ജി20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് പങ്കെടുക്കാത്തതിൽ നിരാശനെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. മാധ്യമങ്ങളുടെ ചോദ്യത്തിനാണ് ബൈഡന്റെ മറുപടി. “ഞാൻ നിരാശനാണ്. എന്നാൽ ഉടനെ എനിക്ക് അദ്ദേഹത്തെ കാണാനാകും-ബൈഡൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ കൂടിക്കാഴ്ച എപ്പോൾ നടക്കുമെന്നത് സംബന്ധിച്ച് അദ്ദേഹം കൂടുതൽ വിശദാംശങ്ങൾ നൽകിയില്ല. ഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ ഷീ ജിൻ പിങ്ങിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ലീ ക്വിയാങ് പങ്കെടുക്കുമെന്നാണ് ചെെന ഔദ്യോഗികമായി അറിയിച്ചത്.
കഴിഞ്ഞ വർഷം ഇന്തോനേഷ്യയിൽ നടന്ന ഉച്ചകോടിയിലാണ് ബൈഡനും ഷീ ജിൻ പിങ്ങും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയിലേക്ക് ഷീ ജിൻ പിങ് എത്തുന്നില്ലെങ്കിൽ സാൻഫ്രാൻസിസ്കോയിൽ അമേരിക്ക ആതിഥേയത്വം വഹിക്കുന്ന എപിഇസി കോണ്‍ഫറന്‍സില്‍ ഇരുവർക്കും കൂടിക്കാഴ്ച നടത്താനുള്ള അവസരം ലഭിച്ചേക്കും. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ചൈനയും യുഎസും തമ്മിലുള്ള ബന്ധത്തിൽ തുടർന്നുപോരുന്ന അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഷീയുടെ പിന്മാറ്റമെന്നും മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ നവംബറിൽ ഇന്തോനേഷ്യൻ ദ്വീപായ ബാലിയിൽ ഷീയും ബൈഡനും ചർച്ച നടത്തി ഏകദേശം രണ്ട് മാസത്തിന് ശേഷമുണ്ടായ ചൈനീസ് ചാരബലൂൺ സംഭവം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കിയിരുന്നു. ഷിൻജിയാങ്ങിലെയും ഹോങ്കോങ്ങിലെയും മനുഷ്യാവകാശ പ്രശ്നങ്ങൾ, തായ്‌വാനിലെയും ദക്ഷിണ ചൈനാ കടലിലെയും പ്രാദേശിക അവകാശവാദങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ ഇപ്പോഴും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.
English Summary:G20: Joe Biden is disappointed that Xi Jinping did not come
You may also like this video