ലോക ഫുട്ബോൾ പ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ഫ്രഞ്ച് സൂപ്പർ കപ്പ് പോരാട്ടം ഈ വ്യാഴാഴ്ച കുവൈറ്റിൽ നടക്കും. കുവൈറ്റിലെ പ്രമുഖ കായിക വേദിയായ ജാബർ അൽ അഹമ്മദ് ഇന്റർനാഷണൽ സ്റ്റേഡിയമാണ് ഈ ചരിത്ര മത്സരത്തിന് വേദിയാകുന്നത്. കുവൈറ്റ് സമയം രാത്രി 9 മണിക്കാണ് മത്സരം. ഫ്രഞ്ച് ലീഗ് വൺ ചാമ്പ്യന്മാരായ പാരീസ് സെയിന്റ് ജെർമേയ്നും (പിഎസ്ജി) ഫ്രഞ്ച് കപ്പ് ജേതാക്കളായ മാഴ്സെയും തമ്മിലാണ് തീപാറുന്ന ഈ കിരീടപ്പോരാട്ടം നടക്കുന്നത്. ലോകോത്തര താരങ്ങൾ അണിനിരക്കുന്ന മത്സരം കാണാൻ കുവൈറ്റിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും ആയിരക്കണക്കിന് ഫുട്ബോൾ ആരാധകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യാന്തര തലത്തിലുള്ള വലിയ കായിക മത്സരങ്ങൾക്ക് വേദിയാകാനുള്ള കുവൈറ്റിന്റെ കായിക പാരമ്പര്യത്തിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണിത്. ഫ്രഞ്ച് സൂപ്പർ താരങ്ങളെ നേരിട്ട് കാണാനുള്ള അവസരം കുവൈറ്റിലെ ഫുട്ബോൾ പ്രേമികൾക്ക് വലിയ ആവേശമാണ് നൽകുന്നത്. മത്സരത്തിനുള്ള ടിക്കറ്റുകൾ ഇതിനോടകം തന്നെ ഓൺലൈൻ വഴി ലഭ്യമാക്കിയിട്ടുണ്ട്. മത്സരത്തിന് കുവൈറ്റ് പൂർണ്ണ സജ്ജമായതായി കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള സുപ്രീം കമ്മിറ്റിയുടെ ഉന്നതതല യോഗം വിലയിരുത്തി. ലോകമെമ്പാടുമുള്ള 122-ലധികം ടെലിവിഷൻ ചാനലുകൾ കുവൈറ്റിൽ നിന്നുള്ള ഈ പോരാട്ടം തത്സമയം സംപ്രേഷണം ചെയ്യും.

