ഗാസയിലേക്ക് അവശ്യവസ്തുക്കളുമായി യാത്ര തിരിച്ച ഗ്രെറ്റ തുന്‍ബര്‍ഗ് ഉള്‍പ്പെടെ ഉള്ളവര്‍ സഞ്ചരിച്ച കപ്പല്‍ കസ്റ്റഡിയിലെടുത്ത് ഇസ്രയേല്‍. ഇറ്റലിയിലെ കറ്റാനിയ തീരത്തെ സിസിലി തുറമുഖത്ത് നിന്ന് ജൂണ്‍ ഒന്നിന് പുറപ്പെട്ട മഡ്ലീന്‍ എന്ന കപ്പലാണ് കസ്റ്റഡിയിലെടുത്തത്. ഗാസയിലെ ഇസ്രയേല്‍ ഉപരോധത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന ആഗോള സഖ്യമായ ഫ്രീഡം ഫ്ലോട്ടിലയുടേതാണ് കപ്പല്‍. അന്താരാഷ്ട്ര ജലപാതയില്‍ വച്ചാണ് കപ്പല്‍ ഇസ്രയേല്‍ കസ്റ്റഡിയിലെടുത്തത്. ഗ്രെറ്റ തുന്‍ബര്‍ഗിന് പുറമെ യൂറോപ്യൻ പാർലമെന്റ് അംഗമായ റിമ ഹസന്‍, യാസമിന്‍ അകാര്‍, ബാപ്റ്റിസ്റ്റെ ആന്‍ഡ്രെ, തിയാഗോ അവില, ഒമര്‍ ഫൈയാദ്, പാസ്‌കല്‍ മൗറീറാസ്, യാനിസ്, സുയൈബ് ഒര്‍ദു, സെര്‍ജിയോ ടൊറിബിയോ, മാര്‍ക്കോ വാന്‍ റെന്നിസ്, റെവ വിയാഡ് എന്നിവരും ഒപ്പം ഗെയിം ഓഫ് ത്രോണ്‍സ് താരവും അയര്‍ലന്‍ഡുകാരനുമായ ലിയാം കണ്ണിങ്ഹാമും കപ്പലിലുണ്ട്.
കപ്പലിന് പ്രവേശനം അനുവദിക്കില്ലെന്ന് നേരത്തെ തന്നെ ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു. പലസ്തീന്‍ പ്രദേശത്തെ നാവിക ഉപരോധം മറികടക്കാന്‍ ആരെയും അനുവദിക്കില്ലെന്നാണ് ഇസ്രയേല്‍ നിലപാട്. കപ്പല്‍ തടയാന്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് നാവികസേനയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഗ്രെറ്റയേയും മറ്റ് സന്നദ്ധപ്രവര്‍ത്തകരേയും തിരിച്ചയയ്ക്കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്.

