Site iconSite icon Janayugom Online

ഗഗന്‍യാന്‍: നിര്‍ണായക പരീക്ഷണം അടുത്ത മാസം

gaganyangaganyan

മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്റെ നിര്‍ണായക പരീക്ഷണങ്ങളില്‍ ഒന്ന് അടുത്ത മാസം ആദ്യം നടക്കും. പ്രൊജക്ട് ഡയറക്ടര്‍ ആര്‍ ഹുട്ടനാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതി വികസിപ്പിക്കുന്നതിന്റെ ഭാഗമായി നാല് ബഹിരാകാശ യാത്രികര്‍ക്ക് കൂടി ഐഎസ്ആര്‍ഒ പരിശീലനം നല്‍കുന്നുണ്ട്. ദൗത്യങ്ങള്‍ക്കായി കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കുമെന്നും ഹുട്ടണ്‍ പറഞ്ഞു.

ഒരു ബഹിരാകാശ പേടകത്തില്‍ മൂന്ന് സഞ്ചാരികളെ ഭൂമിയില്‍ നിന്ന് 400 കിമീ ഉയരത്തിലുള്ള ഭ്രമണ പഥത്തില്‍ എത്തിക്കാനാണ് ആദ്യ ഗഗന്‍യാന്‍ ദൗത്യത്തിലൂടെ ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. മൂന്ന് ദിവസമാണ് സഞ്ചാരികള്‍ ബഹിരാകാശത്ത് കഴിയുക. ശേഷം പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിക്കും.

ഗഗന്‍യാന്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാകുന്നതോടെ ബഹിരാകാശത്ത് സുസ്ഥിരമായ മനുഷ്യ സാന്നിധ്യം നേടാനുള്ള വഴികൾ പര്യവേക്ഷണം ചെയ്യുമെന്ന് ഐഎസ്ആർഒ അറിയിച്ചു. അടിയന്തര ഘട്ടങ്ങളില്‍ ബഹിരാകാശ യാത്രികര്‍ക്ക് രക്ഷപ്പെടാനുള്ള സംവിധാനങ്ങളുടെ പരീക്ഷണം നടത്താനാണ് ലക്ഷ്യമിടുന്നത്. സുരക്ഷ ഉറപ്പാക്കുകയാണ് പ്രധാന ദൗത്യമെന്നും ഹുട്ടന്‍ പറഞ്ഞു.
9,023 കോടി രൂപയാണ് പദ്ധതിയ്ക്കായി നീക്കിവച്ചിരിക്കുന്നത്. 2024 ന് മുമ്പായി ശ്രീഹരിക്കോട്ടയില്‍ നിന്ന് ഗഗന്‍യാന്‍ വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം പുറത്തുവിട്ടിട്ടില്ല. 2018ലാണ് ഗഗന്‍യാന്‍ പദ്ധതി പ്രഖ്യാപിക്കുന്നത്. 2022ല്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചിരുന്നത്. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വൈകുകയായിരുന്നു.

Eng­lish Sum­ma­ry: Gaganyan: Cru­cial test next month

You may also like this video

Exit mobile version