ഉത്തർ പ്രദേശിലെ മഥുരയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി. കൽക്കരി നിറച്ച ചരക്ക് തീവണ്ടിയുടെ പന്ത്രണ്ട് വാഗണുകൾ ആണ് പാളം തെറ്റിയത്. ഇതിനെ തുടർന്ന് ആഗ്രയ്ക്കും ഡൽഹിക്കുമിടയിലുള്ള ട്രെയിൻ ഗതാഗതം നിലച്ചു. കൽക്കരി നിറച്ച വാഗണുകൾ ട്രാക്കുകൾക്ക് കുറുകെ ചിതറിക്കിടക്കുകയും റെയിൽവേ ലൈനുകൾക്ക് കേടുപാടുകൾ വരുകയും ചെയ്‌തിട്ടുണ്ട്.
ഡൽഹി-മഥുര റൂട്ടിൽ വൃന്ദാവൻ റോഡ് സ്റ്റേഷന് സമീപമാണ് ഇന്നലെ രാത്രിയോടെ അപകടം ഉണ്ടായത്. അപകടത്തിൽ ട്രാക്കുകൾക്കും ഓവർഹെഡ് ഉപകരണങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. തടസ്സത്തെ തുടർന്ന് മഥുര റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കായി ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കിയിട്ടുണ്ട്. നിലവിൽ ഈ റൂട്ടിലുള്ള ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്.

