ഫിലിപ്പീൻസിൽ വീശിയടിച്ച കൊടുങ്കാറ്റിൽ മൂന്ന് മരണം. ഉഷ്ണമേഖലാ കൊടുങ്കാറ്റായ ബുവലോയിയെത്തുടർന്ന് തലസ്ഥാനമായ മനില ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കടുത്ത നാശനഷ്ടങ്ങളുണ്ടായി. സര്‍ക്കാര്‍ ഓഫിസുകള്‍ക്കും സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. വടക്കൻ ഫിലിപ്പീൻസിൽ കനത്ത നാശനഷ്ടങ്ങൾ വിതച്ച റാഗസ ചുഴലിക്കാറ്റിനു പിന്നാലെയാണ് ബുവലോയിയുമെത്തിയത്. മധ്യ ഫിലിപ്പീൻസിലെ കിഴക്കൻ സമറിൽ കരകയറിയ ബുവലോ, മാസ്‍ബേറ്റിലേക്ക് കടന്ന് തെക്കൻ ലുസോണിലെ ബിക്കോൾ മേഖലയിലൂടെ ആഞ്ഞടിച്ചു.
മാസ്‍ബേറ്റ് പ്രവിശ്യയിലാണ് മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തത്. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനും തുറമുഖങ്ങൾ വീണ്ടും തുറക്കുന്നതിനുമുള്ള അടിയന്തര ആവശ്യകത ചൂണ്ടിക്കാട്ടി, മാസ്‍ബേറ്റ് ഗവർണർ അന്റോണിയോ ഖോ സർക്കാരിൽ നിന്ന് അടിയന്തര സഹായം അഭ്യർത്ഥിച്ചു. തെക്കൻ ലുസോണിന്റെ മറ്റ് ഭാഗങ്ങളിൽ, കനത്ത മഴയും കാറ്റും കാരണം വൈദ്യുതി തടസങ്ങളും, അടിസ്ഥാന സൗകര്യങ്ങൾക്ക് നാശനഷ്ടങ്ങളുമുണ്ടായതായി പ്രാദേശിക ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു.
പ്രാദേശികമായി ഒപോങ് എന്ന് വിളിക്കപ്പെടുന്ന ബുവാലോയ് തീരത്തെത്തുന്നതിനു മുമ്പായി ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിച്ചിരുന്നു. മണിക്കൂറിൽ 110 മുതല്‍ 135 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന ബുവാലോയ്, വിയറ്റ്നാമിലേക്ക് നീങ്ങുമ്പോൾ വീണ്ടും ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്ന് പ്രവചിക്കപ്പെടുന്നു. വേഗത്തിൽ നീങ്ങുന്ന കൊടുങ്കാറ്റ് തിങ്കളാഴ്ചയോടെ രാജ്യത്തിന്റെ വടക്കൻ, മധ്യ തീരങ്ങളിൽ ആഞ്ഞടിക്കുമെന്ന് വിയറ്റ്നാമീസ് സർക്കാർ അറിയിച്ചു.
നാളെ മുതല്‍ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് ഇത് കാരണമാകും. ദക്ഷിണ ചൈനയിലും ഫിലിപ്പീൻസിലും തായ‍്‍വാനിലും കനത്ത നാശം വിതച്ച റാഗസ ചുഴലിക്കാറ്റില്‍ 17 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വർഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിൽ ഒന്നായിരുന്നു റാഗസ. തായ്‌വാനിലെ കിഴക്കൻ ഹുവാലിയൻ മേഖലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. നിരവധി വീടുകളും റോഡുകളും ഒലിച്ചുപോയി. വെള്ളം കുത്തിയൊഴുകിയതോടെ പല പാലങ്ങളും തകർന്നു.

