കേരളത്തിലെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ധ്വംസിക്കപ്പെടുന്നു എന്ന തരത്തിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ മിന്നിമായുന്നത്. വാര്‍ത്തകള്‍ക്കുള്ളിലെ വാര്‍ത്തപോലെ ഒരുതരം ആസൂത്രിത അജണ്ടയാണതെന്ന് പറയുന്നതില്‍ തെറ്റൊന്നുമില്ല. ഭരണകൂടത്തിനെതിരെ വാര്‍ത്തകള്‍ നല്‍കുന്നവരെയെല്ലാം കള്ളക്കേസില്‍ കുടുക്കുന്നു, വിചാരണ ചെയ്യുന്നു എന്ന കൊടുംകുറ്റം ചാര്‍ത്തപ്പെട്ടിരിക്കുന്നു. എവിടെയായാലും മാധ്യമപ്രവര്‍ത്തനം സ്വതന്ത്രമായി തുടരണം. അതിന് കേരളമായാലും കേന്ദ്രമായാലും തടസം പാടില്ല. അധികാരം വിനിയോഗിച്ച് അതിനെ നേരിടാനും തുനിയരുത്. ശരിയായ മാധ്യമപ്രവര്‍ത്തനത്തെ, നേരായ വാര്‍ത്തകളെ ജനങ്ങള്‍ അത്രമേല്‍ വിശ്വസിക്കുന്നുണ്ട്. മാധ്യമങ്ങളുടെ വിശ്വാസ്യത ജനാധിപത്യത്തിന്റെ അനിവാര്യതയാണ് എന്ന തത്വം അങ്ങനെയാണ് സ്ഥാപിക്കപ്പെടുന്നത്.
ഇത് ആര്, ആരോട് പറയുന്നു എന്നതില്‍ സംശയങ്ങളുണ്ടാകാം. പ്രത്യേകിച്ച് മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ന്നുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍. ലോകാന്തര ബ്രിട്ടീഷ് മാധ്യമമായ റോയിട്ടേഴ്സ് ഗ്രൂപ്പ് പുറത്തുവിട്ട ഡിജിറ്റല്‍ റിപ്പോര്‍ട്ട് പറയുന്നത് ചാനലുകളുടെ വിശ്വാസ്യത 10 ശതമാനവും അച്ചടിമാധ്യമങ്ങുടേത് ഒമ്പത് ശതമാനവും ഇടിഞ്ഞെന്നാണ്. ഒറ്റ വര്‍ഷംകൊണ്ടാണിതെന്നത് മാധ്യമലോകത്തെ അമ്പരപ്പിക്കുന്നതാണ്. എങ്കിലും ഒരു മാധ്യമസ്ഥാപനവും അത് പരിശോധിക്കാന്‍ തയ്യാറല്ല. താന്‍ താന്‍ കേമന്‍ എന്ന വിധത്തില്‍ മാനേജ്മെന്റുകള്‍ക്കും മീതെ പറക്കുന്ന മാധ്യമപ്രഭുക്കളാണ് ഇവിടെ യഥാര്‍ത്ഥ പ്രതികള്‍. വാര്‍ത്തകളുടെ വിശ്വാസ്യതയേക്കാള്‍, ആ സമയത്തെ ട്രെന്‍ഡിനും റേറ്റിങ്ങിനും പ്രാധാന്യം കൊടുക്കുന്നു. ചിലയിടത്ത് അതിരുകടന്ന വിരോധവും പകയും പ്രകടമാക്കുന്നു. അവിടെയാണ് ജനങ്ങള്‍ മാധ്യമങ്ങളുടെ വിശ്വാസ്യതയെ സംശയിക്കുന്നത്.
ഊറിച്ചിരിക്കുന്ന ബുദ്ധികേന്ദ്രങ്ങള്‍
മാധ്യമങ്ങള്‍ക്ക് ഇവിടെ ആയുസില്ലാത്ത ഒരു അജണ്ടയുണ്ടെങ്കിലും അതിനപ്പുറം കടന്നുചിന്തിക്കുന്ന ബുദ്ധികേന്ദ്രങ്ങള്‍ ഊറിച്ചിരിക്കുന്നുമുണ്ട്. ഭരണഘടനയില്‍ മാധ്യമങ്ങള്‍ക്കുള്ള ശക്തി ജനങ്ങള്‍ക്കിടയില്‍ ഇല്ലാതാവുന്നതോടെ ജനാധിപത്യത്തിന്റെ കഴുത്തറുക്കുവാന്‍ വെമ്പുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണ്. ആരാണ് ഇത് മനസിലാക്കുന്നത്? കേരളം മാധ്യമ സ്വാതന്ത്ര്യത്തെ കൊല്ലുന്ന നാടാണെന്ന് നാടുനീളെ പറയുന്നത്, ദ കേരള സ്റ്റോറി എന്ന സിനിമയുടെയും സൂത്രധാരന്മാര്‍ തന്നെയാണ്. അതിനുദാഹരണമാണ് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കര്‍ നടത്തിയ പ്രസ്താവന. കേരളത്തില്‍ വ്യാപകമായ മാധ്യമവേട്ട നടക്കുന്നു എന്നായിരുന്നു ആരോപണം. കേരളത്തില്‍ നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനത്തിന് ഒരു തടസവുമില്ലെന്ന വസ്തുത മറച്ചുപിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിനുകുടപിടിക്കുന്നതാവട്ടെ കേരളത്തിലെ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും. മാധ്യമപ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല ജാവദേക്കറിന്റെ വാക്കുകള്‍ ആവര്‍ത്തിച്ചതും അതേ അജണ്ട തന്നെയാണ്.
കേരളത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ ക്രൂര നടപടികളുണ്ടായിട്ടുണ്ടോ? മാധ്യമ ചര്‍ച്ചകളും വാര്‍ത്തകളും സര്‍ക്കാര്‍ വിരുദ്ധ മാധ്യമപ്രയോഗങ്ങളും ദിനേന കാണുന്നവരല്ലേ മലയാളികള്‍. അവര്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്ന ഇത്തരം സര്‍ക്കാര്‍ വിരുദ്ധ ആരോപണങ്ങളും ഇടതുപക്ഷ വിരോധം പൂണ്ട അധിക്ഷേപങ്ങളും എന്താണ് നേടിക്കൊടുക്കുന്നത്. മാധ്യമങ്ങളും പ്രതിപക്ഷവും തോല്‍ക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും നാളുകള്‍ മലയാളികള്‍ക്ക് എങ്ങനെ സ്വീകരിച്ചുവെന്നത് ഫലപ്രഖ്യാപനത്തോടെ കണ്ടതാണ്.
യുപിയെ പോലെയാണോ കേരളം
കേരളത്തിലെ മാധ്യമപ്രവര്‍ത്തനത്തിന് ലഭിക്കുന്ന സ്വാതന്ത്ര്യം ഇന്ത്യയില്‍ മറ്റെവിടെയാണ് ഉള്ളത്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ സ്ഥിതി എന്താണ്. അവിടെ മാധ്യമപ്രവര്‍ത്തകര്‍ കേരളത്തിലെയും സ്വതന്ത്രമായി തങ്ങളുടെ ജോലി നിര്‍വഹിച്ച് വീടുകളില്‍ തിരിച്ചെത്തുന്നുണ്ടോ? 12 മാധ്യമപ്രവര്‍ത്തകരാണ് ഉത്തര്‍പ്രദേശിലെ ആതിദ്യനാഥ് സര്‍ക്കാരിന്റെയും ഗുണ്ടാസംഘങ്ങളുടെയും വേട്ടയെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. വിവിധ മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന നവീന്‍ ഗുപ്ത, രാജേഷ് മിശ്ര, രാഗേഷ് സിങ്, സൂരജ് പാണ്ഡെ, ഉദയ് പാസ്വാന്‍, രത്തന്‍ സിങ്, വിക്രം ജോഷി, സരാസ് അസ്‌ലം, ശുഭംമണി ത്രിപതി, സുലഭ് ശ്രീവാസ്തവ, രമണ്‍ കാസ്യം, സുധീര്‍ സൈനി എന്നിവരാണ് കൊല്ലപ്പെട്ട ആ മാധ്യമപ്രവര്‍ത്തകര്‍. ആതിദ്യനാഥ് സര്‍ക്കാരിന്റെ അഴിമതിക്കും മണല്‍ക്കൊള്ളയ്ക്കും വിവിധ അവിഹിത ഇടപാടുകള്‍ക്കും എതിരെ വാര്‍ത്ത നല്‍കിയതിനാണ് ഇവരെ കൊന്നൊടുക്കിയത്.
മണല്‍ മാഫിയയില്‍ നിന്നടക്കം ഭീഷണികള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇവരില്‍ പലരും സര്‍ക്കാരിനോട് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. അതൊന്നും പരിഗണിക്കാതെ വാടക കൊലയാളികള്‍ക്ക് മുന്നിലേക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നു. ഒരു വര്‍ഷത്തിനിടെ യുപിയിലും ഡല്‍ഹിയിലുമായി 48 സ്വതന്ത്ര പത്രപ്രവര്‍ത്തകര്‍ക്കുനേരെ ക്രൂരമായ ആക്രമണങ്ങളുണ്ടായിട്ടുണ്ട്. ഇതേ കാലയളവില്‍ ഉത്തര്‍പ്രദേശില്‍ മാത്രം പത്രപ്രവര്‍ത്തകര്‍ക്കുനേരെ ചുമത്തപ്പെട്ട ക്രിമിനല്‍ കേസുകളുടെ എണ്ണം 138 ആണ്. ഇങ്ങനെയാണോ കേരളം?. ആര്‍ക്കെങ്കിലും എതിരെ ഉത്തര്‍പ്രദേശിലേതുപോലെ കുറ്റം ചുമത്തി അറസ്റ്റുചെയ്തിട്ടില്ല. കൊന്നുകളഞ്ഞിട്ടില്ല. കേസെടുത്തിട്ടില്ല. ഇവിടെ അങ്ങനെ സംഭവിച്ചിട്ടില്ലെന്നുമാത്രമല്ല, യുപിയിലെയും മറ്റും പത്രപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന, നേരിടേണ്ടിവരുന്ന ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് ഒരുവരി വാര്‍ത്ത കൊടുക്കാന്‍ ഇവിടത്തെ മാധ്യമങ്ങള്‍ ശ്രമിക്കുന്നുമില്ല. അതൊന്നും മലയാളത്തിലെ പ്രമുഖമാധ്യമങ്ങള്‍ക്ക് വിഷയമേ അല്ല. എന്നാല്‍ അതിലും വലുതാണ് ഇപ്പോള്‍ ഇവിടെ നടക്കുന്നതെന്ന തോതില്‍ പ്രചാരണം അഴിച്ചുവിടാന്‍ മത്സരിക്കുകയും ചെയ്യുന്നു.
ഇഡി കയറിയിറങ്ങിയതെവിടെയെല്ലാം
ബിബിസിയില്‍ റെയ്ഡ് നടന്നു. അതിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകരല്ലാത്ത ജീവനക്കാര്‍ക്കും നിരവധി ഭീഷണി നേരിടേണ്ടിവന്നു. എന്തിനായിരുന്നു? ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോഡിക്കും ബിജെപിക്കും നേരിട്ടുള്ള പങ്ക് തെളിയിക്കുന്ന ഡോക്യുമെന്ററി പുറത്തുവിട്ടതിന്. ഏത് മലയാള മാധ്യമമാണ് ഈ കാര്യം ഗൗരവത്തോടെ മലയാളികളുടെ മുന്നില്‍ അവതരിപ്പിച്ചത്. ചര്‍ച്ചചെയ്തത്. എന്നാല്‍ കേരളത്തിനെതിരെ സംഘ്പരിവാര്‍ അജണ്ടയില്‍ വിരിഞ്ഞ ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് നല്‍കിയ പ്രചാരം എത്രത്തോളമായിരുന്നു. വിശേഷണങ്ങളും അതിവിപുലമായിരുന്നു. കേരളം അത് ഏറ്റെടുത്തില്ലെന്നുമാത്രമല്ല, മറ്റുപല സംസ്ഥാനങ്ങളും ആ വ്യാജകഥയെ എതിര്‍ത്തു. ഏതാനും മാധ്യമങ്ങള്‍ ആരുടെയോ താളത്തിന് തുള്ളുകയാണ്. അതേറ്റുപിടിക്കാന്‍ മറ്റുപലരും ഉണ്ടെന്ന മുന്‍ധാരണയോടെ തന്നെ.
‘ദൈനിക് ഭാസ്കര്‍’ എന്ന ഹിന്ദി പത്രം കോവിഡ് കാലത്ത് ഗംഗയില്‍ ഒഴുകി നടന്ന മൃതശരീരങ്ങളുടെ ചിത്രം പ്രസിദ്ധീകരിച്ചത് ഓര്‍ക്കുന്നില്ലേ? അവര്‍ അടുത്ത ദിവസത്തെ പത്രം അച്ചടിച്ചു തുടങ്ങും മുമ്പേ നരേന്ദ്രമോഡി ഭരണകൂടത്തിന്റെ വജ്രായുധമായ ഇഡി ദൈനിക് ഭാസ്കര്‍ പത്രത്തിന്റെ ഓഫീസില്‍ റെയ്ഡ് ആരംഭിച്ചിരുന്നു. ന്യൂസ് ക്ലിക് എന്ന മാധ്യമസ്ഥാപനത്തിലും ഇഡി കയറി. അതിന്റെ ചീഫ് എഡിറ്റര്‍ പ്രീബിര്‍ പുര്‍ക്യാസ്തയുടെ വീട്ടില്‍ 114 മണിക്കൂറാണ് ഇഡി റെയ്ഡ് നടത്തിയത്. എന്തിനായിരുന്നു? കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് വാര്‍ത്തകള്‍ എഴുതിയതിനാണ്. എന്‍ഡിടിവിയിലെ മുന്‍നിരക്കാരായ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ ഇഡി കയറിയിറങ്ങി. ദ വയറിന്റെ എഡിറ്റര്‍ സിദ്ധാര്‍ത്ഥ വരദരാജന്റെ വീട്ടിലും ഇഡി എത്തി. മലയാളം പത്രങ്ങളോ ചാനലുകളോ ഈ വിവരങ്ങള്‍ നമ്മളുമായി പങ്കുവച്ചിരുന്നോ? മലയാളം ചാനലായ മീഡിയാവണ്ണിനെതിരെ കേന്ദ്ര സര്‍ക്കാര്‍ എടുത്ത നിലപാട് എന്തായിരുന്നു. എന്തിന് ഏഷ്യാനെറ്റിനെയും കേന്ദ്ര സര്‍ക്കാര്‍ കൂച്ചുവിലങ്ങിട്ടു. എത്ര മലയാള മാധ്യമങ്ങള്‍ അന്ന് അതിനെതിരെ കൈകോര്‍ത്തു. പേരിനൊരു വാര്‍ത്ത മാത്രമായി ഒതുക്കി അതെല്ലാം. മീഡിയാവണ്‍ കേസിലെ കോടതി വിധി പോലും വേണ്ടവിധത്തില്‍ നല്‍കാന്‍ ഈ പറയുന്ന ഏഷ്യാനെറ്റും മടികാണിച്ചു. കേരള സര്‍ക്കാരിനെതിരെയുള്ള നീക്കത്തിന് ഇപ്പോള്‍ കാണിക്കുന്ന വര്‍ഗ ഐക്യം അത്തരം വിഷയങ്ങളിലൊന്നും ഉണ്ടായില്ല. പ്രതിപക്ഷം പോലും ഇവിടെ കേന്ദ്രഭരണകൂട ഭീകരത ചര്‍ച്ചചെയ്തില്ല.
മറ്റിടങ്ങളിലെ സ്വാതന്ത്ര്യധ്വംസനത്തെ ലളിതവല്‍ക്കരിക്കുകയല്ലേ?
ഇന്ത്യയിലാകെ നടക്കുന്ന ഗുരുതരമായ മാധ്യമസ്വാന്ത്ര്യധ്വംസനങ്ങളെ ലളിതവല്‍ക്കരിക്കാനാണ് ഇതെല്ലാം ഉപകരിക്കുന്നത്. ഔട്ട്‌ലുക്ക് എഡിറ്റര്‍ ആയിരുന്ന റുബന്‍ ബാനര്‍ജിയെ സ്ഥാപനം പുറത്താക്കിയതിന് പിന്നിലെ വസ്തുകള്‍ അദ്ദേഹം പിന്നീട് എഴുതിയിട്ടുണ്ട്. കോവിഡ് കാലത്ത് ഔട്ട്‌ലുക്കിന്റെ കവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്ന. ‘കാണാന്മാനില്ല’ എന്ന തലക്കെട്ടിന് താഴെ പേര്: ഗവ.ഓഫ് ഇന്ത്യ. വയസ്: ഏഴ്’ എന്നായിരുന്നു അത്. ഇതേ കവറുമായി മാഗസിന്‍ ന്യൂസ് സ്റ്റാന്‍ഡുകളില്‍ എത്താന്‍ പാടില്ലെന്ന് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ ഔട്ട്‌ലുക്കിന്റെ ഉടമകളില്‍ സമ്മര്‍ദം ചെലുത്തി. റൂബന്‍ ബാനര്‍ജിക്കും ഭീഷണിയുണ്ടായി. പിന്നീട് ഇന്ത്യയിലെ ഭീകരവിരുദ്ധ നിയമങ്ങളെക്കുറിച്ച് സ്റ്റാന്‍സ്വാമിയുടെ മരശേഷം വന്ന ലേഖനവും സംഘ്പരിവാറിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ഉറക്കം കെടുത്തി. പെഗാസസ് കത്തിനില്‍ക്കെ മുന്‍ ആഭ്യന്തര സെക്രട്ടറി ഗോപാലകൃഷ്ണപിള്ളയുമായി റൂബന്‍ നടത്തിയ അഭിമുഖം കൂടി അച്ചടിച്ചുവന്നു. അതോടെ ഔ്ട്ട്‌ലുക്കിലേക്ക് അദ്ദേഹത്തിന് കയറാനായില്ല.
ഇങ്ങനെ എത്രപേര്‍ക്ക് കേരളത്തില്‍ തൊഴില്‍ നഷ്ടമായിട്ടുണ്ട്. സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍, സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്ത നല്‍കിയതിന് ഗൗരി ലങ്കേഷിനെ പോലെ എത്രപേര്‍ ഇവിടെ മരിച്ചുവീണ്ടിട്ടുണ്ട്. സുപ്രീം കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവാതെ കഴിയുന്ന മുഹമ്മദ് സുബൈറിനെ പോലെ എത്രപേരുണ്ടിവിടെ? നരേന്ദ്രമോഡി സര്‍ക്കാര്‍ തുടരുന്ന മാധ്യമവേട്ട ലോകം ചര്‍ച്ചചെയ്യപ്പെടുകയാണ് ഇപ്പോഴും.
ആത്മപരിശോധന അനിവാര്യമാണ്
മാധ്യമങ്ങള്‍ക്ക് വിമര്‍ശനത്തിന് അവകാശമുണ്ട്. വിഷയങ്ങളെ സമഗ്രമായി പഠിക്കാതെ അധിക്ഷേപങ്ങള്‍മാത്രമായി ചുരുങ്ങുന്നിടത്താണ് എതിര്‍പ്പുകള്‍ ഉയരുന്നത്. വിമര്‍ശനം മാത്രമല്ല, സ്വയംവിമര്‍ശനവും അനിവാര്യമാണ്. ഇവിടെ ഏത് മാധ്യമമാണ് ആത്മപരിശോധനയ്ക്ക് തയ്യാറാവുന്നത്.
ഈയിടെ പ്രിയ വര്‍ഗീസ് കേസുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധി എങ്ങനെയാണ് മലയാള മാധ്യമങ്ങള്‍ കൈകാര്യം ചെയ്തത്. കേസില്‍ സിംഗിള്‍ ബെഞ്ചിന്റെ വിധി സര്‍ക്കാരിന് തിരിച്ചടി എന്ന് വലിയ വാര്‍ത്തയാക്കിയ മാധ്യമങ്ങളെല്ലാം ഡിവിഷന്‍ ബെഞ്ചിന്റെ വിധി പ്രിയയ്ക്ക് ആശ്വാസം എന്ന വാക്കിലൊതുക്കി. എന്നാല്‍ ഡിവിഷന്‍ ബെഞ്ചിന്റെ വിധിന്യായത്തിനൊപ്പമുള്ള പിന്‍കുറിപ്പ് മാധ്യമങ്ങള്‍ വേണ്ടവിധം പ്രസിദ്ധീകരിച്ചുകണ്ടില്ല. ഉത്തരവാദിത്തപ്പെട്ട മാധ്യമപ്രവര്‍ത്തനങ്ങളുടെ പെരുമാറ്റച്ചട്ടം സ്വയം പാലിക്കണം എന്ന് മാധ്യമപ്രവര്‍ത്തകരെ ഉപദേശിക്കുന്ന മൂന്ന് പാരഗ്രാഫ് വരുന്നതായിരുന്നു ആ കുറിപ്പ്. വിധിന്യായത്തോടൊപ്പമുള്ളതിനാല്‍ ഈ കുറിപ്പിനെയും വിധിയായി തന്നെ കാണണം. അടച്ചിട്ട കോടതിമുറികളിലെ വാദപ്രതിവാദവും അതിനിടയിലെ വാക്കാല്‍ പരാമര്‍ശവും പോലും വലിയ വാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍ക്ക് ഈ വിധിപകര്‍പ്പ് കയ്യില്‍ കിട്ടിയില്ലെന്ന് പറയാനാവില്ല. സ്വകാര്യതയെ മാനിക്കണം എന്നാണ് കോടതി മാധ്യമങ്ങളോട് വിധി പകര്‍പ്പിലൂടെ പറഞ്ഞിരിക്കുന്നത്. വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും മാനിക്കാത്ത വിധം കേരളത്തിലെ മാധ്യമ’സ്വാതന്ത്ര്യം’ എവിടെ എത്തിനില്‍ക്കുന്നു എന്നതിന്റെ തെളിവാണത്. കോടതിയുടെ ഈ ഗൗരവതരമായ വിധി ഉപദേശമായെങ്കിലും കാണണം. ഭരണഘടനയും ജനാധിപത്യവും മതേതരത്തവും സാഹോദര്യവുമെല്ലാം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈ കെട്ടകാലത്ത് പ്രത്യേകിച്ച്.
English Summary: Is freedom of media being destroyed in Kerala?