പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ചോദ്യംചോദിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ബിജെപി അനുകൂലികളുടെ കടുത്ത സൈബര്‍ ആക്രമണം.
ഇന്ത്യയിലെ ന്യൂനപക്ഷം നേരിടുന്ന വിവേചനം സംബന്ധിച്ച ചോദ്യം ഉന്നയിച്ച വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടര്‍ സബ്രിന സിദ്ദിഖിന് നേര്‍ക്കാണ് ഹിന്ദു തീവ്രവാദ ഗ്രൂപ്പുകള്‍ സമൂഹ മാധ്യമങ്ങളിലുടെ ആക്രമണം നടത്തിയത്. ട്വിറ്റര്‍ വഴിയാണ് സൈബര്‍ ആക്രമണം ഏറെയും നടത്തിയിരിക്കുന്നത്.
യുഎസ് സന്ദര്‍ശനത്തിനിടെ മോഡി ആകെ രണ്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മാത്രമാണ് മറുപടി നല്‍കിയത്. ഇതില്‍ ആദ്യം അവസരം ലഭിച്ച സബ്രിനയുടെ ചോദ്യം ഇന്ത്യയിലെ ന്യൂനപക്ഷം നേരിടുന്ന അതിക്രമം സംബന്ധിച്ചായിരുന്നു. ലോകത്ത് ഏറ്റവും അധികം സൗകര്യത്തില്‍ ജീവിക്കുന്ന ന്യൂനപക്ഷം ഇന്ത്യയിലാണെന്നായിരുന്നു മോഡിയുടെ മറുപടി. തുടര്‍ന്ന് അവസരം ലഭിച്ച ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ കാലവസ്ഥ വ്യതിയാനം സംബന്ധിച്ച ചോദ്യമാണ് ഉന്നയിച്ചത്.
ന്യൂനപക്ഷം നേരിടുന്ന അതിക്രമം സംബന്ധിച്ച ചോദ്യം തീവ്രഹിന്ദു വിഭാഗം ദഹിച്ചിട്ടില്ല എന്നുള്ളതിന്റെ തെളിവാണ് സൈബര്‍ ആക്രമണത്തിലുടെ പുറത്തുവന്നിരിക്കുന്നത്. മുസ്ലിം നാമധാരിയായ സബ്രിനയുടെ വേരുകള്‍ പാകിസ്ഥാനിലാണെന്നും മാതാപിതാക്കളില്‍ ഒരാള്‍ പാക് വംശജനാണന്നും ഉളള തരത്തിലാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബിജെപി ഐടി വിഭാഗം തലവന്‍ അമിത് മാളവ്യ അടക്കമുള്ള വ്യക്തികളാണ് സബ്രിനയെ അധിക്ഷേപിച്ച് രംഗത്തുവന്നത്. സബ്രിനയുടെ ചോദ്യം പരപ്രേരണയില്‍ നിന്നു വന്നതാണെന്നും അതിന് ചുട്ട മറുപടി മോഡി നല്‍കിയെന്നും മാളവ്യ ട്വിറ്ററില്‍ പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പോസ്റ്ററുമായി പ്രത്യക്ഷപ്പെടുന്ന സബ്രിന തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തളളിക്കളഞ്ഞു. എന്റെ ചരിത്രം ചികയാന്‍ വരുന്നവര്‍ക്ക് പൂര്‍ണമായ ചിത്രം നല്‍കുമെന്നും , വ്യക്തിസ്വത്വം നേരില്‍ കാണുന്നതിനെക്കാള്‍ വ്യത്യസ്തമായിരിക്കുമെന്നും സബ്രിന അഭിപ്രായപ്പെട്ടു. ഒമ്പത് വര്‍ഷത്തെ ഭരണത്തിനിടയില്‍ രാജ്യത്ത് ഒരിക്കല്‍പോലും മാധ്യമപ്രവര്‍ത്തകരെ നേരിടാന്‍ ധൈര്യം കാട്ടാത്ത മോഡിയോടുളള സബ്രിനയുടെ ചോദ്യം ബിജെപിയെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.