ഒരു രാജ്യമെന്ന നിലയിൽ അസ്വാതന്ത്ര്യത്തിന്റെ അതിസങ്കീർണമായ പ്രശ്നങ്ങൾ അഭിമുഖീകരിച്ചുകൊണ്ടാണ് നാം ഇപ്പോഴും ജീവിക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ നിന്ന് മോചിതമായിട്ട് 76 വർഷങ്ങൾ കഴിഞ്ഞിട്ടും സ്വാതന്ത്ര്യത്തിന്റെ സ്ഥിതി എന്ത്? സ്വാതന്ത്ര്യം നഷ്ടപ്പെടുന്നിടത്ത് മനുഷ്യനെന്ന അനന്തമായ സാധ്യതയാണ് ഇല്ലായ്മ ചെയ്യപ്പെടുന്നത്. ജീൻ ജാക്വിസ് റൂസോ പറഞ്ഞു- “മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു. പക്ഷെ എല്ലായിടത്തും അവൻ ചങ്ങലക്കെട്ടുകളിലാണ്”. അതാണ് ഇപ്പോഴും സ്ഥിതി. ജനാധിപത്യ സംവിധാനത്തിൽ നിയമത്തിനും അവയെ നിലനിർത്തുന്ന സ്ഥാപനങ്ങൾക്കും സാമൂഹികമായ വലിയ ഉത്തരവാദിത്തമാണുള്ളത്. നിയമങ്ങൾ രൂപം കൊള്ളുന്ന ജനാധിപത്യ പ്രക്രിയക്ക് വിശ്വാസ്യത ഇക്കാര്യത്തിൽ പ്രധാനമാണ്. നിയമങ്ങൾ യഥാർത്ഥ സാമൂഹിക താല്പര്യങ്ങളെ, ജനാധിപത്യ മനുഷ്യാവകാശ ബോധ്യങ്ങളെ സാക്ഷാത്കരിക്കുന്നവയാവണം. സാമൂഹിക സാമ്പത്തിക അസമത്വമുണ്ട് എന്നത് ഇന്ന് വലിയ വാർത്തയല്ല, മഹാ സംഭവവുമല്ല. അത് ക്രമാതീതമായി വർധിക്കണം എന്ന നിർബന്ധബുദ്ധി ഫാസിസ്റ്റുകളുടെയും മൂലധന സമഗ്രാധിപത്യ ശക്തികളുടെയും സവിശേഷതയാണ്. കഴിഞ്ഞ 15 വർഷത്തിനിടയിൽ യൂറോപ്പ്, അമേരിക്ക, റഷ്യ, ചൈന എന്നീ പ്രദേശങ്ങളെ അപേക്ഷിച്ച് സാമൂഹിക‑സാമ്പത്തിക അസമത്വം ക്രമാതീതമായി വർധിച്ച ഒരു രാഷ്ട്രമാണ് ഇന്ത്യ.
വിഖ്യാതനായ സാമ്പത്തിക ശാസ്ത്രജ്ഞൻ തോമസ് പിക്കറ്റിയുടെ ‘മൂലധനവും പ്രത്യയശാസ്ത്രവും’ എന്ന ഗ്രന്ഥത്തിൽ അസമത്വത്തിന്റെ രാഷ്ട്രീയ കാരണങ്ങളെക്കുറിച്ചുള്ള സൈദ്ധാന്തിക നിഗമനങ്ങൾ കാണാൻ കഴിയും. ഇന്ത്യയിൽ സമൂഹത്തിന്റെ മേൽത്തട്ടിലുള്ള 10 ശതമാനം കൈവശം വച്ചരിക്കുന്ന സ്വത്തുക്കൾ മൊത്തം സ്വത്തിന്റെ 85 ശതമാനം വരുമത്രെ. എല്ലാ രാജ്യങ്ങളിലും അസമത്വം വർധിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെയത്രയും മറ്റെങ്ങും വർധിച്ചിട്ടില്ല എന്നത് അത്ഭുതകരം എന്നദ്ദേഹം പറയുന്നു. അമേരിക്കയിലും റഷ്യയിലും ചൈനയിലും അത് 50 ശതമാനത്തിലും യൂറോപ്പിൽ അത് 30 ശതമാനത്തിലും താഴെയെന്ന് തോമസ് പിക്കറ്റി എഴുതുന്നു.
സ്വത്വ രാഷ്ട്രീയത്തിന്റെ ഉദയം, സംവരണം അട്ടിമറിക്കപ്പെടുന്നതിന്റെ പശ്ചാത്തലം, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടന്നുകയറ്റം തുടങ്ങിയ കാര്യങ്ങൾ പറഞ്ഞ്, പിക്കറ്റി തന്റെ കാഴ്ചപ്പാട് വിശദീകരിക്കുന്നുണ്ട്. പൊതുമേഖലയ്ക്ക് മുൻകയ്യുള്ള നെഹ്രുവിയൻ സാമ്പത്തിക നയങ്ങളും, സംവരണത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹികമായി ശാക്തീകരിക്കപ്പെട്ടുകൊണ്ട് സാമ്പത്തിക സാമൂഹിക പ്രക്രിയയുടെ ഭാഗമാവാൻ കീഴാള വിഭാഗങ്ങളെ സജ്ജരാക്കുന്ന അംബേദ്കറിസവും ചേർന്ന സമീപനം നവലിബറൽ കാലത്ത് നഷ്ടമായതാണ് സാമ്പത്തിക അസമത്വത്തിന്റെ വളർച്ചയ്ക്ക് കാരണമാകുന്നത് എന്നദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ജനാധിപത്യത്തിന് ഇന്ത്യയിൽ ‘വർത്തമാനം’ വളരെ പരുങ്ങലിലാണ്. എന്താണ് വർത്തമാന കാലത്തിന് പിശക്? വർഗീയത, വിഭാഗീയത, അഴിമതി, സ്വജനപക്ഷപാതം, അധികാരത്തോടും പണത്തോടും അടങ്ങാത്ത ആഗ്രഹം, അധികാര കേന്ദ്രങ്ങളിൽ പോലും മാഫിയ സംഘങ്ങളുടെ സ്വാധീനം, ഉദ്യോഗസ്ഥ‑രാഷ്ടീയ മേഖലയിലെ വൃത്തികെട്ട കൂട്ടുകെട്ടുകൾ, രാഷ്ട്രീയ പാർട്ടികളിലെ പവർ ഗ്രൂപ്പുകൾ തുടങ്ങി പലതും. ലോകത്താകമാനം ജനാധിപത്യവിരുദ്ധ ചേരികൾ അതിശക്തമായിക്കൊണ്ടിരിക്കുന്നു. നീറോ, ലിയോ പോൾഡ് (ബെൽജിയം), ചെങ്കിസ്‌ഖാൻ, റോബിസ്പിയറെ, ഹിറ്റ്ലർ, മുസോളിനി തുടങ്ങിയ അതിക്രൂരന്മാരായ ഭരണാധികാരികളെപ്പോലുള്ളവര്‍ ഇന്നും ലോകത്തുണ്ട്.
വ്ലാഡിമിർ പുടിൻ, നെതന്യാഹു, ഡൊണാൾഡ് ട്രംപ് എന്നിവർ അതിരുകടന്ന ‘ഞാൻ’ എന്ന ഭാവത്തിന്റെ ഉദാത്ത ദൃഷ്ടാന്തങ്ങളാണ്. ഇവരോടൊപ്പമാണ് ഏകാധിപത്യവും അസഹിഷ്ണുതയും മൂലധനശക്തികളുടെ ചങ്ങാത്തവും ആധിപത്യവും മാത്രം ആഗ്രഹിക്കുന്ന ഇന്ത്യയിലെ ഭരണാധികാരിയും. ഇവരെല്ലാം സത്യത്തെ പൂർണമായും നിരാകരിക്കുന്നു. വ്യത്യസ്ത അഭിപ്രായമുള്ളവരെ ഇല്ലായ്മ ചെയ്യുന്നു. മനുഷ്യത്വമില്ലായ്മയാണിവരുടെ മുഖമുദ്ര.
മാനുഷിക മൂല്യങ്ങളെ ബഹുമാനിക്കുന്ന ജനായത്ത വ്യവസ്ഥിതിയുടെ ശത്രു അതിൽ കയറിക്കൂടുന്ന സ്വേച്ഛാധിപത്യ പ്രവണതകളാണെന്ന് ബെർട്രന്റ് റസലിനെ പോലുള്ള ചിന്തകർ ഉദ്ഘോഷിക്കുമ്പോൾ, സ്വേച്ഛാധിപത്യോന്മുഖമായ ഒരു കക്ഷി പ്രജാധിപത്യത്തിന്റെ ആവരണം ധരിച്ചു മോഹിനിയാടുന്നത് സന്തോഷത്തോടെ കാണാൻ സാധിക്കില്ല. സമഗ്രാധിപത്യത്തിലേക്കോ ഫാസിസത്തിലേക്കോ രാഷ്ട്രീയ വ്യവസ്ഥ നീങ്ങുന്നതിന്റെ ലക്ഷണങ്ങൾ നേതൃ വാഴ്ത്തലുകളിലാണ് കാണാൻ കഴിയുക. ഇത്തരം വാഴ്ത്തലുകൾക്ക് വഴങ്ങാത്ത വ്യവഹാരങ്ങളെല്ലാം വിമർശിക്കപ്പെടുകയും ചെയ്യും. അപദാനങ്ങളിലേക്ക് മാത്രം ചുരുങ്ങുന്ന വ്യവഹാരരീതി അനുവർത്തിക്കാത്ത വ്യക്തികളും വിചാരങ്ങളും ഉന്മൂലനം ചെയ്യപ്പെടും. ആ കാഴ്ചയാണ് രാജ്യത്തും, പല സംസ്ഥാനങ്ങളിലും, പല രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും കാണപ്പെടുന്നത്.
പോൾ മൈക്കൾ ഫുക്കോയുടെ ‘ഹിസ്റ്ററി ഓഫ് സെക്ഷ്വലിറ്റി’ എന്ന പഠന പരമ്പരയുടെ ഒന്നാം വാള്യത്തിൽ പറയുന്നു- “ചിന്തയിൽ നിന്നും രാഷ്ട്രീയ വിശകലനങ്ങളിൽ നിന്നും നാമിന്നും രാജാവിന്റെ തല വെട്ടിക്കളഞ്ഞിട്ടില്ല”. ഈ രാജാവാണ് പലപ്പോഴും ഭരണാധികാരികളുടെയും നേതാക്കളുടെയും ശരീരത്തിലേക്ക് പരകായ പ്രവേശം ചെയ്യുന്നത്. അതിന്റെ അച്ചടക്കത്തിന് വിധേയമാകാത്ത ചിന്തകളെയും വ്യക്തികളെയും ആക്രമിക്കുന്നതും പ്രാക്തനമായ ഒരു സൈനിക ബോധം മനസിൽ നിന്ന് മാറാത്തതുകൊണ്ടാണ്. അതാണ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും കാണുന്നത്. സ്വതന്ത്ര ജീവിതം യഥാർത്ഥമാകുന്നത് ജീവിതം തടസങ്ങളില്ലാതെ ഒഴുകുമ്പോഴാണ്. ആവിഷ്കാര സ്വാതന്ത്ര്യം ഏറ്റവും ഭീഷണി നേരിടുന്നത് മൂലധന സമഗ്രാധിപത്യത്തിൽ നിന്നും മതമൗലികവാദികളിൽ നിന്നുമാണ്. ന്യൂനപക്ഷങ്ങളും പിന്നാക്ക വിഭാഗങ്ങളും ദളിതരും ആദിവാസികളും പാർശ്വവൽക്കരിക്കപ്പെടുന്നു. മനുഷ്യനെന്ന പരിഗണനേ പോലും ഫാസിസ്റ്റുകൾ അവർക്ക് നൽകില്ല. പിന്നെന്ത് ജനാധിപത്യം? എന്ത് സ്വാതന്ത്ര്യം?
കുത്തക മുതലാളിത്തവും മുഖ്യധാരാ രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ ബന്ധം തികച്ചും പ്രത്യക്ഷമാണ്. നവലിബറൽ കാലത്ത് ഭരണകൂടം അതിന്റെ നയങ്ങളും പ്രവർത്തനങ്ങളും സ്വകാര്യ മൂലധനത്തിന്റെ നിക്ഷേപ സാധ്യതകൾ സുഗമമാക്കാനുള്ള ഒരു സ്ഥാപനം എന്ന നിലയിലേക്ക് ചുരുങ്ങി. സ്വകാര്യ മൂലധനത്തിന്റെ കുന്നുകൂടലിന്നും അതിന്റെ സാമ്പത്തിക ദുർന്നടത്തത്തിനുമാണ് നവലിബറൽ കാലം സാക്ഷ്യം വഹിക്കുന്നത്. കുന്നുകൂട്ടിയ ലാഭത്തിന്റെ ഒരു വിഹിതം അതാതു കാലത്തെ സർക്കാരുകൾക്കും രാഷ്ട്രീയ പാർട്ടികൾക്കും കൃത്യമായി ലഭിക്കും. ഇലക്ടറൽ ബോണ്ട് നമ്മൾ കണ്ടു. പിന്നെങ്ങനെ ജനാധിപത്യവും സ്വാതന്ത്ര്യവും സാക്ഷാത്കരിക്കപ്പെടും.
‘ജനാധിപത്യം എന്നത് രാഷ്ട്രത്തിലെ അവസാനത്തെ മനുഷ്യന്റെ അവകാശത്തിനു വേണ്ടിക്കൂടി മറ്റു മനുഷ്യര്‍ മുഴുവനും നിൽക്കുകയെന്നതാണ്’ എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനുമൊപ്പം സ്നേഹം, വിശ്വാസം, സത്യം, ധർമ്മം, നീതി, സാഹോദര്യം, മതേതരത്വം തുടങ്ങിയ മൂല്യങ്ങൾ ആധുനികതയുടെ ഭാഗമാണ്. ഇവയെല്ലാം ഇന്ന് എത്രത്തോളം നിലവിലുണ്ട്? ശരിക്കും അന്യനെ തനിക്കു മുകളിൽ പരിഗണിക്കുന്ന മനുഷ്യരുള്ള ഒരു ലോകത്തു മാത്രമെ യഥാർത്ഥ സ്വാതന്ത്ര്യം ഉണ്ടാവുള്ളു. .
ലോകം വായുവും വെള്ളവും വിത്തുകളും സസ്യങ്ങളും വിനിമയോപാധികളും വിജ്ഞാനരൂപങ്ങളുമടക്കം സാർവജനീനമായ സമ്പത്ത് മുഴുവൻ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള ശക്തമായ നീക്കങ്ങൾക്ക് കീഴ്പ്പെട്ടു. അതോടൊപ്പം സാർവജനീനതയുടെ സഹജബന്ധമായ സ്നേഹം പോലും തനിക്കു സ്വന്തമായവരെ മാത്രം സ്നേഹിക്കാൻ കഴിയുന്ന സ്വത്വമാത്ര സ്നേഹമായ സങ്കുചിത ശക്തിയായി മാറിയിരിക്കുന്നു. സ്നേഹിക്കപ്പെടാത്തവരെല്ലാം ശത്രുക്കൾ. അവരെ സൃഷ്ടിക്കലിലാണ് ഫാസിസ്റ്റുകളുടെ സജീവ ശ്രദ്ധ.
എല്ലാ രീതിയിലും ഗാന്ധിജിയാൽ സേവിക്കപ്പെട്ട ജനവിഭാഗമാണ് അധഃകൃതർ എന്ന സത്യം ചരിത്രം പഠിച്ചാൽ മനസിലാകും. ഇപ്പോഴത്തെ ഇന്ത്യയിൽ ഇടയ്ക്കിടെയുണ്ടാകുന്ന വർഗീയ ലഹളകളിൽ ഒരിനം ഈ അധഃകൃത പീഡനമാണ്. ജാതി ഹിന്ദുക്കളാലും അവർക്ക് അരു നിൽക്കുന്ന പൊലീസിനാലും കൊല്ലപ്പെടുന്ന അധഃകൃതർക്ക് ബ്രാഹ്മണ്യവും ഭരണകൂടവും നൽകിയ പേരാണ് ”നക്സലൈറ്റ്”. വെള്ളക്കാരെ ഇവിടെ നിന്നു കെട്ടുകെട്ടിച്ചതിനു ശേഷമുള്ള 76 വർഷത്തിനിടക്ക് ഇന്ത്യയിൽ നടന്നിട്ടുള്ള വർഗീയ ലഹളകൾ ബ്രിട്ടീഷുകാരുടെ കാലത്തുള്ളതിനെക്കാൾ എത്രയോ ഇരട്ടിയാണ്.
ഫാസിസ്റ്റ് അധികാര പ്രയോഗം എത്തുന്നത് അടിത്തട്ടിലൂടെയാണ്. വിശ്വാസത്തിന്റെയും പഴയ പ്രത്യയശാസ്ത്രങ്ങളുടെയും അടിസ്ഥാനത്തിൽ ഏറ്റവും താഴെ നിന്ന് ജനങ്ങളെ ഉണർത്തുന്നു. നിങ്ങളുടെ മതം, രാജ്യം, സംസ്കാരം എല്ലാം രക്ഷിക്കാൻ നിങ്ങൾ തന്നെ മുന്നോട്ടു വരണം എന്നാണവർ ജനങ്ങളോട് പറയുന്നത്. ഇങ്ങനെ ജനങ്ങളെ ആഴത്തിൽ പിടികൂടുന്ന പ്രതിഭാസമാണ് ഫാസിസം. ഇതിലാണ് ഇന്ന് ഇന്ത്യയിലെ ജനങ്ങൾ വീണു പോയത്. ഫാസിസം ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും കടുത്ത ശത്രുവാണ്. അതിനെ ശക്തമായി എതിർക്കുവാൻ ഇവിടത്തെ ലിബറൽ ഇടതുരാഷ്ട്രീയത്തിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ജനങ്ങൾ അവരുടെ രാഷ്ട്രീയ ഇച്ഛാശക്തി അടിയറവയ്ക്കുന്നു. ഒന്നിനും ഒരു നിയന്ത്രണമില്ലാത്ത അന്ധമായ ശക്തിയായി ജനങ്ങൾ മാറുന്നു.
ഫാസിസ്റ്റ് രാഷ്ട്രീയ ബാധയിൽ ഏതെങ്കിലും ഒരു നേതാവിനോ ബിംബത്തിനോ സ്വയം അടിമപ്പെടുന്നതിൽ ജനങ്ങൾക്ക് ആഹ്ലാദം തോന്നുന്നു. ഇതെല്ലാം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ടതാണ്. അതിനർത്ഥം ജനങ്ങൾ സ്വയം അടിമത്തം അഗ്രഹിക്കുന്നു എന്നാണ്. ത്യാഗത്തിലൂടെ നേടിയെടുത്ത ഒരു സ്വതന്ത്ര ജനതയെ അടിമത്തം ആഗ്രഹിക്കുന്ന ആൾക്കൂട്ടമാക്കി മാറ്റിയെടുക്കാൻ ഫാസിസ്റ്റ് രാഷ്ട്രീയത്തിനു കഴിഞ്ഞു. ജനങ്ങളെ ആത്മാഭിമാനമുള്ളവരാക്കി മാറ്റണം. ദുരധികാരത്തിനു മുന്നിൽ നട്ടെല്ലുവളയ്ക്കാതെ നിവർന്നു നിൽക്കാൻ, അനീതിയെ ചോദ്യം ചെയ്യുന്നവരാക്കാൻ, മതമൗലികവാദത്തെ ശക്തമായി നേരിടാൻ കെല്പുള്ളവരാക്കാൻ ജനങ്ങളെ ഉയർത്തേണ്ടത് ഇടതുപക്ഷത്തിന്റെ കടമയാണ്.
ഇടതുപക്ഷമായിരിക്കുക എന്നുവച്ചാൽ, മനുഷ്യനായി നിലനിൽക്കാൻ തീരുമാനിക്കുക എന്നതാണ്. മാനവികതയെ, നീതിബോധത്തെ, സഹിഷ്ണുതയെ ഗാഢമായി പുണരുക എന്നതാണ്. അഴിമതിയെ, സ്വജനപക്ഷപാതത്തെ, അധാർമ്മികതയെ, സമ്മർദ ഗ്രൂപ്പുകളെ എതിർക്കുക എന്നതാണ്. ജനമാണ് ഇടതുപക്ഷത്തിന്റെ ശക്തി.