Site iconSite icon Janayugom Online

വേനലിൽ വെന്തുരുകുമ്പോൾ
പഴവർഗങ്ങൾക്ക് തീവില

ചുട്ടുപൊള്ളുന്ന വേനലിൽ നാട് വെന്തുരുകുമ്പോൾ പഴങ്ങൾക്കും ജ്യൂസിനും വില കുതിക്കുന്നു. ഒരു മാസത്തിനിടെ പല പഴങ്ങൾക്കും കിലോയ്ക്ക് അഞ്ച് മുതൽ 20 രൂപ വരെയാണ് വില ഉയർന്നത്. 30രൂപ വിലയുണ്ടായിരുന്ന ഞാലിപ്പൂവൻ പഴത്തിന് ഇന്നലെ 50 രൂപയായിരുന്നു വില. ഓറഞ്ച്, മുന്തിരി, ആപ്പിൾ എന്നിവയുടെയും വില കുത്തനെ ഉയർന്നു. പഴങ്ങൾക്ക് വില വര്‍ധിച്ചതോടെ കടകളിൽ ജ്യൂസിനും വില കൂട്ടി. അഞ്ചുകിലോ തണ്ണിമത്തന് 100 രൂപ മാത്രമാണ് വിലയെങ്കിൽ കടകളിൽ ഒരു ഗ്ലാസ് തണ്ണിമത്തൻ ജ്യൂസിന് 20 മുതൽ 25 രൂപവരെയാണ് ഈടാക്കുന്നത്. വഴിയോരങ്ങളിലെ ജ്യൂസ് വില്പന കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന പഴങ്ങൾ നിലവാരം കുറഞ്ഞവയാണെന്നും പരാതിയുണ്ട്. 

ഈ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന ശക്തമാക്കണമെന്നും ആവശ്യമുയരുന്നു. റംസാൻ നോമ്പ് എത്തുന്നതോടെ വില വീണ്ടും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. ചൂട് കടുത്തതോടെ വഴിയോരങ്ങളിൽ ശീതളപാനീയ കടകളുടെ നീണ്ടനിരയാണ്. തണ്ണിമത്തൻ ജ്യൂസ്, കുലുക്കി സർബത്ത് കടകളാണ് അധികവും. സംഭാരം വില്പനയും വഴിയോരങ്ങളിൽ സജീവമായി. രസകദളി 85–90, കുരുവില്ലാത്ത പച്ചമുന്തിരി 100–120, കുരുവില്ലാത്ത കറുത്ത മുന്തിരി 140–180, പൈനാപ്പിൾ 45–60, പേരയ്ക്ക (പിങ്ക്) 95–100, ഓറഞ്ച് 90–100, സപ്പോർട്ട 50–60, മുസമ്പി 70–80 എന്നിങ്ങനെയാണ് വില.

Exit mobile version