Site iconSite icon Janayugom Online

ഫ്രാന്‍സ് ലോകകപ്പിന്

ഉക്രെയ്നെതിരെ ഗോള്‍മഴ പെയ്യിച്ച് ഫ്രാന്‍സ് 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് യോഗ്യതാ റൗണ്ടില്‍ ഫ്രാന്‍സിന്റെ വിജയം. ഇരട്ടഗോളുകളുമായി കിലിയന്‍ എംബാപ്പെ തിളങ്ങി. 

മത്സരത്തിലെ നാല് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. 55-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി എംബാപ്പെയാണ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. 76-ാം മിനിറ്റില്‍ മൈക്കല്‍ ഒലിസ ലീഡ് ഇരട്ടിയാക്കി. ഏഴ് മിനിറ്റുകള്‍ക്കുള്ളില്‍ എംബാപ്പെ വീണ്ടും ഗോള്‍ നേടിയതോടെ ഫ്രാന്‍സ് വിജയമുറപ്പിച്ചു. എന്നാല്‍ ഗോള്‍വേട്ട നിര്‍ത്താന്‍ ഫ്രാന്‍സ് തയ്യാറല്ലായിരുന്നു. മികച്ച മുന്നേറ്റങ്ങളുമായി കുതിച്ച ഫ്രഞ്ച്പട 88-ാം മിനിറ്റില്‍ നാലാം ഗോളും കണ്ടെത്തി. ഹ്യൂഗോ എകിട്ടികെയാണ് സ്കോറര്‍. 

ഗ്രൂപ്പ് ഡിയില്‍ അഞ്ചില്‍ നാലും ജയിച്ച് 13 പോയിന്റോടെ തലപ്പത്താണ് ഫ്രാന്‍സ്. ഏഴ് പോയിന്റോടെ ഉക്രെയ്ന്‍ മൂന്നാമതാണ്.
മറ്റൊരു മത്സരത്തില്‍ മോള്‍ഡോവയെ ഇറ്റലി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ജിയാന്‍ലൂക്ക മിനിസിനി (88), ഫ്രാന്‍സിസ്കോ പിയോ എസ്പോസിറ്റോ (90+2) എന്നിവരാണ് അസൂറിപ്പയ്ക്കായി ഗോളുകള്‍ നേടിയത്. ഗ്രൂപ്പ് ഐയില്‍ ഏഴില്‍ ആറും ജയിച്ച് 18 പോയിന്റോടെ ഇറ്റലി രണ്ടാമതാണ്. ഇതുവരെ വിജയിക്കാനാകാത്ത മോള്‍ഡോവ ഒരു പോയിന്റുമായി അവസാന സ്ഥാനത്താണ്. 

ഗ്രൂപ്പ് കെ യിലെ മത്സരത്തില്‍ സെര്‍ബിയയ്ക്കെതിരെ ഏകപക്ഷീയമായ രണ്ട് ഗോള്‍ വിജയം നേടി ഇംഗ്ലണ്ട്. 28-ാം മിനിറ്റില്‍ ബുക്കായോ സാക്കയാണ് ഇംഗ്ലണ്ടിനെ ആദ്യം മുന്നിലെത്തിച്ചത്. രണ്ടാം ഗോളിനായി മത്സരത്തിന്റെ അവസാനനിമിഷം വരെ കാത്തിരിക്കേണ്ടി വന്നു. എബിറേഷി എസെയാണ് രണ്ടാം ഗോള്‍ നേടിയത്. ഗ്രൂപ്പില്‍ ഏഴും ജയിച്ച് തലപ്പത്താണ് ഇംഗ്ലണ്ട്. 

Exit mobile version