Site iconSite icon Janayugom Online

പത്തിൽ നിന്ന് നേരെ സിനിമയിലേക്ക്; സംവിധായികയായി ചിന്മയി

filmfilm

പത്തിലെ പരീക്ഷയുടെ തിരക്കുകഴിഞ്ഞതേ സിനിമയുടെ അണിയറ തിരക്കിലേക്ക് പോയ ചിന്മയി നായർ അടുത്ത ദിവസം തന്നെ സംവിധായികയായി സ്വന്തം സ്കൂളിലെ ലൊക്കേഷനിൽ. ചിറക്കടവ് എസ് ആർ വിഎൻഎസ് സ്കൂളിലായിരുന്നു ചിത്രീകരണം. സ്വിച്ച് ഓൺ നിർവഹിക്കാനെത്തിയ ജില്ലാകളക്ടർ പി കെ ജയശ്രീ കളക്ടറായി തന്നെ സിനിമയിൽ അഭിനയിക്കുകയും ചെയ്ത അപൂർവതയോടെയാണ് കൊച്ചുസംവിധായികയുടെ സിനിമത്തുടക്കം.

ചലച്ചിത്രസംവിധായകനായ ചിറക്കടവ് പനിയാനത്ത് അനിൽരാജിന്റെ മകളായ ചിന്മയി അച്ഛനിൽ നിന്ന് സംവിധാന പാഠങ്ങൾ പഠിച്ചാണ് ആദ്യസിനിമ ചെറുപ്രായത്തിൽ തന്നെ ഒരുക്കാൻ തീരുമാനിച്ചത്. ചേമ്പിലത്തുള്ളി, ഗ്രാൻഡ് മാ എന്നിങ്ങനെ രണ്ട് ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത അനുഭവ സമ്പത്തുമുണ്ട്. അച്ഛന്റെ ലൊക്കേഷനുകളിൽ സന്ദർശകയായിരുന്ന ചിന്മയി അനിൽരാജിനൊപ്പം നിരവധി പരസ്യചിത്രങ്ങളിൽ സംവിധാന സഹായിയായിട്ടുണ്ട്.

സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല. നായകൻ വിജയ് യേശുദാസാണ്. കലാഭവൻ ഷാജോൺ, സുധീർ, ശ്വേത മേനോൻ, സജിമോൻ പാറയിൽ, ബാലതാരം മീനാക്ഷി തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങളുണ്ട്.

സിനിമയിൽ ഗാന്ധിജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുന്ന ജില്ലാകളക്ടറായാണ് കോട്ടയം കളക്ടർ പി കെ ജയശ്രീ അഭിനയിച്ചത്.

കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡംഗമായ ഡോ. ജെ പ്രമീളാദേവിയും പ്രദേശത്തെ സാംസ്കാരിക പ്രവർത്തകരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിദേശമലയാളിയായ സാബു കുരുവിളയാണ് നിർമാണം.

സിനിമയുടെ ചിത്രീകരണത്തുടക്കത്തിൽ എൻഎസ്എസ് പൊൻകുന്നം യൂണിയൻ പ്രസിഡന്റ് അഡ്വ. എം എസ് മോഹൻ, എസ് ആർ വി സ്കൂൾ മാനേജർ എം കെ അനിൽകുമാർ, പ്രഥമാധ്യാപകൻ കെ ലാൽ തുടങ്ങിയവരും ഭാഗമായി.

ആദ്യഷോട്ട് തന്റെ പ്രിയപ്പെട്ട വിദ്യാലയത്തിൽ നിന്നാവണമെന്ന ആഗ്രഹത്തിന്റെ പൂർത്തീകരണം കൂടിയായി ശനിയാഴ്ച നടന്ന ചിത്രീകരണം. ചിന്മയിയുടെ അച്ഛൻ അനിൽരാജും ഇതേ സ്കൂളിലെ പൂർവവിദ്യാർഥിയാണ്. കംഗാരു എന്ന സിനിമയുടെ കഥയെഴുതി ചലച്ചിത്രരംഗത്തെത്തിയ അനിൽരാജ് 1000-ഒരു നോട്ടുപറഞ്ഞ കഥ, സൂത്രക്കാരൻ എന്നീ സിനിമകളുടെ സംവിധായകനാണ്.

Eng­lish Sum­ma­ry: From ten straight to the cin­e­ma; Chin­mayi as the director

You may like this video also

Exit mobile version