Site iconSite icon Janayugom Online

മഞ്ഞ് പുതച്ച് മൂന്നാർ; തണുപ്പ് മൈനസ് ഡിഗ്രിയില്‍

munnarmunnar

അതിശൈത്യത്തിൽ അമരാൻ ഏറെ വൈകിയെങ്കിലും തെക്കിന്റെ കാശ്മീരായ മൂന്നാർ വീണ്ടും മൈനസ് ഡിഗ്രിയിലെത്തി.
ഡിസംബര്‍ ആദ്യവാരം ശൈത്യകാലം ആരംഭിക്കേണ്ട മൂന്നാറിൽ ഇപ്പോഴാണ് തണുപ്പ് മൈനസ് ഡിഗ്രിയിലേക്കെത്തുന്നത്. മൂന്നാർ ചെണ്ടുവര എസ്റ്റേറ്റിൽ ഇന്നലെ തണുപ്പ് മൈനസ് ഡിഗ്രിയിലായിരുന്നു. മൈനസ് ഒരു ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടെ തണുപ്പ് രേഖപ്പെടുത്തിയത്. സൈലന്റ് വാലിയിലും നല്ലതണ്ണിയിലും തണുപ്പ് മൈനസ് ഡിഗ്രിക്കടുത്തെത്തുകയും ചെയ്തു. മാട്ടുപ്പെട്ടിയിൽ കുറഞ്ഞ താപനില മൂന്നു ഡിഗ്രിയിലേക്കെത്തിയപ്പോൾ തെന്മലയിൽ എട്ടു ഡിഗ്രിയായിരുന്നു തണുപ്പ്. വരും നാളുകളിലും തണുപ്പ് അതി ശക്തമാകുമെന്നാണ് കരുതുന്നത്.
ശൈത്യം മൈനസ് നാല് ഡിഗ്രിയിലേക്ക് താഴാറുള്ള മൂന്നാറിൽ 2013 നു ശേഷം തണുപ്പ് ഇത്രയും താഴ്ന്ന നിലയിലെത്തിയിട്ടില്ല. എല്ലപ്പെട്ടി, സെവൻമല, ലക്ഷ്മി, ചിറ്റുവാര, കന്നിമല, നെയ്മക്കാട് എന്നിവിടങ്ങളിലും നല്ല തണുപ്പാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിലനിൽക്കുന്ന നിയന്ത്രണങ്ങൾ മൂലം ഇത്തവണത്തെ കുളിര് ആസ്വദിക്കുവാനുള്ള അവസരം സഞ്ചാരികൾക്ക് നഷ്ടപ്പെടും. അതേസമയം കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം മൂന്നാറിന്റെ പരിസ്ഥിതിയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ജൂൺ മുതൽ മൂന്നുമാസം വരെ നീളുന്ന കാലവർഷമാണ് മൂന്നാറിലുണ്ടായിരുന്നത്. എന്നാൽ ഇക്കഴിഞ്ഞ വർഷം എല്ലാ മാസവും മഴ പെയ്ത സാഹചര്യത്തിലാണ് ശൈത്യമെത്താൻ വൈകിയതെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്.

Eng­lish Sum­ma­ry: Heavy mist in Munnar

You may like this video also

Exit mobile version