Site iconSite icon Janayugom Online

ബംഗളൂരുവില്‍ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു; ബിജെപി നേതാവ് ബൈരതി ബസവരാജ് ഉള്‍പ്പെടെ അഞ്ചാളുടെ പേരില്‍ കേസെടുത്തു

ബംഗളൂരുവില്‍ ഗുണ്ടാനേതാവും, റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുമായ യുവാവിനെ വെട്ടിക്കൊന്നു. ഹലസുരു സ്വദേശി ശിവകുമാര്‍ എന്ന ബികലു ശിവു (40) ആണ് മരിച്ചുത്.സംഭവത്തില്‍ ബിജെപി എംഎല്‍എയും മുന്‍മന്ത്രിയുമായ ബൈരതി ബസവരാജ് ഉള്‍പ്പെടെ അഞ്ചാളുടെ പേരില്‍ കേസെടുത്തു. ജഗദീഷ്, കിരണ്‍, വിമല്‍, അനില്‍ എന്നിവരാണ് മറ്റ് പ്രതികള്‍ .ശിവകുമാറിന്റെ അമ്മ വിജയലക്ഷ്മി നല്‍കിയ പാരിതിയിലാണ് കേസ് . 

എംഎല്‍എ കൂടിയായ ബിജെപി നേതാവിന്റേ പ്രേരണയെത്തുടര്‍ന്നാണ് കൊലപാതകമെന്ന് പരാതിയില്‍ പറയുന്നു.ഭാരതിനഗറിലെ വീടിനുപുറത്തു നില്‍ക്കുകയായിരുന്ന ശിവകുമാറിനെ ബൈക്കുകളിലും കാറിലുമെത്തിയ സംഘമാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഘത്തില്‍ ഒന്‍പതുപേരുണ്ടായിരുന്നെന്നാണ് സൂചന. ചൊവ്വാഴ്ചരാത്രി എട്ടുമണിയോടെയായിരുന്നു ആക്രമണം. കൊലയ്ക്കുശേഷം സംഘം രക്ഷപ്പെട്ടു. ശിവകുമാര്‍ 2023‑ല്‍ കിത്തഗനൂരില്‍ വാങ്ങിയ സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം.

ഈ സ്ഥലത്തിന്റെപേരില്‍ ബൈരതി ബസവരാജ് എംഎല്‍എ, ജഗദീഷ്, കിരണ്‍ എന്നിവരില്‍നിന്ന് ഭീഷണി നേരിട്ടിരുന്നതായി ഇയാള്‍ പോലീസില്‍ പരാതിനല്‍കിയിട്ടുണ്ട്. പത്തിലധികം ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട ശിവകുമാറെന്ന് പൊലീസ് പറഞ്ഞു. എംഎല്‍എയുടെ പേരിലുള്‍പ്പെടെ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അഞ്ചാംപ്രതിയാണ് എംഎല്‍എ.

Exit mobile version