Site iconSite icon Janayugom Online

ഓണ്‍ലൈൻ സ്‌റ്റോക്ക് മാർക്കറ്റിന്റെ പേരില്‍ തട്ടിപ്പ്; ഭാര്യ അറസ്റ്റില്‍, ഭര്‍ത്താവ് മുങ്ങി

ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കാനെന്ന പേരിൽ കോടികൾ തട്ടിയ കേസിൽ യുവതി അറസ്റ്റില്‍. മലപ്പുറം വാക്കാലൂർ പുളിക്കൽ വീട്ടിൽ ഫൈസൽ ബാബുവിന്റെ ഭാര്യ ഫാത്തിമ സുമയ്യ (25)യാണ് ബുധനാഴ്ച ബെംഗളൂരു എയർപോർട്ടിൽ നിന്ന് ബുധനാഴ്ച പിടിയിലായത്.

കോഴിക്കോട് സ്വദേശിയിൽ നിന്ന് അഞ്ചുകോടി ഇരുപതുലക്ഷം രൂപ പലതവണയായി ഫാത്തിമ സുമയ്യയും ഭർത്താവ് ഫൈസൽബാബുവും ചേർന്ന് കൈക്കലാക്കിയിരുന്നുവെന്ന് പരാതി. സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിക്ഷേപിക്കാനായി 2023 ഒക്ടോബർ മുതലാണ് പലതവണയായി പരാതിക്കാരൻ സുമയ്യയുടെ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത്. വൻലാഭം വാഗ്ദാനം ചെയ്താണ് ഫൈസൽ ബാബുവും സുമയ്യയും ചേർന്ന് ഇത്രയും വലിയ തുക നിക്ഷേപമായി സ്വീകരിച്ചതെന്നാണ് പരാതിക്കാരൻ പറയുന്നത്.

ലാഭമോ, നിക്ഷേപത്തുകയോ തിരികെ കിട്ടാതായതിനെത്തുടർന്നാണ് കോഴിക്കോട് സ്വദേശിയായ ബിസിനസുകാരൻ പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകിയത്. എന്നാല്‍ ഒരു കോടി 58 ലക്ഷം രൂപ തിരികെ നൽകി. ബാക്കി പണം നൽകാതെ ഫൈസൽബാബു വിദേശത്തേക്ക് മുങ്ങിയെന്ന് പരാതിക്കാരൻ പറയുന്നു. ഭർത്താവിന്റെ അടുത്തേക്ക് വിദേശത്തേക്കു പോവാനുള്ള ശ്രമത്തിനിടെയാണ് ലുക്ക്ഔട്ട് നോട്ടീസിനെത്തുടർന്ന് സുമയ്യ വിമാനത്താവളത്തിൽ പിടിയിലായത്. കോടികൾ തട്ടിയെടുത്ത സമാനസ്വഭാവമുള്ള കൂടുതൽ പരാതികൾ ദമ്പതിമാരുടെ പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലുണ്ട്. പന്തീരാങ്കാവ് പൊലീസ് ഇൻസ്പെക്ടർ ജി. ബിജുകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റു രേഖപ്പെടുത്തിയത്.

Exit mobile version