ബഹിരാകാശത്തെ പരീക്ഷണശാലയെന്നോ, പാർപ്പിടമെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ഇന്റർ നാഷണൽ സ്പേസ് സെന്റർ എന്ന അന്താരാഷ്ട്ര ബഹിരകാശാ നിലയം ഭൂമിയെ ചുറ്റാൻ തുടങ്ങിട്ട് കാൽ നൂറ്റാണ്ട് തികയുന്നു. സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ഭൂമിയിൽ നിന്നും നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന തിളങ്ങുന്ന ഏക ഭ്രമണ വസ്തുവാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. ഒരു ഫുട്ബോൾ ഗ്രൗണ്ടിന്റെ വലുപ്പമുണ്ട് ഈ നിലയത്തിന് അല്ലെങ്കിൽ അഞ്ച് വലിയ കിടപ്പ് മുറികളുള്ള വീടിനോട് ഉപമിക്കാം. ഭൂമിയുടെ താഴ്ന്ന ഭ്രമണ പദമായ 330 — 435 കിലോമീറ്റർ ഉയരത്തിലാണ് ഭൂമിയെ വലയം വെക്കുന്നത്. സെക്കൻഡിൽ 7.66 കിലോമീറ്റർ വേഗത്തിൽ നിലയം സഞ്ചരിക്കുന്നു. ഓരോ ഒന്നര മണിക്കൂർ കൂടുമ്പോഴും ഒരു പ്രാവശ്യം ഭൂമിയെ വലം വയ്ക്കുന്ന നിലയം ഒരു ദിവസം 16 പ്രാവശ്യം ഭൂമിയെ ചുറ്റുന്നു. അതായത് ദിവസവും 16തവണ ഇതിലെ സഞ്ചാരികൾ സൂര്യോദയവും സൂര്യസ്തമയവും കാണുന്നു എന്നർത്ഥം.
പല ഘട്ടങ്ങളിലായി യന്ത്ര ഭാഗങ്ങൾ ബഹിരാകാശത്ത് കൊണ്ട് പോയി കൂട്ടിയോജിപ്പിച്ചാണ് ഇത്രയും വലിയ മനുഷ്യ ഗ്രഹം ബഹിരാകാശത്ത് ശാസ്ത്രജ്ഞർ സാധ്യമാക്കിയത്. കൃത്യമായി പറഞ്ഞാൽ 1998 നവംബർ 20ന് റഷ്യയുടെ കൺട്രോൾ മോഡ്വൗളായ സര്യ(zarya)അവരുടെ തന്നെ പ്രോട്ടോൺ റോക്കറ്റിൽ ബഹിരാകാശത്തു പറന്നുയർന്നു. അതാണ് തുടക്കം. ഒരു മാസത്തിനകം അമേരിക്കയുടെ യൂണിറ്റി എന്ന മോഡ്വൗളും ബഹിരാകാശത്തു എത്തി. അതിന് ശേഷം സ്പേസ് ഷട്ടിലിൽ ബഹിരാകാശത്തു പോയ വാന ശാസ്ത്രജ്ഞർ ഇവ രണ്ടും കൂട്ടിയോജിപ്പിച്ചു. പിന്നിട് റഷ്യയുടെ zvezda കൂടി കൂട്ടിചേർത്തതോടെ നിലയം എകദേശം പ്രവർത്തന സജ്ജമായി. 2000 നവംബർ രണ്ടിന് നിലയത്തിൽ ആദ്യ താമസക്കാരുമെത്തി. പിന്നെയും പല മോഡ്വൗളുകളും നിലയത്തിൽ കൂട്ടി ചേർത്തിട്ടുണ്ട്. 2016 വരെ ഈ കൂട്ടിചേർക്കലുകൾ നടന്നു. ഇപ്പോൾ ഏതാണ്ട് 42 ഘടക ഭാഗങ്ങൾ ഉണ്ട്. 109 മീറ്റർ നീളവും 72.8 മീറ്റർ വീതിയുമുള്ള നിലയത്തിന് 462 ടൺ ഭാരമുണ്ട്. അമേരിക്ക, റഷ്യ, ജപ്പാൻ, യൂറോപ്യൻ യൂണിയൻ, യുകെ, ക്യാനഡ തുടങ്ങിയ രാജ്യങ്ങളിലെ സ്പേസ് ഏജൻസികളുടെ സംയുക്ത സംരംഭമാണിത്.
സ്ഥിരമായി താമസിക്കാൻ ആറ് ശാസ്ത്രജ്ഞരും വന്ന് പോകുന്ന സന്ദർശകരെയും ഉൾക്കൊള്ളാൻ വേണ്ട അവശ്യ സൗകര്യങ്ങളെല്ലാം ഇവിടെയുണ്ട്. ഇപ്പോൾ നിലവിൽ ഇന്ത്യൻ വംശജ സുനിത വില്യംസ് ഉൾപ്പെടെ ഒമ്പത് പേരുണ്ട്. ഇതുവരെയുള്ള ഏകദേശ കണക്കനുസരിച്ചു ഇരുപതോളം രാജ്യങ്ങളിൽ നിന്നായി ഉദ്ദേശം ഇരുന്നൂറ്റി അൻപതോളം പേർ ഈ അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിച്ചു കഴിഞ്ഞു. 3000ത്തിലധികം ചെറുതും വലുതുമായ പരീക്ഷണങ്ങൾക്കും ഇവിടെ വേദിയായി. വിവിധ രാജ്യങ്ങളിൽ നിന്നും വരുന്ന ശാസ്ത്രജ്ഞർക്ക് പരീക്ഷണം നടത്താൻ വെവ്വേറെ പരീക്ഷണശാലകളാണ് ഇവിടെയുള്ളത്. ഭൂമിക്ക് ചുറ്റും കറക്കം തുടങ്ങിയിട്ട് 25 വർഷം തികയുകയാണ്.
ബഹിരാകാശത്തു മനുഷ്യ സാന്നിധ്യം ഉറപ്പിക്കുകയും അതോടപ്പം ഭൂമിയിൽ വെച്ച് സാധ്യമാവാത്ത പരീക്ഷണങ്ങൾ നടത്തുക, അതായത് സൂക്ഷ്മ ഗുരുത്വ ബലത്തിൽ മനുഷ്യനുൾപ്പെടെ സസ്യ ജീവ ജാലങ്ങൾക്ക് എന്തൊക്കെ സംഭവിക്കാം എന്നതിനെ സംബന്ധിച്ച് ഗവേഷണങ്ങൾ ഇതൊക്കെയാണ് സ്പേസ് സ്റ്റേഷന്റെ പ്രധാന ലക്ഷ്യങ്ങൾ. അടുത്തിടെ ചിലയിനം കൃഷികളും ഇവിടെ നടത്തി വിളവെടുത്തിരുന്നു. മുള്ളങ്കിയാണ് അങ്ങനെ ആദ്യം വിളവെടുത്തത്. പിന്നെ പച്ചമുളകും വിളയിച്ചിരുന്നു. ഈ നിലയത്തിന്റെ ആയുസ് പരമാവധി 30 വർഷം വരെയാണ്. 25 വർഷം തികയുമ്പോൾ റഷ്യ ഈ സംരംഭത്തിൽ നിന്നും പിന്മാറുമെന്ന് പറയപ്പെടുന്നു.
വിവാഹം മുതൽ കുറ്റകൃത്യം വരെ
*******************************
ഈ നിലയത്തിൽ പരീക്ഷണങ്ങൾ മാത്രമല്ല മറ്റ് പല കൗതുകങ്ങളും അരങ്ങേറിയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് റഷ്യയുടെ യൂറി മലെൻ ചെങ്കൊ സ്വദേശത്തായിരുന്ന കൂട്ടുകാരി ഇക്കാറ്ററിനയെ വിവാഹം കഴിച്ച സംഭവം. ഹോട് ലൈൻ സംവിധാനത്തിലൂടെയായിരുന്നു ഇത്. മറ്റൊരു സംഭവമാണ് 2020ലെ അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ നിലയത്തിൽ സജ്ജികരിച്ച പ്രതേക പോളിങ് ബൂത്തിൽ കാതലിൻ റൂബിൻസ് വോട്ട് ചെയ്തത്. ഇതന്ന് വലിയ വാർത്ത പ്രാധാന്യം നേടുകയുണ്ടായി. ഇന്ന് ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് ബഹിരകാശ നിലയം. ആദ്യമായെത്തിയ ടൂറിസ്റ്റ് അമേരിക്കൻ ബിസിനസ് കാരനായ ടെന്നീസ് ടീറ്റോയാണ്. ഇതിനിടയിൽ ഇവിടെ ഒരു കുറ്റകൃത്യവും നടന്നു 2019ലാണ് അത്. അമേരിക്കൻ ബഹിരാകാശ യാത്രിക നാട്ടിലുള്ള തന്റെ മുൻ പങ്കാളിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും അയാളറിയാതെ നിലയത്തിൽ വച്ച് പണം പിൻവലിക്കുകയുണ്ടായി. ഇതോടെയാണ് മറ്റൊരു പ്രശ്നം ഉയർന്ന് വന്നത്. ബഹിരാകാശത്ത് വെച്ച് കുറ്റകൃത്യം നടന്നാൽ ആര് കേസെടുക്കും എന്നത്. അവസാനം അതിനൊരു തീരുമാനമായി കുറ്റം ചെയ്യുന്ന വ്യക്തി എവിടുത്തെ സിറ്റിസൺ ആണോ ആ രാജ്യത്തെ നിയമം അനുസരിച്ചായിരിക്കും നിയമ നടപടി സ്വികരിക്കുക. ഇത് സംബന്ധിച്ച് അന്താരാഷ്ട്ര ബഹിരകാശ നിയമം തന്നെയുണ്ട്.
കണ്ടം ചെയ്യാൻ 7035 കോടിയുടെ കരാർ?
*****************************************
ഇന്ന് അന്താരാഷ്ട്ര ബഹിരകാശ നിലയം നിശ്ചയിച്ച അതിന്റെ കാലാവധിയോട് അടുക്കുതോറും പല വിധ പ്രശ്നങ്ങളും നേരിട്ടു തുടങ്ങി. ഇപ്പോഴത്തെ ഏറ്റവും വലിയ പ്രതിസന്ധി പുതിയ ഒരിനം ബാക്ടീരിയയുടെ സാന്നിധ്യമാണ്. മനുഷ്യ ശ്വാസനത്തെ ബാധിക്കുന്ന ഗുരുതരമായ രോഗത്തിന് കാരണമായേക്കാവുന്ന എന്റെറൊബാക്ടർ ബുഗാണ്ടെനിസ് എന്ന പേരുള്ള ഈ സൂക്ഷ്മ ജീവി വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. അതോടപ്പം ബഹിരകാശ മാലിന്യവും പ്രതിസന്ധി ഉണ്ടാക്കുന്നു. റഷ്യയുടെ കാലാവധി കഴിഞ്ഞ റിസഴ്സ് 1 ഉപഗ്രഹം നിലയത്തിനടുത്ത് വച്ച് പൊട്ടിതെറിച്ചത് വലിയ ആശങ്ക ഉണ്ടാക്കി. നാസ തക്ക സമയത്ത് ഇടപെട്ടതുകൊണ്ട് ദുരന്തം ഒഴിവായി. ഏതായാലും 2030ലോ 2031ലോ നിലയം പൊളിക്കാനുള്ള കരാറിൽ സ്വകാര്യ ബഹിരകാശ ഗവേഷണ സ്ഥാപനമായ ഇലോൺ മാസ്ക് ന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സുമായി നാസ കരാറിൽ ഏർപ്പെട്ടു കഴിഞ്ഞു.
ബഹിരാകാശത്തും സിനിമ
**************************
സിനിമ ചിത്രീകരണം ഇപ്പോൾ ബഹിരാകാശത്തും സാധ്യമായിരിക്കുന്നു. രാജ്യാന്തര ബഹിരാകാശ നിലയമാണ്(ISS) അതിന് വേദിയായിരിക്കുന്നത്. റഷ്യൻ സംവിധായകനായ ക്ലിം ഷിപെങ്കോ സംവിധാനം ചെയ്യുന്ന ചാലഞ്ച് എന്ന സിനിമയാണ് ബഹിരാകാശത്തിൽ ഷൂട്ട് ചെയ്ത് ചരിത്രം സൃഷ്ടിച്ചത്. ശൂന്യകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമയാണ് ചാലഞ്ച്. 2021ഒക്ടോബർ അഞ്ചിന് സിനിമാ സംഘത്തെയും കൊണ്ട് റഷ്യൻ ബഹിരാകാശ വാഹനമായ സോയുസ് യാത്ര തിരിച്ചു. ആന്റൺ ഷകപ്ലെറോവെ എന്ന ബഹിരകാശ യാത്രികനോടൊപ്പൊമായിരുന്നു സംവിധായകന്റെയും റഷ്യൻ നടിയായ യൂലിയയുടെയും യാത്ര. ബഹിരകാശയാത്രികനെ ചിലകിത്സിക്കാനെത്തുന്ന ഡോക്ടറുടെ വേഷമാണ് യൂലിയ ചെയ്തത്. അങ്ങനെ ബഹിരാകാശ താരമായി അവർ ചരിത്രത്തിൽ ഇടം നേടി. ശരിക്കുമുള്ള റിയൽ സിനിമ താരം. താരങ്ങൾ ബഹിരകാശത്താണല്ലോ! ഒക്ടോബർ 17ന് ഈ സംഘം തിരിച്ചെത്തി. അതായത് 12 ദിവസം ഇവർ ബഹിരാകാശത്തായിരുന്നു. സിനിമയുടെ ബാക്കി ഭാഗങ്ങൾ ഭൂമിയിൽ വച്ച് തന്നെയാണ് ഷൂട്ട് ചെയ്തത്.