Site iconSite icon Janayugom Online

ഫ്രിഡ്ജ് റിപ്പയർ ചെയ്ത് നൽകിയില്ല; ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണെമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി

ഉൽപ്പന്നം റിപ്പയർ ചെയ്യാനുള്ള ഉപഭോക്താവിന്റെ അവകാശം ലംഘിച്ച ഫ്രിഡ്ജിന്റെ നിർമാതാവും സർവീസ് സെൻററും ഒരുലക്ഷം രൂപ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്‌തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു. എറണാകുളം വാഴക്കാല സ്വദേശി എസ് ജോസഫ് 2019 ജനുവരി മാസമാണ് സാംസങ് സർവീസ് സെന്ററിനെ ഫ്രിഡ്ജിൻ്റെ റിപ്പയറിങ്ങിനായി സമീപിച്ചത്.

കൂളിങ്ങ് സംവിധാനം തകരാറിലായ ഫ്രിഡ്ജ് റിപ്പയറിങ്ങിന് നൽകി 25 ദിവസം കഴിഞ്ഞിട്ടും സർവീസ് ചെയ്ത് കിട്ടിയില്ല. ഇതുമൂലം കുടുംബത്തിൻ്റെ ദൈനംദിന പ്രവർത്തനം തന്നെ താളം തെറ്റിയെന്ന് പരാതിക്കാരൻ പറയുന്നു. പ്രായമായ മാതാപിതാക്കളുടെ പ്രമേഹചികിൽസാ മരുന്ന് സമയത്തിന് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടായി. നിരവധി തവണ സർവീസ് സെൻററുമായി ബന്ധപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല. അവസാനം അനധികൃത സർവീസ് സെന്ററിനെ സമീപിക്കാൻ ഉപഭോക്താവ് നിർബന്ധിതനായി . 9 വർഷങ്ങൾക്കുശേഷമാണ് ഫ്രിഡ്ജിന് തകരാറുണ്ടായതെന്നും നിർമ്മാണപരമായ വൈകല്യംമല്ല മറിച്ച് പരാതിക്കാരൻ ഉപയോഗിച്ചതിന്റെ പിഴവ്മൂലമാണ് ഇത് സംഭവിച്ചത്. മാത്രമല്ല,വാറണ്ടി കാലയളവിന് ശേഷമാണ് റിപ്പയർ ചെയ്യുന്നതിനായി സർവീസ് സെൻററിൽ എത്തിയതെന്നും എതിർകക്ഷി ബോധിപ്പിച്ചു.

ന്യായമായ സമയത്തിനകം എതിർകക്ഷി ഫ്രിഡ്ജിൻ്റെ സർവീസ് നടത്തുന്നതിൽ എതിർ കക്ഷികൾ വീഴ്ച വരുത്തിയതിനാൽ നഷ്ടപരിഹാരം ലഭിക്കാൻ ഉപഭോക്താവിന് അവകാശമുണ്ടെന്ന് ഡി.ബി. ബിനു അദ്ധ്യക്ഷനും വി രാമ ചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി വ്യക്തമാക്കി.

“വലിയ വില കൊടുത്ത് ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താവ് അത് പ്രവർത്തനരഹിതമായാൽ സർവീസ് സെൻററിനെ സമീപിക്കുന്നു. പലപ്പോഴും കൃത്യമായ സർവീസ് ഉൽപ്പന്നത്തിന് അവിടെ നിന്നും ലഭിക്കാറില്ല. അതിനാൽ മറ്റൊരു ഉൽപ്പന്നം തന്നെ വില കൊടുത്ത് വാങ്ങാൻ ഉപഭോക്താവ് നിർബന്ധനാകും. ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കാനുള്ള ഉപഭോക്താവിന്റെ അവകാശത്തെ മാത്രമല്ല ഇത് ഹനിക്കുന്നത് , അമിത ചെലവും പരിസ്ഥിതി മലിനീകരണവും വർദ്ധിക്കുന്നു, കമ്മീഷൻ നിരീക്ഷിച്ചു.

യഥാസമയം ഫ്രിഡ്ജ് റിപ്പയർ ചെയ്ത് നൽകാത്തതുമൂലം പരാതിക്കാരൻ അനുഭവിച്ച ബുദ്ധിമുട്ടുകൾക്കും സാമ്പത്തിക ക്ലേശത്തിനും 80,000 രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതി ചെലവും 30 ദിവസത്തിനകം എതിർകക്ഷികൾ നൽകണമെന്ന് കോടതി ഉത്തരവിട്ടു.

Eng­lish Sum­ma­ry: Fridge not repaired; The Con­sumer Court ordered the con­sumer to pay a com­pen­sa­tion of Rs one lakh
You may also like this video

Exit mobile version