മലമ്പുഴയിൽ ട്രെയിനുകൾ ഇടിച്ച് ഒമ്പത് പശുക്കൾ ചത്തു. നവോദയ വിദ്യാലയത്തിനുസമീപം കാഞ്ഞിരക്കടവ് കൊട്ടേക്കാട് പുഴപാലം പരിസരത്ത് ശനിയാഴ്ച പുലർച്ചെ 12.30നും 1.30നും മധ്യേയാണ് സംഭവം. കന്യാകുമാരിയിൽനിന്നും ശ്രീവൈഷ്ണോദേവി കത്രയിലേക്ക് പോകുന്ന ഹിംസാഗർ എക്സ് പ്രസ്, കൊച്ചുവേളി-യശ്വന്ത്പുർ എക്സ് പ്രസ്, ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എന്നീ ട്രെയിനുകളാണ് പശുക്കളെ ഇടിച്ചത്. എ ലൈൻ ട്രാക്കിലും ബി ലൈൻ ട്രാക്കിലുമായാണ് അപകടം നടന്നത്. ആദ്യം എ ലൈനിൽ ട്രെയിൻ പശുക്കളെ ഇടിച്ചതോടെ ട്രെയിൻ കുറച്ചുനേരം നിർത്തിയിട്ടു. ഈ ട്രെയിൻ പോയശേഷം പിന്നാലെ വന്ന ട്രെയിനും പശുക്കളെ ഇടിക്കുകയായിരുന്നു. തുടർന്ന് ബി ലൈനിലും അപകടമുണ്ടായി.
പതിവായി കാട്ടാന സാന്നിധ്യമുള്ളതിനാൽ വേഗ നിയന്ത്രണമുള്ള സ്ഥലമാണിത്. അപകടത്തെ തുടർന്ന് ട്രെയിനുകൾ 10 മിനിറ്റോളം വൈകി. മലമ്പുഴ പൊലീസ്, റെയിൽവേ അധികൃതർ, മൃഗ ഡോക്ടർ എന്നിവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അലക്ഷ്യമായി കാലികളെ അഴിച്ചുവിട്ട ഉടമക്കെതിരെ കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

