Site icon Janayugom Online

ഫ്രീഡം കണ്‍വോയ് : ഒട്ടാവ പൊലീസ് മേധാവി രാജിവച്ചു

ഫ്രീഡം കണ്‍വോയ് പ്രതിഷേധത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്ന ആരോപണത്തിനു പിന്നാലെ ഒട്ടാവ പൊലീസ് മേധാവി പീറ്റര്‍ സ്‍ലോലി രാജിവച്ചു. രാജിക്കത്ത് വകുപ്പ് മേധാവി സ്വീകരിച്ചതായും സ്‍ലോലി അറിയിച്ചു. പ്രതിഷേധക്കാരെ നഗരത്തില്‍ നിന്ന് ഒഴിവാക്കാനും നിയന്ത്രിക്കാനും പൊലീസിന് സാധിച്ചില്ലെന്ന പ്രദേശവാസികളുടെ ആരോപണത്തെ തുടര്‍ന്നാണ് സ്‍ലോലിയുടെ രാജിയെന്ന് ഒട്ടാവ പൊലീസ് സര്‍വീസ് ബോര്‍ഡും അറിയിച്ചിട്ടുണ്ട്.

പ്രതിഷേധക്കാരെ നിയന്ത്രിക്കാനും പ്രതിഷേധം അവസാനിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ നിലിവില്‍ മെച്ചപ്പെട്ടിട്ടുണ്ട്. പ്രതിഷേധത്തിന്റെ തുടക്കം മുതൽ, നഗരം സുരക്ഷിതമായി നിലനിർത്താനും അപ്രതീക്ഷിതമായ ഈ പ്രതിസന്ധി അവസാനിപ്പിക്കാനും സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും സ്‍ലോലി രാജിക്കത്തില്‍ പറഞ്ഞു. സ്‍ലോലി രാജിവച്ചതിനു പിന്നാലെ ഡെപ്യൂട്ടി പൊലീസ് ചീഫ് ആയിരുന്ന സ്റ്റീവ് ബെല്ലിനെ ഇടക്കാല മേധാവിയായി നിയമിച്ചു.

പ്രതിഷേധം അവസാനിപ്പിക്കാൻ അധികമായി 1,800 സേനാംഗങ്ങളെ അയയ്ക്കാനുള്ള അഭ്യർത്ഥന പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നിരസിച്ചതിനെ തുടർന്നാണ് സ്‍ലോലിയുടെ രാജിയെന്നത് ട്രൂഡോയെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്. മതിയായ സേനാംഗങ്ങളെ നൽകാത്തതിനാൽ രാജി പ്രതീക്ഷിച്ചിരുന്നതായി ഒട്ടാവ പൊലീസ് അസോസിയേഷൻ പ്രസിഡന്റ് മാറ്റ് സ്‍കോഫ് പറഞ്ഞു. ട്രക്കർമാരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധം തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കാനഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

eng­lish sum­ma­ry; Free­dom Con­voy: Ottawa Police Chief resigns

you may also like this video;

Exit mobile version