Site iconSite icon Janayugom Online

ഫര്‍ബോ രക്തം നല്‍കി, ഷാഡോയ്ക്ക് പുതുജീവന്‍

റോട്ട് വീലര്‍ ഇനത്തില്‍പ്പെട്ട നായയ്ക്ക് ചികിത്സയുടെ ഭാഗമായി രക്തപ്പകര്‍ച്ച നടത്തി ഡോക്ടര്‍മാര്‍. മൃഗങ്ങളില്‍ രക്തപ്പകര്‍ച്ച നടത്തുന്നത് അത്യപൂര്‍വമാണ്.
നിലമ്പൂര്‍ കോവിലകത്തുമുറി അമ്പാടിയില്‍ കമല്‍ ചന്ദ്രയുടെ ഷാഡോ എന്ന നായക്കാണ് അതിഗുരുതരമായ ബബീഷിയോസിസ് രോഗം പിടിപെട്ടത്. ചികിത്സയില്‍ പുരോഗതി കണ്ട് തുടങ്ങിയിരുന്നു എങ്കിലും രോഗഫലമായി വന്ന രക്തകോശങ്ങളുടെ കുറവും വിളര്‍ച്ചയും മൂലം രക്തം കയറ്റിയുള്ള ചികിത്സ അത്യാവശ്യമായി വന്നു.

മൃഗങ്ങള്‍ക്ക് ബ്ലഡ് ബാങ്ക് സംവിധാനമോ ഗ്രൂപ്പ് തിരിച്ചുള്ള ശേഖരണമോ നിലവിലില്ലാത്തതിനാല്‍ ആരോഗ്യമുള്ള ഒമ്പത് വ്യത്യസ്ത നായ്ക്കളില്‍ പരിശോധനകള്‍ നടത്തിയതിന് ശേഷമാണ് കമലിന്റെ സുഹൃത്തായ പ്രസാദിന്റെ ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പെട്ട ഫര്‍ബോ എന്ന നായയില്‍ നല്ല രക്തദാതാവിനെ കണ്ടെത്തുന്നത്. തുടര്‍ന്ന് ഫര്‍ബോയില്‍ നിന്നും ശേഖരിച്ച 270 മില്ലി രക്തം കയറ്റി ഷാഡോയ്ക്ക് ചികിത്സ നല്‍കി.

കരുളായി വെറ്ററിനറി സര്‍ജന്‍ ഡോ. ജെ ഐശ്വര്യ, നിലമ്പൂര്‍ മൊബൈല്‍ വെറ്ററിനറി ക്ലിനിക്കിലെ സര്‍ജന്‍ ഡോ. അമല്‍, മൂത്തേടം വെറ്ററിനറി സര്‍ജന്‍ ഡോ. എസ് ശ്യാം, വെറ്ററിനറി സര്‍ജന്‍ ഡോ. ഒ വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ നല്‍കിയത്. മൃഗസ്‌നേഹിയായ ലിജോയുടെ സന്നദ്ധത ഇത്രയധികം നായകളില്‍ പരിശോധന നടത്തി രക്തദാതാവിനെ കണ്ടെത്തുന്നതില്‍ ഏറെ സഹായകമായി. ഷാഡോ പൂര്‍ണ ആരോഗ്യത്തിലേക്ക് തിരികെ വന്നുവെന്ന് ഉടമസ്ഥന്‍ അറിയിച്ചു.

Eng­lish Sum­ma­ry: Fur­bo gave blood, giv­ing Shad­ow new life

You may also like this video

Exit mobile version