Site icon Janayugom Online

ജി 20 മാമാങ്കം തിളക്കം മങ്ങി

g20

മോഡി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച ജി 20 മാമാങ്കത്തിന്റെ തിളക്കം മങ്ങുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമീര്‍ പുടിന് പിന്നാലെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം. ഷി ജിന്‍പിങ്ങ് പങ്കെടുക്കില്ലെന്ന അഭ്യൂഹങ്ങള്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും ഇന്നാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. പകരം ചൈനീസ് പ്രധാനമന്ത്രി ലീ ചിയാങ്ങാകും യോഗത്തില്‍ ചൈനയെ പ്രതിനിധീകരിക്കുക. ചൈനീസ് വിദേശകാര്യ വകുപ്പാണ് ഹ്രസ്വ പ്രസ്താവനയില്‍ സ്ഥിരീകരണം പുറത്തു വിട്ടത്. ജിന്‍പിങ്ങ് ഉച്ചകോടിയില്‍ നിന്നും വിട്ടു നില്‍ക്കുന്നതിന്റെ വ്യക്തമായ കാരണങ്ങളൊന്നും വാര്‍ത്താക്കുറിപ്പില്‍ ഇല്ലെന്നതും ശ്രദ്ധേയം. 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ചേര്‍ന്നുള്ള ജി20 2012 ല്‍ രൂപീകൃതമായതു മുതല്‍ ഇതുവരെ ചൈന ഉച്ചകോടിയില്‍ നിന്നും വിട്ടു നിന്നിട്ടില്ല. എട്ട് മുതല്‍ 10 വരെയാണ് ജി 20 ഉച്ചകോടി ഡല്‍ഹിയില്‍ നടക്കുക. രാഷ്ട്രത്തലവന്മാരുടെ കൂട്ട പിന്മാറ്റം എന്തായാലും ഇന്ത്യക്ക് നാണക്കേടായി മാറിയിട്ടുണ്ട്. 

ഇന്ത്യാ ചൈന അതിര്‍ത്തി വിഷയങ്ങളും ബ്രിക്‌സ് ഉച്ചകോടിയിലെ മോഡി-ജിന്‍ പിങ്ങ് കൂടിക്കാഴ്ചയും ഒടുവില്‍ അരുണാചല്‍ അടക്കം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭൂപടവും ഉള്‍പ്പെടെ ചൈന ഉയര്‍ത്തുന്ന വെല്ലുവിളികളില്‍ ഇന്ത്യന്‍ പൊതു സമൂഹത്തിന് ആശങ്കയുണ്ട്. അതേസമയം അമേരിക്കന്‍ മേല്‍ക്കോയ്മയാകും ജി 20 ഉച്ചകോടിയില്‍ പ്രകടമാകുക എന്ന വിലയിരുത്തലാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ താല്പര്യങ്ങള്‍ യോഗത്തിലൂടെ അടിച്ചേല്‍പ്പിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് റഷ്യയും ചൈനയും യോഗത്തില്‍ നിന്നും പിന്‍വലിഞ്ഞു നില്‍ക്കുന്നതെന്ന നിരീക്ഷണം അന്താരാഷ്ട്ര തലത്തില്‍ ശക്തമാണ്.
ഉക്രെയ്ന്‍ യുദ്ധം സംബന്ധിച്ച് ജി 20 രാജ്യങ്ങള്‍ക്ക് ഇടയില്‍ നിലനില്‍ക്കുന്ന വിരുദ്ധ നിലപാടുകള്‍, കൂടുതല്‍ രാജ്യങ്ങളെ ജി 20ല്‍ ഉള്‍പ്പെടുത്തണമെന്നത് ഉള്‍പ്പെടെ ചൈന മുന്നോട്ടു വച്ച ആവശ്യങ്ങള്‍, ജി 20 രാഷ്ട്രങ്ങള്‍ക്ക് ഇടയില്‍ സമവായം സൃഷ്ടിക്കാന്‍ അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യക്ക് കഴിയാതെ പോകുന്നതിന്റെ ചിത്രമാണ് കൂടുതല്‍ വ്യക്തമാകുന്നത്. ഭക്ഷ്യ സുരക്ഷ, കടത്തില്‍ നിന്നും കരകയറല്‍, ആഗോള സഹകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി ഉച്ചകോടി ഊന്നല്‍ നല്‍കുന്ന വിഷയങ്ങളെയും പിന്നോട്ടടിക്കും. 

കേന്ദ്ര സര്‍ക്കാരും ബിജെപിയും കൊട്ടിഘോഷിച്ച ജി 20 അധ്യക്ഷ പദവിക്കും മോഡി പ്രഭാവത്തിനുമാണ് മങ്ങലേറ്റിരിക്കുന്നത്. ആഗോള സമാധാന വക്താവായി മോഡിയെ ഉയര്‍ത്തിക്കാട്ടാന്‍ നടത്തിയ ശ്രമങ്ങളും ഇതോടെ പാഴാകും. മോഡി നയതന്ത്രജ്ഞതയ്ക്ക് ആഗോള അംഗീകാരം നഷ്ടമാകുന്നതിന്റെ നേര്‍ക്കാഴ്ചയാകും യോഗത്തില്‍ പ്രതിഫലിക്കുക. 

You may also like this video

Exit mobile version