Site icon Janayugom Online

ഭിന്നശേഷിക്കാരായ കുട്ടികളുള്ള നിര്‍ധന കുടുംബങ്ങള്‍ക്ക് സൗജന്യ കുടിവെള്ള കണക്ഷന്‍; ‘സ്‌നേഹ തീര്‍ത്ഥം’ പദ്ധതി ഉദ്ഘാടനം നാളെ

ഭിന്നശേഷിക്കാരായ കുട്ടികളുള്ള നിര്‍ധന കുടുംബങ്ങള്‍ക്ക് സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കാൻ ‘സ്‌നേഹ തീര്‍ത്ഥം’ പദ്ധതിയുമായി സർക്കാർ. എന്‍ജിനീയേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരള വാട്ടര്‍ അതോറിറ്റിയും റോട്ടറി ഇന്റര്‍നാഷണലും സംയുക്തമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
തിരുവനന്തപുരം വെട്ടുകാടുള്ള സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച കുട്ടിയുടെ വീട്ടിലേക്ക് കുടിവെള്ള കണക്ഷന്‍ നല്‍കി മന്ത്രി റോഷി അഗസ്റ്റിന്‍ പദ്ധതിയുടെ ഉദ്ഘാടനം നാളെ നിര്‍വഹിക്കും. ഒരുപാട് ദൂരം താണ്ടിയാണ് കുടുംബം കുടിവെള്ളം ശേഖരിച്ചിരുന്നത്. 

വഞ്ചിയൂരുള്ള സമാന സാഹചര്യത്തിലുള്ള മറ്റൊരു കുടുംബത്തിനുള്ള കണക്ഷനും നല്‍കും. കേരളത്തില്‍ ഇത്തരത്തില്‍ ആയിരത്തോളം കുടുംബങ്ങളുണ്ടെന്നാണ് പ്രാഥമിക കണക്കുകൂട്ടല്‍. അയ്യായിരം മുതല്‍ പതിനായിരം രൂപ വരെയാണ് ഒരു കണക്ഷന് വേണ്ടിവരുന്നത്. ഇത്തരം കണക്ഷനുകള്‍ക്ക് വാട്ടര്‍ചാര്‍ജും ഒഴിവാക്കി നല്‍കും. നിലവില്‍ കുട്ടികളുടെ ചികിത്സയ്ക്കായി തന്നെ വലിയ തുക ചെലവഴിക്കുന്ന കുടുംബങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമായിരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. 

നിലവില്‍ കുടിവെള്ള കണക്ഷനുള്ള ഭിന്നശേഷിക്കാരായ കുട്ടികളുള്ള നിര്‍ധന കുടുംബത്തിന് വാട്ടര്‍ ചാര്‍ജ് അടയ്ക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. തീരുമാനമാകുന്ന മുറയ്ക്ക് ഇതിനുള്ള നടപടിയും സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മറ്റു ജില്ലകളിലും യഥാര്‍ത്ഥ ഗുണഭോക്താക്കളെ കണ്ടെത്തി കുടിവെള്ള കണക്ഷന്‍ നല്‍കാനുള്ള നടപടികള്‍ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതിയെന്ന് എന്‍ജിനീയേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരള വാട്ടര്‍ അതോറിറ്റി വര്‍ക്കിങ് പ്രസിഡന്റ് വി എസ് കൃഷ്ണകുമാര്‍ പറഞ്ഞു. ചടങ്ങില്‍ മന്ത്രി ആന്റണി രാജു അധ്യക്ഷനാകും. സംഘടനയുടെ പ്രസിഡന്റ് കൂടിയായ ബിനോയ് വിശ്വം എംപി മുഖ്യപ്രഭാഷണം നടത്തും. റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ പങ്കെടുക്കും.

ENGLISH SUMMARY:Free drink­ing water con­nec­tion for needy fam­i­lies with chil­dren with dis­abil­i­ties; ‘Sne­ha Theertham’ project inau­gu­ra­tion tomorrow
You may also like this video

Exit mobile version