Site icon Janayugom Online

ജി 20 ഉച്ചകോടി : കാര്‍ഷിക മേഖല തകര്‍ച്ച അഭിസംബോധന ചെയ്തില്ല

ഏറെ കൊട്ടിഘോഷിച്ച് ഇന്ത്യയുടെ അധ്യക്ഷതയില്‍ തീരശീല വീണ ജി 20 ഉച്ചകോടിയില്‍ കാര്‍ഷിക രംഗത്തെ തകര്‍ച്ചയും അനുബന്ധ വിഷയങ്ങളും ചര്‍ച്ചയാക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. ഇന്ത്യ അടക്കമുള്ള അംഗം രാജ്യങ്ങളിലെ കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും കര്‍ഷകരുടെ ദുരിതവും അടക്കമുള്ള വിഷയങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ ഇടം പിടിക്കാതെ പോയി.

ചൈനീസ്- റഷ്യന്‍ പ്രസിഡന്റുമാരുടെ അഭാവത്തില്‍ മങ്ങിയ ഉച്ചകോടിയില്‍ അമേരിക്കന്‍ ആധിപത്യം പ്രകടമായത് ഇന്ത്യയുടെ ദാസ്യമനോഭാവനത്തിന് ആക്കം വര്‍ധിപ്പിക്കുകയും ചെയ്തു. ജി 20 ഉച്ചകോടിക്ക് മുമ്പ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ അഭിപ്രായ പ്രകടനം ഉച്ചകോടിയില്‍ അമേരിക്ക ഒന്നാം സ്ഥാനം വഹിക്കുമെന്നായിരുന്നു. ബൈഡന്റെ പ്രസ്താവന സാധുകരിക്കുന്നതാണ് ഉച്ചകോടിയില്‍ നടന്നതും. ഉച്ചകോടിക്ക് മുമ്പായി ജൂണില്‍ നടന്ന അംഗരാജ്യങ്ങളുടെ കാര്‍ഷിക മന്ത്രിമാരുടെ യോഗം ആഗോള ഭക്ഷ്യ പ്രതിസന്ധി സംബന്ധിച്ച് ഉത്കണ്ഠ രേഖപ്പെടുത്തിയിരുന്നു. റഷ്യയില്‍ നിന്നുള്ള ഗോതമ്പും , രാസവളവും അരങ്ങ് വാഴുന്ന ഭക്ഷ്യ കമ്പോളത്തില്‍ റഷ്യയെ മാറ്റിനിര്‍ത്തി മുന്നോട് പോകുക അസാധ്യമായ കാര്യമായതിനാല്‍ അത് മറികടക്കാനുള്ള ക്രിയാത്മകമായ ചര്‍ച്ചകളോ സംവാദങ്ങളോ ഉച്ചകോടിയില്‍ ഉണ്ടായില്ല. റഷ്യ- ഉക്രെന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ കരിങ്കടല്‍ വഴിയുള്ള ധാന്യ ഇടപാട് പുനരാംരഭിക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ ഓഫര്‍ റഷ്യ നിരസിക്കുക കൂടി ചെയ്തതോടെ ഭക്ഷ്യപ്രതിസന്ധിയുടെ ആഴം വര്‍ധിച്ചിരിക്കുകയാണ്. ഉച്ചകോടിക്ക് പിന്നാലെ അമേരിക്കയില്‍ നിന്നുള്ള ശീതികരിച്ച ടര്‍ക്കി. താറാവ്, ബ്ലുബെറി, ക്രാന്‍ബെറി അടക്കമുള്ള ഉല്പന്നങ്ങളുടെ ഇറക്കുമതി നികുതി ഇന്ത്യ വെട്ടിക്കുറച്ചത് അമേരിക്കന്‍ ദാസ്യത്തിന്റെ മറ്റൊരു പ്രതിഫലനമായി.

കാര്‍ഷിക ‑വ്യാപര മേഖലയില്‍ ഇന്ത്യയുമായുള്ള സഹകരണം വഴി നേട്ടം കൊയ്യുന്നത് അമേരിക്കന്‍ വിപണി തന്ത്രമാണെന്ന് കാര്‍ഷിക വിദഗ്ധര്‍ പറയുന്നു. ജൂണില്‍ നടന്ന ജി 20 കാര്‍ഷിക മന്ത്രിമാരുടെ യോഗത്തിനിടെയാണ് അമേരിക്കയില്‍ നിന്നുള്ള ചെറുപയര്‍, പയര്‍, ബദാം, ആപ്പിള്‍ എന്നീവയുടെ ഇറക്കുമതി തീരുവ ഇന്ത്യ വെട്ടികുറച്ചിരുന്നു. വര്‍ധിച്ച് വരുന്ന ഭക്ഷ്യ സുരക്ഷയും കാര്‍ഷിക പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള പ്രധാനപ്പെട്ട ഒരു വിഷയവും ചര്‍ച്ച ചെയ്യാതെ കൊടിയിറങ്ങിയ ഉച്ചകോടി കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും അനുബന്ധ പ്രശ്നങ്ങളും പാടെ വിസ്മരിക്കുന്നതായി തീര്‍ന്നു.

Eng­lish sum­ma­ry; G20 sum­mit: Agri­cul­ture sec­tor col­lapse not addressed

you may also like this video;

Exit mobile version