Site iconSite icon Janayugom Online

യുഎസ് എതിര്‍പ്പ് മറികടന്ന് ജി20 പ്രഖ്യാപനത്തിന് അംഗീകാരം

യുഎസ് ബഹിഷ്കരണം അവഗണിച്ച് ആഗോള സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നിര്‍ദേശമടങ്ങിയ സംയുക്ത പ്രഖ്യാപനത്തിന് ജി20 ഉച്ചകോടിയില്‍ അംഗീകാരം. പ്രഖ്യാപനം അംഗീകരിക്കുന്നതില്‍ നേതാക്കള്‍ക്കിടയില്‍ അങ്ങേയറ്റം അഭിപ്രായ സമന്വയമുണ്ടായിരുന്നുവെന്ന് വെെറ്റ് ഹൗസിനയച്ച കത്തില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ വ്യക്തമാക്കി. 

വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ അസ്ഥിരതയുടെയും, സംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും, അസമത്വത്തിന്റെയും, ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിന്റെയും വിഘടനത്തിന്റെയും പശ്ചാത്തലത്തിലാണ് ഉച്ചകോടി നടക്കുന്നത്. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട അതിർത്തികളിൽ ഒരു രാജ്യവും ബലപ്രയോഗമോ ഭീഷണിയോ ഉപയോഗിക്കരുത്. ലോകമെമ്പാടുമുള്ള യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും പ്രതികൂല ആഘാതങ്ങളിലും മനുഷ്യർ അനുഭവിക്കുന്ന വലിയ കഷ്ടപ്പാടുകളും ആശങ്കയുണ്ടാക്കുന്നു. സാധാരണക്കാര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള എല്ലാ ആക്രമണങ്ങളെയും അപലപിക്കുന്നുവെന്നും പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. യുഎൻ ചാർട്ടറിന്റെ ഉദ്ദേശ്യങ്ങളും തത്വങ്ങളും പൂർണമായും പാലിച്ചുകൊണ്ട് സുഡാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, അധിനിവേശ പലസ്തീൻ പ്രദേശം, ഉക്രെയ്ൻ എന്നിവിടങ്ങളിൽ നീതിയുക്തവും സമഗ്രവും നിലനിൽക്കുന്നതുമായ സമാധാനത്തിനായി പ്രവർത്തിക്കുമെന്നും ലോകമെമ്പാടുമുള്ള മറ്റ് സംഘർഷങ്ങളും യുദ്ധങ്ങളും അവസാനിപ്പിക്കും. സമാധാനത്തിലൂടെ മാത്രമേ സുസ്ഥിരതയും സമൃദ്ധിയും കൈവരിക്കാൻ കഴിയൂ എന്നും ജി20 പ്രഖ്യാപനത്തില്‍ പ്രസ്താവനിച്ചു. 

1999ൽ ഏഷ്യൻ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജി20 രൂപീകൃതമായതിനുശേഷം, ഇതാദ്യമായാണ് ഒരു അംഗരാജ്യം ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ വെള്ളക്കാരായ ആഫ്രിക്കക്കാർ അടിച്ചമര്‍ത്തല്‍ നേരിടുന്നുവെന്ന് ആരോപിച്ചാണ് ഉച്ചകോടി ബഹിഷ്കരിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചത്. അതേസമയം, അമേരിക്കൻ ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ പ്രഖ്യാപനം അംഗീകരിക്കാനാവില്ലെന്ന് യുഎസ് മറ്റ് അംഗരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

സമവായ തീരുമാനങ്ങൾ മാത്രം പുറപ്പെടുവിക്കുക എന്നത് ജി20 യുടെ ദീർഘകാല പാരമ്പര്യമാണ്. യുഎസിന്റെ ആവര്‍ത്തിച്ചുള്ള എതിര്‍പ്പുകള്‍ അവഗണിച്ച് ദക്ഷിണാഫ്രിക്കൻ സർക്കാർ ഈ സമ്പ്രദായത്തിൽ നിന്ന് പിന്മാറാൻ ശ്രമിക്കുന്നത് ലജ്ജാകരമാണെന്ന് വെെറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ക്ഷണിക്കപ്പെട്ട ഒരാളുടെ അഭാവത്തിന്റെ പേരിൽ ഒരു ബഹുമുഖ വേദിയെ സ്തംഭിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു വെെറ്റ് ഹൗസിന് ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രി റൊണാൾഡ് ലാമോളയുടെ മറുപടി. പ്രഖ്യാപനത്തെക്കുറിച്ച് വീണ്ടും ചർച്ച ചെയ്യാൻ കഴിയില്ലെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് വക്താവ് വിൻസെന്റ് മാഗ്‌വെന്യ വ്യക്തമാക്കി. 

അടുത്ത വർഷത്തെ ജി20 അധ്യക്ഷ സ്ഥാനം യുഎസിന് ഔപചാരികമായി കൈമാറുന്നതുമായി ബന്ധപ്പെട്ടും ദക്ഷിണാഫ്രിക്ക എതിര്‍പ്പുന്നയിച്ചു. ഞായറാഴ്ച നടന്ന ഉച്ചകോടിയുടെ സമാപനത്തിൽ അധ്യക്ഷ സ്ഥാനം യുഎസ് എംബസി പ്രതിനിധിക്ക് കെെമാറണമെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിനോട് യുഎസ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്ക നിര്‍ദേശം നിരസിച്ചു.

Exit mobile version