Site iconSite icon Janayugom Online

ഗജാനന്ദിന്റെ ത്രോ ഗ്രൗണ്ടിന് പുറത്ത്

സവിശേഷ പരിഗണന അർഹിക്കുന്നവരുടെ വിഭാഗത്തിൽ മിക്സഡ് സ്റ്റാൻഡിങ് ത്രോ മത്സര(14 വയസിന് മുകളിൽ)ത്തിൽ എതിരാളികളെ അമ്പരിപ്പിച്ച് ഗജാനന്ദിന്റെ ത്രോ. ഇടുക്കി ടീമിനായി കളത്തിലിറങ്ങിയ നെടുങ്കണ്ടം പഞ്ചായത്ത് യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ഗജാനന്ദ് സാഹുവെറിഞ്ഞ ത്രോയാണ് കായികാധ്യാപകരെയും മത്സരാർത്ഥികളെയും അത്ഭുതപ്പെടുത്തി ഗ്രൗണ്ടിന് പുറത്തേക്ക് പതിച്ചത്. 

ത്രോ ബോൾ മത്സരം ക്രമീകരിച്ചിരുന്ന സ്ഥലത്തിന് 30 മീറ്ററിലേറെ ദൂരം താണ്ടാനുള്ള ശേഷിയില്ലാതായതോടെയാണ് ബോൾ ഗ്രൗണ്ടിന് പുറത്തേക്ക് വീണത്. ഇതോടെ മത്സരാർഥികളുടെ കായികശേഷി മുൻകൂട്ടി അളന്ന സംഘാടകരുടെ കണക്കുകൂട്ടലും പാളി. ഗജാനന്ദ് സാഹു എറിഞ്ഞ ബോൾ ഗ്രൗണ്ടിന്റെ അതിർത്തിവേലിയും താണ്ടി മീറ്ററുകളോളം മുന്നോട്ട് പോയതോടെ അളക്കാനെത്തിയവരും വെട്ടിലായി. ആദ്യം വേലിക്ക് പുറത്തുനിന്നും തുടർന്ന് അകത്തുനിന്നും അളക്കാൻ ശ്രമിച്ചെങ്കിലും ഇവയെല്ലാം പരാജയപ്പെട്ടു. ഇതേതുടർന്ന് മത്സരം എങ്ങനെ തുടരണമെന്ന ആശങ്കയിലായി നടത്തിപ്പുകാർ. ഒടുവിൽ ത്രോ മത്സരത്തിന്റെ പിറ്റിന്റെ ദൂരം ഉയർത്താനായി എതിർ ദിശയിൽ ക്രമീകരിച്ച് ഗജാനന്ദിനെ കൊണ്ട് വീണ്ടും എറിയിപ്പിക്കുകയായിരുന്നു. എന്നാൽ ഈ ശ്രമത്തിൽ ആദ്യ ദൂരം പിന്നിടാൻ കഴിയാത്തത് ഗജാനന്ദിനും ഇടുക്കി ടീമിനും നിരാശ സമ്മാനിച്ചു. 

Exit mobile version