Site iconSite icon Janayugom Online

ബിയര്‍ കാനില്‍ ഗാന്ധി ചിത്രം; പ്രതിഷേധം കനക്കുന്നു

റഷ്യന്‍ ബീയര്‍ കാനില്‍ ഗാന്ധി ചിത്രം ആലേഖനം ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. റഷ്യന്‍ നിര്‍മ്മാതാക്കളായ റിവോര്‍ട്ടാണ് രാഷ്ട്രപിതാവിന്റെ ചിത്രത്തോട് അനാദരവ് കാട്ടിയത്. ബീയര്‍ കാനിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളും കോണ്‍ഗ്രസ് നേതാക്കളും ഇതിനെതിരെ രംഗത്തുവന്നു. കാനിന്റെ ചിത്രം, ഒഡിഷ മുന്‍മുഖ്യമന്ത്രി നന്ദിനി സത്പതിയുടെ ചെറുമകന്‍ സുപര്‍ണോ സത്പതി ഓണ്‍ലൈനില്‍ പുറത്തുവിട്ടതോടെയാണ് പുറംലോകം അറിഞ്ഞത്. വിഷയം ഗൗരവമുള്ളതാണെന്നും ഇന്ത്യന്‍ അധികൃതര്‍ റഷ്യന്‍ കമ്പനിയോട് ചിത്രം നീക്കം ചെയ്യാന്‍ ആവശ്യപ്പെടണമെന്നും സുപര്‍ണോ സത്പതി പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനോട് വിഷയം ചര്‍ച്ച ചെയ്യണം. 

മദ്യവര്‍ജനത്തിന് അഹോരാത്രം പ്രയത്നിച്ച ഗാന്ധിയുടെ ചിത്രം ബീയര്‍ കാനില്‍ പ്രദര്‍ശിപ്പിച്ചത് അത്യന്തം ഹീനമായ നടപടിയാണ്. വിഷയത്തില്‍ സമൂഹ മാധ്യമങ്ങളിലും വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ലോകമാകെ ആരാധിക്കുന്ന മഹാത്മാവിന്റെ ചിത്രം മദ്യത്തിനൊപ്പം പ്രദര്‍ശിപ്പിച്ച കമ്പനി മാപ്പര്‍ഹിക്കുന്നില്ല. ഗാന്ധിയെ അവഹേളിക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്. ബീയറിന് മഹാത്മജി എന്ന് പേരു നല്‍കിയതും അംഗീകരിക്കനാവില്ലെന്ന് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു.

Exit mobile version