Site iconSite icon Janayugom Online

ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് തുടക്കം; റഷ്യ‑യുഎസ് വാക്പോര്

ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പ്രധാന ചര്‍ച്ചാ വിഷയമായി റഷ്യ‑ഉക്രെയ്ന്‍ യുദ്ധം. അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യോഗത്തില്‍ റഷ്യയുമായി കൊമ്പു കോര്‍ത്തു. പരസ്പരം കുറ്റപ്പെടുത്തലിന് വേദിയായ യോഗത്തില്‍ സംയുക്ത പ്രസ്താവന ഉണ്ടായില്ല. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവും തമ്മില്‍ നേരിട്ടുള്ള വാക്‌പോരിനാണ് യോഗം വേദിയായത്. ലോകത്തെ അസ്ഥിരപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് ഇരുരാജ്യങ്ങളും പരസ്പരം പഴിചാരി. യുദ്ധം എത്രകാലം നീണ്ടാലും ഉക്രെയ്‌നെ സഹായിക്കുമെന്ന് അമേരിക്ക നിലപാടെടുത്തു. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ അവരുടെ സാമ്പത്തിക മാന്ദ്യത്തിന്റെ ഉത്തരവാദിത്വം റഷ്യക്കുമേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് റഷ്യ തിരിച്ചടിച്ചു. 

റഷ്യയും ചൈനയും ഉക്രെയ്ന്‍ യുദ്ധം സംയുക്ത പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നതിനെതിരെ ശക്തമായ നിലപാട് എടുത്തു. ബംഗളുരുവില്‍ നടന്ന ജി 20 ധനമന്ത്രിമാരുടെ യോഗത്തിന് സമാനമായായ നിലപാടാണ് ഇരു രാജ്യങ്ങളും സ്വീകരിച്ചത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഈ വിഷയത്തില്‍ കൃത്യമായ നിലപാട് എടുക്കാതെ മാറി നില്‍ക്കുകയാണ്. ഉക്രെയ്‌നുമായി ബന്ധപ്പെട്ട് നിരവധി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു. ഇക്കാര്യത്തില്‍ വിരുദ്ധ നിലപാടുകള്‍ തുടരുകയാണ്. അതിനാല്‍ സംയുക്ത പ്രസ്താവന ഉണ്ടാകില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.അഭിപ്രായ വ്യത്യാസങ്ങള്‍ മറികടന്ന് കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യ സുരക്ഷ, ഊര്‍ജ്ജ സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ക്ക് ചര്‍ച്ചകള്‍ ഊന്നല്‍ നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വീഡിയോ കോണ്‍ഫ്രന്‍സിങ്ങിലൂടെവിദേശകാര്യ മന്ത്രിമാരോട് അഭ്യര്‍ത്ഥിച്ചു. ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ്ങുമായി ഉഭയക്ഷി ബന്ധങ്ങളും അതിര്‍ത്തി മേഖലകളിലെ സമാധാനവും ചര്‍ച്ച ചെയ്തതായി എസ് ജയ്ശങ്കര്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ടേമുക്കാല്‍ വര്‍ഷമായി കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.

Eng­lish Summary;G20 for­eign min­is­ters’ meet­ing begins
You may also like this video

Exit mobile version