പരിശീലകന്‍ തോമസ് ഫ്രാങ്കിനെ ടോട്ടന്‍ഹാം ഹോട്‌സ്പർ പുറത്താക്കി. പ്രീമിയർ ലീഗിലെ നിലവിലെ ഒന്നാം സ്ഥാനക്കാരായ ആഴ്സണലിനെതിരെയുള്ള നോർത്ത് ലണ്ടൻ ഡെർബിക്ക് 10 ദിവസം മാത്രം ബാക്കിനിൽക്കെയാണ് ഈ നടപടി. 2018ൽ ബ്രെന്റ്ഫോർഡിൽ ചേരുകയും 2021ൽ ടീമിനെ പ്രീമിയർ ലീഗിലേക്ക് എത്തിക്കാൻ സഹായിക്കുകയും ചെയ്ത 52കാരനായ ഫ്രാങ്ക്, കഴിഞ്ഞ വേനൽക്കാലത്താണ് ആഞ്ചെ പോസ്റ്റെകോഗ്ലോയ്ക്ക് പകരം സ്പർസിന്റെ മാനേജരായി ചുമതലയേറ്റത്. “പുരുഷ ടീമിന്റെ ഹെഡ് കോച്ച് സ്ഥാനത്ത് മാറ്റം വരുത്താൻ ക്ലബ് തീരുമാനിച്ചു, തോമസ് ഫ്രാങ്ക് ഇന്ന് ചുമതലയൊഴിയും” എന്ന് സ്പർസ് അറിയിച്ചു.
മുന്‍ പരിശീലകന്‍ പോസ്റ്റെകോഗ്ലോ ടീമിനെ ചരിത്രപരമായ യൂറോപ്പ ലീഗ് വിജയത്തിലേക്ക് നയിച്ചെങ്കിലും കഴിഞ്ഞ സീസണിൽ 17-ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അവർ കഷ്ടിച്ചാണ് തരംതാഴ്ത്തലില്‍ നിന്ന് രക്ഷപ്പെട്ടത്. ചാമ്പ്യൻസ് ലീഗ് ഘട്ടത്തിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടോട്ടന്‍ഹാം നേരിട്ട് റൗണ്ട് ഓഫ് 16ലേക്ക് യോഗ്യത നേടി. എന്നാൽ പ്രീമിയർ ലീഗിലാകട്ടെ, റെലഗേഷൻ മേഖലയ്ക്ക് വെറും അഞ്ച് പോയിന്റ് മാത്രം മുകളിൽ 16-ാം സ്ഥാനത്താണ് ടീം ഇപ്പോൾ.

