന്റെ അടിവശം തട്ടി ഗോള്‍ കീപ്പറുടെ മുതുകില്‍ തട്ടി വലയിലെത്തി. ഡിഗ്‌നെയുടെ ഗോളാണ് ആദ്യം പരിഗണിച്ചതെങ്കിലും പിന്നീട് അത് സെല്‍ഫ് ഗോളായി വിധിക്കുകയായിരുന്നു. 

രണ്ടുമിനിറ്റിനകം കാംബിയാസോയിലൂടെ ഇറ്റലി ആദ്യ ഗോള്‍ കണ്ടെത്തിയതോടെ കളി വീണ്ടും ചൂടുപിടിച്ചു. ടച്ച്‌ ലൈനിനരികില്‍ നിന്ന് ഡിമാർകോ നല്‍കിയ ക്രോസ് കാംബിയാസോയുടെ ഇടങ്കാലൻ ഫിനിഷ്. രണ്ടാം പകുതിയില്‍ 65-ാം മിനിറ്റില്‍ ഡിഗ്നെ തൊടുത്തുവിട്ട മറ്റൊരു ഫ്രീകിക്ക് മനോഹരമായ ഹെഡറിലൂടെ വീണ്ടും റാബിയോട്ട് വലയിലാക്കി വിജയം ഉറപ്പിച്ചു. നേഷന്‍സ് ലീഗില്‍ ഇറ്റലിയുടെ ആദ്യ പരാജയമാണിത്. ആറ് മത്സരങ്ങളില്‍ നാല് വിജയവും ഒന്നുവീതം സമനിലയും പരാജയവുമടക്കം 13 പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാമതാണ് ഇറ്റലി. ഇതേ പോയിന്റുള്ള ഫ്രാന്‍സ് ഗോള്‍വ്യത്യാസത്തിലെ മുന്‍തൂക്കത്തില്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി.
മറ്റൊരു മത്സരത്തില്‍ കസാക്കിസ്ഥാനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് നോര്‍വേ തകര്‍ത്തു. സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ട് ഹാട്രിക് നേടി തിളങ്ങി. അലക്‌സാണ്ടര്‍ സൊര്‍ലോത്ത്, അന്റോണിയോ നൂസ എന്നിവരാണ് മറ്റ് സ്കോറര്‍മാര്‍.13 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് നോര്‍വേ. ആറ് മത്സരങ്ങളില്‍ നാല് വിജയവും ഒന്ന് വീതം സമനിലയും പരാജയവുമാണ് സമ്പാദ്യം. ആറ് മത്സരങ്ങളില്‍ ഒരു വിജയം പോലുമില്ലാത്ത കസാക്കിസ്ഥാന്‍ ഒരു പോയിന്റുമായി ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്.
മറ്റൊരു മത്സരത്തില്‍ അയർലൻഡിനെ എതിരില്ലാത്ത അഞ്ച് ഗോളിന് ഇംഗ്ലണ്ട് തകർത്തു. ഹാരി കെയ്ൻ, ആന്റണി ഗോർഡൻ, കോണർ ഗാലങ്കർ, ജറോഡ് ബോവൻ, ടെയ്‍ലർ ബെല്ലിസ് എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി ഗോള്‍ നേടിയത്. ഇസ്രയേലിനോടും തോല്‍വി വഴങ്ങിയ ബെല്‍ജിയം ലീഗ് എ ഗ്രൂപ്പ് 2ല്‍ മൂന്നാംസ്ഥാനത്തേക്ക് ഇറങ്ങി.

Exit mobile version