പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച കേന്ദ്രസർക്കാർ നടപടി ജനങ്ങളെ കബളിപ്പിക്കാൻ. സ്വന്തം ഭരണകാലത്ത് വർധിപ്പിച്ചതിന്റെ മൂന്നിലൊന്നു മാത്രമാണ് കുറച്ചത്. അന്താരാഷ്ട്ര വിപണിയിൽ പെട്രോളിയം വില കുത്തനെ താഴ്ന്നപ്പോഴൊക്കെ ആനുപാതികമായി തീരുവ ഉയർത്തി ജനങ്ങളെ പിഴിയുകയായിരുന്നു മോഡി സർക്കാർ. പണപ്പെരുപ്പം നിയന്ത്രണാതീതമായ നിലയിലെത്തിയപ്പോഴാണ് ചെറിയ അളവിൽ ഇളവ് നല്കാൻ കേന്ദ്രം നിർബന്ധിതമായത്.
മോഡി അധികാരമേറ്റ 2014 മേയിൽ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 9.48 രൂപയായിരുന്നു. ഇത് 32.90 രൂപയായും ഡീസലിന്റേത് 3.56 രൂപയിൽനിന്ന് 31.80 രൂപയായും വർധിപ്പിച്ചു. കഴിഞ്ഞ നവംബറിൽ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി പെട്രോളിന് അഞ്ച് രൂപയും ഡീസലിനു 10 രൂപയും വീതം വില കുറച്ചു. നിലവിൽ 27.90 രൂപയായിരുന്ന പെട്രോളിന്റെ തീരുവയാണ് എട്ടുരൂപ കുറച്ചത്. ഡീസലിൽ ലിറ്ററിന് 18.24 രൂപ തീരുവ വർധിപ്പിച്ച ശേഷം ആറ് രൂപ കുറച്ചു.
2014 ൽ ക്രൂഡോയിൽ വില വീപ്പയ്ക്ക് 50–60 ഡോളറായിരുന്നു. കോവിഡ് കാലത്ത് അത് 20 ഡോളർവരെ താഴ്ന്നു. ക്രൂഡോയിൽ വില കുറയുമ്പോൾ സംസ്ഥാനങ്ങളുമായി പങ്കിടേണ്ട അടിസ്ഥാന തീരുവ കുറച്ചശേഷം മറ്റു തീരുവകൾ വർധിപ്പിക്കുകയായിരുന്നു കേന്ദ്രം ചെയ്തിരുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ തീരുവ വർധിപ്പിച്ച് കേന്ദ്രം ഏതാണ്ട് 23 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്. ഇന്ധന നികുതിയുടെ 42 ശതമാനം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നുവെന്ന മോഡി സർക്കാരിന്റെ വാദവും പച്ചക്കള്ളമാണ്.
കേന്ദ്രം പിരിക്കുന്ന മൊത്തം ഇന്ധന നികുതിയുടെ 42 ശതമാനമല്ല, മറിച്ച് അടിസ്ഥാന എക്സൈസ് നികുതിയുടെ 42 ശതമാനമാണ് സംസ്ഥാനങ്ങൾക്ക് നൽകുന്നത്. ഒരു ലിറ്റർ പെട്രോളിന്റെ അടിസ്ഥാന നികുതി 1.40 രൂപയാണ്. ഇതിന്റെ 42 ശതമാനമാണ് എല്ലാ സംസ്ഥാനത്തിനുമായി വീതിക്കുക. ഇതനുസരിച്ച് കേരളത്തിന് ഒരു ലിറ്റർ പെട്രോളിന് ഒരു പൈസ മാത്രമാണ് കേന്ദ്രനികുതിയിൽ നിന്ന് ലഭിക്കുക. ഒരുവർഷത്തിലേറെയായി രാജ്യത്തെ പണപ്പെരുപ്പം രണ്ടക്കത്തിൽ നില്ക്കുന്നു.
ഇക്കാലയളവിൽ പെട്രോളിയം ഉല്പന്നങ്ങളുടെ വില 70 ശതമാനമാണ് രാജ്യത്ത് വർധിച്ചത്. ഇതേത്തുടർന്നാണ് സർവമേഖലയിലും വില കുതിച്ചുകയറിയത്. മൊത്തവിപണിയിൽ 1992നുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായ 15.1 ശതമാനമാണ് കഴിഞ്ഞമാസത്തെ പണപ്പെരുപ്പം. ഇന്ധന-ഊർജ മേഖലയിൽ പണപ്പെരുപ്പം 38.66 ശതമാനമായി. ഭക്ഷ്യമേഖലയിൽ പണപ്പെരുപ്പം 8.35 ശതമാനവും കാർഷിക, ഗ്രാമീണ മേഖലകളിലെ വിലക്കയറ്റം ഏപ്രിലിൽ യഥാക്രമം 6.44,6.67 ശതമാനം വീതവുമായി. ഈ സ്ഥിതി തുടർന്നാൽ ശ്രീലങ്കയുടെ അവസ്ഥയിലേക്ക് കൂപ്പുകുത്തും എന്ന സാമ്പത്തിക വിദഗ്ധരുടെയും പ്രതിപക്ഷത്തിന്റെയും മുന്നറിയിപ്പാണ് നേരിയ ഇളവെങ്കിലും നല്കാൻ നിർബന്ധിതമാക്കിയത്.
English summary;Fuel tariff reduction is a drama of the Modi government
You may also like this video;