Site icon Janayugom Online

ഗ്രന്ഥശാലകളില്‍ പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ അംഗത്വം

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്തെ ഗ്രന്ഥശാലകളില്‍ ഇനി സൗജന്യ അംഗത്വം നേടാം. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അഫിലിയേറ്റ് ചെയ്ത ലൈബ്രറികളില്‍ ഇവര്‍ക്ക് അംഗത്വം സൗജന്യമായി നല്‍കണമെന്ന് നിര്‍ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 18 വയസിന് മുകളിലും ഉന്നത വിദ്യാഭ്യാസം ചെയ്യുന്നവരും ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ സൗകര്യം ലഭിക്കും. ഇതിനായി ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. പട്ടികജാതി-പട്ടികവര്‍ഗ പ്രൊമോട്ടര്‍മാര്‍ നല്‍കുന്ന സാക്ഷ്യപത്രം മതിയാകുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വായനാശീലം വളര്‍ത്തുന്നതിനും അതിലൂടെ അറിവും വിജ്ഞാനവും നേടി സമൂഹത്തിന്റെ ഉന്നതിയിലേക്ക് വളര്‍ന്നുവരുന്നതിനും ലക്ഷ്യമിട്ടാണ് നടപടി. ലൈബ്രറി കൗണ്‍സിലിന്റെ കീഴിലല്ലാത്ത സ്റ്റേറ്റ് പബ്ലിക് ലൈബ്രറി, സ്വകാര്യ ലൈബ്രറികള്‍ എന്നിവയിലേക്കും ഈ സൗകര്യം ലഭ്യമാക്കാന്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യാന്‍ വകുപ്പ് ഡയറക്ടര്‍മാരെ ചുമതലപ്പെടുത്തി. 

പട്ടികജാതി വികസന വകുപ്പിന് കീഴിലെ 210 വിജ്ഞാന്‍വാടികളിലെ ലൈബ്രറികള്‍ ലൈബ്രറി കൗണ്‍സിലിന്റെ സഹായത്തോടെ വിപുലീകരിക്കണം, പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള 54 പഠന മുറികളില്‍ ലൈബ്രറി കൗണ്‍സിലിന്റെ പങ്കാളിത്തത്തോടെ പുസ്തക ശേഖരം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം, ലൈബ്രറി സൗകര്യം ഇല്ലാത്ത മേഖലകളില്‍ അവ തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം തുടങ്ങിയ വിവിധ നിര്‍ദേശങ്ങളും പട്ടികജാതി പട്ടികവര്‍ഗ വികസന(എ) വകുപ്പ് പുറത്തിറക്കിയ ഉത്തരവിലൂടെ നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ ഈ തീരുമാനങ്ങളെല്ലാം നടപ്പിലാക്കാനാണ് നിര്‍ദേശം. രണ്ട് മാസത്തിലൊരിക്കല്‍ പ്രവര്‍ത്തന പുരോഗതി അതത് വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തില്‍ വിലയിരുത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.

Eng­lish Summary;Free mem­ber­ship for SC and SC stu­dents in libraries

You may also like this video

Exit mobile version