Site iconSite icon Janayugom Online

സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ധനസഹായം ഒരു കോടിയായി ഉയര്‍ത്തും: മന്ത്രി

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കെഎസ് ഐഡിസി വഴി നല്‍കുന്ന ധനസഹായം 50 ലക്ഷം രൂപയില്‍ നിന്ന് ഒരു കോടി രൂപയാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കെഎസ്ഐഡിസി സംഘടിപ്പിച്ച സ്കെയില്‍ അപ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിര്‍മ്മാണമേഖലയ്ക്ക് പ്രാധാന്യം നല്‍കി നവംബറില്‍ കൊച്ചിയില്‍ സ്റ്റാര്‍ട്ടപ്പ് സംഗമം നടത്തുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായ വകുപ്പ് ആരംഭിച്ച ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പരിപാടിയില്‍ ആറുമാസം കൊണ്ട് 61,350 സംരംഭങ്ങള്‍ തുടങ്ങാനായെന്നും ഇതിലൂടെ 1,35,000ല്‍പരം ആളുകള്‍ക്ക് ജോലി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെല്‍ട്രോണുമായി ചേര്‍ന്ന് ആയിരംകോടി രൂപ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിക്കായി രൂപരേഖ തയാറാക്കിവരികയാണ്. കേരളത്തിന്റെ ഉല്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി ബ്രാന്‍ഡിങ് കേരള, മെയ്ഡ് ഇന്‍ കേരള പോലുള്ള ബ്രാന്‍ഡിങ് രീതികളും നടപ്പാക്കും. ഇവ സപ്ലൈകോ പോലുള്ള വിതരണ ശൃംഖലകളില്‍ പ്രത്യേക വിഭാഗമുണ്ടാക്കി വിറ്റഴിക്കും. ഐടി മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളും സഹായങ്ങളും ഐടി ഇതര സ്റ്റാര്‍ട്ടപ്പുകള്‍ക്കും നല്‍കുകയെന്നതാണ് സര്‍ക്കാര്‍ നയമെന്ന് അദ്ദേഹം പറഞ്ഞു.
പ്രാഥമിക മൂലധന നിക്ഷേപം കിട്ടി വളരുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ ചിലത് കേരളം വിട്ടുപോകുന്നതിന്റെ കാരണം മനസിലാക്കി അതു പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ്. അതിന്റെ ഭാഗമായാണ് സ്റ്റാര്‍ട്ടപ്പുകളെ കേള്‍ക്കുന്നതിനുള്ള ഇത്തരം പരിപാടികള്‍. സംരംഭകത്വം പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ടതുണ്ടെന്നും 1000 സംരംഭക വികസന ക്ലബ്ബുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ഐഡിസിയുടെ സ്റ്റാര്‍ട്ടപ്പ് സാമ്പത്തിക പദ്ധതിയില്‍ സഹായം ലഭിച്ച കമ്പനികളിൽ കൂടുതൽ വിജയകരമായി പ്രവർത്തിച്ചുവരുന്ന ആറ് കമ്പനികൾക്കുള്ള അച്ചീവ്‌മെന്റ് അവാർഡും ഈ വർഷം വായ്പ അനുവദിച്ചിട്ടുള്ള ഏഴു കമ്പനികൾക്കുള്ള അനുമതിപത്രവും പരിപാടിയില്‍ മന്ത്രി രാജീവ് വിതരണം ചെയ്തു.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, കെഎസ്ഐഡിസി എംഡി എസ് ഹരികിഷോര്‍, ജനറൽ മാനേജർ അശോക് ലാല്‍ എന്നിവർ സംസാരിച്ചു. 

Eng­lish Sum­ma­ry: Fund­ing for start-ups to be increased to Rs 1 crore: Minister

You may like this video also

Exit mobile version