Site iconSite icon Janayugom Online

ഭാവി നഗരവികസനം പുതിയ പ്രവണതകള്‍ക്ക്‌ അനുസരിച്ചാകണം: മുഖ്യമന്ത്രി

നഗര രൂപകൽപ്പനയിലെ പുതിയ പ്രവണതകൾ സ്വീകരിച്ചാകണം ഭാവിയിൽ നഗരങ്ങൾ വികസിപ്പിക്കേണ്ടതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നഗരവികസനരംഗത്തെ മികച്ച മാതൃകകളും സംവിധാനങ്ങളും സാങ്കേതികവിദ്യകളും ചർച്ച ചെയ്യാൻ വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ) സംഘടിപ്പിച്ച ബോധി 2022 ദേശീയ നഗരവികസന സെമിനാർ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സേവനം, വാണിജ്യം, ഐടി, വ്യവസായം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലെ വളർച്ചയുമായി ആഗോളനഗരമായി വികസിക്കുകയാണ് കൊച്ചി. കേരളത്തിന്റെ സമഗ്രവികസനത്തിൽ ഏറെ പ്രസക്തമാണ് ബോധി കോൺക്ലേവ്. ലാൻഡ് പൂളിങ്‌, ട്രാൻസ്‌ഫർ ഓഫ് ഡെവലപ്‌മെന്റ് റൈറ്റ്‌സ് തുടങ്ങി നഗരാസൂത്രണവുമായി ബന്ധപ്പെട്ട വികസനസമീപനങ്ങൾ പ്രധാന വികസനപദ്ധതികളിൽ നടപ്പാക്കണം. ഇതുവഴി സർക്കാരിന് സാമ്പത്തികബാധ്യതയും നിയമപരമായ സങ്കീർണതകളും ഒഴിവാക്കാനാകും.

കേരള ടൗൺ ആൻഡ് കൺട്രി പ്ലാനിങ്‌ ആക്ടിൽ സർക്കാർ ഇതുമായി ബന്ധപ്പെട്ട നിയമങ്ങളും മാനദണ്ഡങ്ങളും തയ്യാറാക്കുകയാണ്. നഗരമേഖലയിൽ പൊതു–-സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതൽ പദ്ധതികൾ ഭാവിയിലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ബോൾഗാട്ടി പാലസിൽ നടന്ന ചടങ്ങിൽ മന്ത്രി എം ബി രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ജിസിഡിഎ സ്ഥാപക ചെയർമാൻ എസ്‌ കൃഷ്ണകുമാറിനെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. ചീഫ് സെക്രട്ടറി വി പി ജോയി ഓൺലൈനായി പങ്കെടുത്തു. ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള അധ്യക്ഷനായി.

കൊച്ചി മേയർ എം അനിൽകുമാർ, ഹൈബി ഈഡൻ എംപി, ടി ജെ വിനോദ് എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കോഴിക്കോട് കോർപറേഷൻ മേയർ ബീന ഫിലിപ്പ്, തൃശൂർ കോർപറേഷൻ മേയർ എം കെ വർഗീസ്, തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ്, തദ്ദേശ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കേന്ദ്ര നഗരാസൂത്രണ ഹൈ ലെവൽ കമ്മിറ്റി ചെയർമാൻ കേശവ്‌ വർമ, കൊച്ചി സ്മാർട്ട് മിഷൻ സിഇഒ എസ് ഷാനവാസ്, കില ഡയറക്ടർ ജനറൽ ജോയി ഇളമൺ, ജിസിഡിഎ സെക്രട്ടറി അബ്ദുൽ മാലിക്, പ്ലാനിങ്‌ ബോർഡ് അംഗം ജിജു പി അലക്‌സ്, ബോധി കൺവീനർ എസ് ആതിര തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Summary:
Future urban devel­op­ment should fol­low new trends: CM

You may also like this video:

Exit mobile version