Site iconSite icon Janayugom Online

വാടക നൽകാൻ പണമില്ലാതെ വൃദ്ധദമ്പതികൾ സംരക്ഷണം ഏറ്റെടുത്ത് ഗാന്ധിഭവൻ

വാടക വീടിന് പണം നൽകാൻ സാഹചര്യമില്ലാതെ കഴിഞ്ഞ വൃദ്ധ ദമ്പതികളുടെ സംരക്ഷണം ചെറുതന ഗാന്ധിഭവൻ ഏറ്റെടുത്തു. ആലപ്പുഴ അരൂർ ശിവാലയത്തിൽ വിശ്വനാഥൻ പിള്ള(73) സരോജം(61) എന്നീ ദമ്പതികളെയാണ് ഗാന്ധിഭവൻ ഏറ്റെടുത്തത്. കെൽട്രോണിൽ ഡ്രൈവറായി ജോലി ചെയ്ത വിശ്വനാഥൻ അരൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ചപ്പോൾ കുറച്ചു സ്ഥലവും വീടും വാങ്ങി. ജോലി കാലാവധി കഴിഞ്ഞപ്പോൾ ഡ്രൈവറായി പല സ്ഥലങ്ങളിലും ജോലി നോക്കി. 9 വർഷം മുമ്പ് അരൂരിലെ സ്ഥലവും വീടും വിറ്റ് കിട്ടിയ പണവുമായി ഹരിപ്പാട് വാടകവീട്ടിൽ താമസിക്കുകയായിരുന്നു. കോവിഡ് വരുന്നത് വരെ ഡ്രൈവറായി പല സ്ഥലങ്ങളിൽ ജോലി ചെയ്തു. അതിനുശേഷം പ്രായാധിക്യം കാരണം ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമായി. 

നിലവിൽ വാടക നൽകാൻ നിവൃത്തിയില്ലാതെ വീട്ടിൽ നിന്നും ഇറങ്ങേണ്ട അവസ്ഥയായി. തുടർന്ന് കാർത്തികപ്പള്ളി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി മുമ്പാകെ തങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകി. ലീഗൽ സർവീസ് കമ്മിറ്റി അദാലത്തിൽ ഹരിപ്പാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, ഗാന്ധിഭവൻ, സാമൂഹ്യനീതി വകുപ്പ് എന്നിവരെ പങ്കെടുപ്പിച്ച് പരിഹാരത്തിനുള്ള ശ്രമം ആരംഭിച്ചു. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ ദമ്പതികളുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന് അറിയിച്ചു. മക്കളില്ലാത്ത വിശ്വനാഥനും സരോജത്തിനും അയൽവാസികളുടെ സഹായമായിരുന്നു ആകെ ആശ്രയം. സുഖമില്ലാതെ വരുമ്പോൾ ആശുപത്രിയിൽ അയൽവാസികൾ കൂടെ നിൽക്കുമായിരുന്നു. എല്ലാവരോടും യാത്ര പറഞ്ഞു നിറകണ്ണുകളോടെ ആണ് ഇരുവരും യാത്രയായത്. ഹരിപ്പാട് പോലീസ് സ്റ്റേഷൻ പബ്ലിക് റിലേഷൻ ഓഫീസർ രാജേഷ് ഖന്ന, സി. പി. ഒ. രാകേഷ്, സ്നേഹവീട് ചെയർമാൻ ജി. രവീന്ദ്രൻ പിള്ള, സുന്ദരം പ്രഭാകരൻ എന്നിവരുടെ സാന്നിധ്യത്തിൽഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജന്റെ നിർദേശാനുസരണം ഓർഗനൈസിങ് സെക്രട്ടറി മുഹമ്മദ് ഷെമീർ ദമ്പതികളെ ഏറ്റെടുത്തു.

Exit mobile version