നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സിനിമാതാരം ജയസൂര്യ കളമശേരിയിൽ നടത്തിയ പരാമർശങ്ങൾ വസ്തുതകള്‍ മനസിലാക്കാതെയാണെന്ന് ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍. ജയസൂര്യയുടെ സുഹൃത്തും സിനിമ‑സീരിയൽ നടനുമായ കൃഷ്ണപ്രസാദിൽ നിന്നും സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില ഇതുവരെ നൽകിയിട്ടില്ലെന്നും അത് ലഭിക്കുന്നതിനായി തിരുവോണ ദിവസം അദ്ദേഹം ഉപവാസമിരിക്കുന്നു എന്നതുമാണ് അദ്ദേഹം നടത്തിയ പരാമർശം. ഇത് തികച്ചും വാസ്തവവിരുദ്ധമായ പരാമർശമാണെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.
കൃഷ്ണപ്രസാദിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില ജൂലൈ മാസം തന്നെ നൽകിയതാണെന്ന് മന്ത്രി വ്യക്തമാക്കി. അദ്ദേഹം കോട്ടയം ജില്ലയിൽ പായിപ്പാട് കൃഷിഭവനുകീഴിൽ കൊല്ലാത്ത് ചാത്തൻകേരി പാടശേഖരത്തെ 1.87 ഏക്കർ കൃഷിഭൂമിയിൽ വിളയിച്ച 5,568 കിലോ നെല്ല് സപ്ലൈകോ സംഭരിക്കുകയും അതിന്റെ വിലയായ 1.57 ലക്ഷം രൂപ ജൂലൈ മാസത്തിൽ എസ്ബിഐ വഴി പിആർഎസ് വായ്പയായി നൽകിയിട്ടുള്ളതുമാണ്. വസ്തുത ഇതായിരിക്കെ, കൃഷ്ണപ്രസാദിന് നെല്ലിന്റെ വില നൽകിയില്ലെന്ന ജയസൂര്യയുടെ പരാമർശം കാര്യങ്ങൾ ശരിയായ വിധത്തിൽ മനസിലാക്കാത്തതു കൊണ്ടാകാമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ പറഞ്ഞു.
2022–23 സീസണിൽ കർഷകരിൽ നിന്നും സംഭരിച്ച 7.31 ലക്ഷം മെട്രിക് ടൺ നെല്ലിന്റെ വിലയായി 2070.71 കോടി രൂപയാണ് കർഷകർക്ക് നൽകേണ്ടിയിരുന്നത്. ഇതിൽ 1817.71 കോടി രൂപ കർഷകർക്ക് വിതരണം നടത്തിയിട്ടുണ്ട്. 50,000 രൂപ വരെ നെല്ലിന്റെ വില നൽകേണ്ട കർഷകർക്ക് പൂർണമായും, ബാക്കി മുഴുവൻ കർഷകർക്ക് നെല്ലിന് നൽകേണ്ട വിലയുടെ 28 ശതമാനവും ഓണത്തിന് മുൻപു തന്നെ അവരുടെ അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്തിരുന്നു. ബാക്കി 253 കോടി രൂപ പിആർഎസ് വായ്പയായി കർഷകർക്ക് വിതരണം ചെയ്യുന്നതിന് എസ്ബിഐ, കാനറ ബാങ്കുകളുമായി ധാരണാപത്രം ഓണത്തിനു മുൻപു തന്നെ ഒപ്പിടുകയും ഇതിന്റെ വിതരണം 24ന് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വസ്തുതകൾ ശരിയായി മനസിലാക്കാതെ യുഡിഎഫ് നടത്തുന്ന ഉപവാസ സമരം രാഷ്ട്രീയ പ്രേരിതമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
English Summary: G R Anil reacted actor Jayasurya speech
You may also like this video