Site iconSite icon Janayugom Online

ഫണ്ട് ലഭിച്ചില്ല: അഞ്ച് ലാബുകള്‍ അടച്ചുപൂട്ടി

രാജ്യത്തെ ജനിതക ശ്രേണീകരണ പരിശോധനകള്‍ക്ക് തിരിച്ചടി സ‍ൃഷ്ടിച്ചുകൊണ്ട് ലാബുകള്‍ അടച്ചുപൂട്ടുന്നു. കെമിക്കല്‍ റിയേജന്റുകള്‍ക്കുള്ള ഫണ്ടിന്റെ അഭാവം കാരണം ഇന്‍സാകോഗിന്റെ ഭാഗമായുള്ള അഞ്ച് ജനിതക ശ്രേണീകരണ പരിശോധനാ ലാബുകള്‍ രാജ്യത്ത് അടച്ചുപൂട്ടിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജനിതക ശ്രേണീകരണ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ഉണ്ടെങ്കിലും റിയേജന്റുകളുടെ അഭാവം, കേസുകള്‍ തിരിച്ചറിയുന്നതില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 38 ജനിതക ശ്രേണീകരണ ലാബുകളാണ് രാജ്യത്തുള്ളത്. ജനിതക ശ്രേണീകരണ പരിശോധനകളുടെ എണ്ണം കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 40 ശതമാനം കുറഞ്ഞിട്ടുണ്ട്. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം 25,000 സാമ്പിളുകളിലെ ശ്രേണീകരണം നടത്തിയിട്ടുള്ളു. കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു ശേഷം 1.6 ലക്ഷത്തോളം സാമ്പിളുകളില്‍ മാത്രമാണ് ജനിതക ശ്രേണീകരണം നടത്തിയിട്ടുള്ളത്. എല്ലാ സാമ്പിളുകളിലും ജനിതക പരിശോധന നടത്താന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഭാഷ്യം.മൂന്നാം തരംഗത്തിനിടെ കേസുകളുടെ എണ്ണത്തിൽ വൻ വർധനവ് റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകളും സമാനമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. 

വൈറസിന്റെ വകഭേദങ്ങൾ തിരിച്ചറിയുന്നതിനേക്കാൾ രോഗികളെ ചികിത്സിക്കുന്നതാണ് പ്രധാനമെന്നാണ് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ പ്രതികരിച്ചത്. ഒമിക്രോണടക്കമുള്ള വകഭേദങ്ങള്‍ കണ്ടെത്തുന്നതിലും കേസുകളുടെ എണ്ണം കണക്കാക്കുന്നതിലും ഗുരുതര തിരിച്ചടിയായി ലാബുകളുടെ പ്രവര്‍ത്തനത്തിലെ വീഴ്ചകള്‍ മാറും. കോവിഡ് വെെറസിന്റെ വകഭേദ പരിണാമങ്ങളെ കൃത്യമായി കണ്ടെത്തുന്നതില്‍ ജനിതക ശ്രേണീകരണ പരിശോധന ആവശ്യമാണെന്നിരിക്കെ പരിശോധനാ സംവിധാനങ്ങളുടെയും ഉപകരണങ്ങളുടെയും അഭാവം കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

(പ്രതീകാത്മക ചിത്രം)
eng­lish summary;Funds not received: Five labs closed
you may also like this video;

Exit mobile version