Site iconSite icon Janayugom Online

സമൂഹമാധ്യമം വഴി സൗഹൃദം, യുവതിയെ പീഡിപ്പിച്ച് ദൃശ്യം സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കി; യുവാവ് സ്വദേശി പിടിയില്‍

സമൂഹമാധ്യമം വഴി സൗഹൃദത്തിലായ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് അയച്ചുനല്‍കിയ കേസില്‍ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍. കക്കയങ്ങാട് സുജന നിവാസില്‍ സജീഷി(32)നെയാണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്. ഫേസ്ബുക്ക് വഴിയാണ് ഇയാള്‍ യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്.

മലപ്പുറം പരപ്പനങ്ങാടിയിലെ സ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്ന യുവതിയെ ഇയാള്‍ 2021 ഏപ്രിലില്‍ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയും പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. യുവതിയുടെ നഗ്നദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തുകയും ഇത് സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 2023ല്‍ വീണ്ടും പീഡിപ്പിക്കുകയുമായിരുന്നു.

പെണ്‍കുട്ടിക്ക് വന്ന വിവാഹാലോചന ഈ നഗ്നദൃശ്യങ്ങള്‍ കാണിച്ച് മുടക്കിയെന്നും സമൂഹമാധ്യമങ്ങളിലൂടെ അവ സുഹൃത്തുക്കള്‍ക്ക് പ്രതി അയച്ചുനല്‍കിയെന്നും പരാതിയില്‍ പറയുന്നു. പുതിയ ബസ് സ്റ്റാന്റ് പരിസരത്തുവെച്ച് സജീഷിനെ കസബ എഎസ്‌ഐ സജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷിജിത്ത്, ദീപു, സിവില്‍ പൊലീസ് ഓഫീസര്‍ ദിവ്യ എന്നിവരുള്‍പ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്.

Exit mobile version